ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച)
ജോലിക്കു് ആളെ ആവശ്യപ്പെട്ടുകൊണ്ടു പത്രങ്ങളില്‍ പരസ്യം ചെയ്യും. ഇന്ന ഡിഗ്രി, സ്വഭാവ സര്‍ട്ടിഫിക്കറ്റു്, ഇത്ര നീളം, വണ്ണം ഇതൊക്കെ ആവശ്യമുണ്ടെന്നു് അതില്‍ കാണിച്ചിരിക്കും. അതനുസരിച്ചു കിട്ടുന്ന അപേക്ഷകരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും. ചിലര്‍ എല്ലാറ്റിനും ഉത്തരം പറഞ്ഞു എന്നു വരില്ല. എന്നാല്‍ അങ്ങനെയുള്ള ചിലരെയും എടുത്തു കാണുന്നു. ഇന്റര്‍വ്യൂ ചെയ്ത ആളിന്റെ മനസ്സില്‍ ഉണ്ടായ അലിവാണു് അതിനു കാരണം. അതാണു് ഈശ്വരകൃപ. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞാലും എല്ലാ യോഗ്യതകളും ഉണ്ടെങ്കിലും പലരെയും എടുത്തു കാണാറുമില്ല. കാരണം ഇന്റര്‍വ്യൂ ചെയ്ത മനുഷ്യന്റെ ഉള്ളിലുള്ള ഈശ്വരകൃപ അവര്‍ക്കു ലഭിക്കാതെ പോയി. പ്രയത്‌നമുണ്ടെങ്കിലും ആ കൃപ കൂടി ഉണ്ടെങ്കിലേ പൂര്‍ണ്ണമാവുകയുള്ളൂ എന്നാണു് ഇതു വ്യക്തമാക്കുന്നതു്. ഈ കൃപ നമ്മള്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളെ ആശ്രയിച്ചിരിക്കും. നമ്മുടെ അഹങ്കാരമാണു കൃപ ലഭിക്കാന്‍ തടസ്സമായി നില്ക്കുന്നതു്.

നമ്മള്‍ ഒറ്റപ്പെട്ട വെറും ദ്വീപല്ല, ഒരു ചങ്ങലയിലെ കണ്ണികള്‍ പോലെ പരസ്പരം ബന്ധിക്കപ്പെട്ടതാണു നമ്മുടെ ജീവിതം. നമ്മള്‍ ജീവശൃംഖലയുടെ ഭാഗമാണു്. നമ്മുടെ ഓരോ കര്‍മ്മവും അറിഞ്ഞോ, അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടു്. ‘മറ്റുള്ളവര്‍ നന്നായിട്ടു ഞാന്‍ നന്നാകാം’ എന്നു ചിന്തിക്കുന്നതു ശരിയായ രീതിയല്ല. അവരു മാറിയില്ലെങ്കിലും നമ്മള്‍ മാറുവാന്‍ തയ്യാറാകണം. പലരും ചിന്തിക്കുന്നതു ‘മറ്റുള്ളവര്‍ നന്നായിട്ടു, ഞാന്‍ നന്നായാല്‍ പോരേ’ എന്നാണു്. തിര അടങ്ങിയിട്ടു സമുദ്രത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതുപോലെയാണിതു്. മറ്റുള്ളവര്‍ നന്നാകാന്‍വേണ്ടി കാത്തുനില്ക്കാതെ, നമ്മള്‍ സ്വയം നന്നാകുവാനാണു ശ്രമിക്കേണ്ടതു്. അപ്പോള്‍ മറ്റുള്ളവരിലും മാറ്റം കാണുവാന്‍ കഴിയും. നമ്മില്‍ നന്മ വളര്‍ത്താന്‍ കഴിഞ്ഞാല്‍ എവിടെയും നമുക്കു നന്മ മാത്രമേ കാണുവാന്‍ കഴിയൂ. അതിനാല്‍, ഓരോ വാക്കിലും ചിന്തയിലും പ്രവൃത്തിയിലും നമ്മള്‍ ജാഗ്രതയുള്ളവരായിരിക്കണം. നമ്മുടെ ജീവിതത്തില്‍ കാരുണ്യം നിറഞ്ഞുനില്ക്കണം. സാധുക്കളെ സഹായിക്കാനുള്ള മനസ്സുണ്ടാകണം. തിന്മയില്ലാത്തവര്‍ ആരുമില്ല. എന്നാല്‍ ഏതൊരാളിലും തിന്മ കാണുമ്പോള്‍ ഉടനെതന്നെ നമുക്കു നമ്മിലേക്കു നോക്കുവാന്‍ കഴിയണം. അപ്പോള്‍ ഇതൊക്കെ നമ്മിലുമുണ്ടാകാറുണ്ടെന്നു് അറിയുവാന്‍ കഴിയും. ആരെങ്കിലും ദ്വേഷി ച്ചാല്‍ക്കൂടി അവരു വളര്‍ന്നുവന്ന സംസ്‌കാരം അങ്ങനെയായിരിക്കാം എന്നു കണ്ടു ക്ഷമിക്കാന്‍ കഴിയും. അതിനുള്ള ശക്തി കിട്ടും. ഈ ക്ഷമ നമ്മളില്‍ നല്ല ചിന്തയും നല്ല വാക്കും നല്ല കര്‍മ്മങ്ങളും ഉണ്ടാകുവാന്‍ സഹായിക്കും.
ഈ രീതിയിലുള്ള നല്ല കര്‍മ്മങ്ങളാണു് അവിടുത്തെ കൃപ നമ്മിലേക്കെത്തിക്കുന്നതു്. നല്ല കര്‍മ്മത്തിനു നല്ലഫലമെന്ന പോലെ ചീത്തകര്‍മ്മത്തിനു ചീത്തഫലമേ ലഭിക്കുകയുള്ളൂ. അങ്ങനെയാണു ദുഃഖമുണ്ടാകുന്നതു്. അതിനാല്‍ നമ്മുടെ കര്‍മ്മങ്ങള്‍ നന്നായിരിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ ഈശ്വരകൃപ നമ്മിലേക്കു പ്രവഹിക്കും. അവിടുത്തെ കൃപയ്ക്കു പാത്രമായാല്‍ ജീവിതം ദുഃഖമാണെന്നു് ഒരിക്കലും പരാതി പറയേണ്ടി വരില്ല. ജീവിതം ക്ലോക്കിന്റെ പെന്‍ഡുലംപോലെയാണു്. രണ്ടു ദിശയിലേക്കും അതു പൊയ്‌ക്കൊണ്ടിരിക്കും സുഖത്തിലേക്കും ദുഃഖത്തിലേക്കും. എന്നാല്‍ ഇവയെ സമന്വയിപ്പിച്ചു മുന്നോട്ടു പോകണമെങ്കില്‍ ആദ്ധ്യാത്മികം അറിഞ്ഞിരിക്കണം. ഇതിലൂടെ രണ്ടിടത്തേക്കുമുള്ള ആയമെടുപ്പു നമുക്കു് ഒഴിവാക്കാന്‍ സാധിക്കും. ആദ്ധ്യാത്മികം മനസ്സിലാക്കുന്നതിലൂടെ ഓരോന്നിന്റെയും സ്വഭാവം അറിഞ്ഞു മുന്നോട്ടുപോകുവാന്‍ സാധിക്കും. അതിനു സഹായിക്കുന്നതാണു ധ്യാനം. അമിട്ടു പൊട്ടുമെന്നറിഞ്ഞു നിന്നാല്‍ പേടിച്ചു ഞെട്ടേണ്ടതില്ല. ലോകത്തിന്റെ സ്വഭാവം ഇന്നതാണെന്നറിഞ്ഞു നീങ്ങുമ്പോള്‍ നിസ്സാരകാര്യങ്ങള്‍ക്കു മുന്നില്‍ തളര്‍ന്നു വീഴില്ല.
എത്ര ദുഷ്ടനെന്നു പറയുന്ന വ്യക്തിയിലും നന്നാകുവാനുള്ള ശക്തിയുണ്ടു്. ഒരു ഈശ്വരീയഗുണമെങ്കിലും ഇല്ലാത്ത മനുഷ്യരില്ല. നമ്മള്‍ ക്ഷമിക്കുകയാണെങ്കില്‍ അവരിലെ ഈശ്വരത്വത്തെ ഉണര്‍ത്തി എടുക്കുവാന്‍ സാധിക്കും. ഈ ഒരു മനോഭാവം നമ്മില്‍ വളര്‍ത്താനാണു നമ്മള്‍ ശ്രദ്ധിക്കേണ്ടതു്. എവിടെയും നന്മ ദര്‍ശിക്കുവാനുള്ള ഒരു മനസ്സു് നമ്മില്‍ വളര്‍ന്നു കഴിയുന്നതോടെ ഈശ്വരകൃപ നമ്മില്‍ വന്നു നിറയും. ആ കൃപയാണു് ഏതൊരാളുടെയും ജീവിതവിജയത്തിനു് ആധാരം.
(തുടരും…………)