ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച)
ഈശ്വരന്റെ കൃപ കിട്ടാന്‍, ആദ്യം നമുക്കു് ആത്മകൃപയാണു് ആവശ്യം. അതാണു് അഹങ്കാരമില്ലായ്മ. അതിനാണു് അമ്മ എപ്പോഴും പറയുന്നതു്, ”മക്കളേ, ഒരു തുടക്കക്കാരനായിരിക്കൂ” എന്നു്. ഒരു തുടക്കക്കാരനെന്ന ഭാവം നമ്മുടെ അഹങ്കാരത്തിന്റെ പത്തികളെ ഒതുക്കിവയ്ക്കും. തുടക്കക്കാരനായിരിക്കുക എന്നാല്‍ എന്നും പുരോഗതിയില്ലാതെ ഇരിക്കുക എന്നാണോ അര്‍ത്ഥമാക്കുന്നതെന്നു ചിന്തിക്കാം. സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ജോലി നോക്കുമ്പോള്‍ എങ്ങനെ നീങ്ങണം എന്നു സംശയം തോന്നാം. ഓരോന്നിനും അതിന്റെതായ ധര്‍മ്മമുണ്ടു്. അതനുസരിച്ചു തന്നെ നീങ്ങണം. ഒരു പശു വന്നു ചെടികള്‍ കടിച്ചു തിന്നുമ്പോള്‍, ”പശുവേ, പശുവേ” എന്നു പതുക്കെപ്പറഞ്ഞു കൊണ്ടു നില്ക്കുകയല്ല വേണ്ടതു്. ”ഓടു പശുവേ” എന്നു ഗൗരവത്തില്‍ ഉറക്കെപ്പറയുമ്പോള്‍, ആ ശബ്ദം കേട്ടു് അതു പോകും. അങ്ങനെ ചെയ്യുന്നതിനെ അഹങ്കാരമെന്നു പറയുവാനാവില്ല. മറ്റൊന്നിന്റെ അറിവില്ലായ്മയെ തിരുത്തിക്കൊണ്ടുവരുവാനുള്ള ഭാവമാണു്. അതില്‍ തെറ്റില്ല.
എന്നാല്‍ ഉള്ളില്‍ എപ്പോഴും നമ്മള്‍ തുടക്കക്കാരനായിരിക്കണം. അ തോടൊപ്പം ഉള്ളിന്റെയുള്ളില്‍ ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കുവാന്‍ സാധിക്കണം. ഇന്നുള്ളവരുടെ ശരീരം വളര്‍ന്നു, പക്ഷേ, മനസ്സു് വളര്‍ന്നില്ല. മനസ്സു് വളര്‍ന്നു വിശ്വത്തോളം വളരാന്‍ ആദ്യം കുഞ്ഞാകണം, കുഞ്ഞിനേ, വളരാന്‍ കഴിയൂ. എന്നാല്‍ ഇന്നുള്ള മനസ്സു് അഹങ്കാരത്തിന്റെ മനസ്സാണു്. നമ്മുടെ പ്രയത്‌നം നമ്മിലെ അഹങ്കാരത്തിന്റെ നാശത്തിനാകണം. മറ്റുള്ളവരുമായുള്ള ശരിയായ ട്യൂണിങ്ങ് ആണതു്. ഒരു ഇടുങ്ങിയ റോഡില്‍ക്കൂടി രണ്ടു കാറുകള്‍ നേര്‍ക്കു നേരെ വരുകയാണു്. ഞാന്‍ മാറില്ല, ഞാന്‍ മാറില്ല എന്നു രണ്ടു പേരും വാശിപിടിച്ചാല്‍ ആര്‍ക്കും മുന്നോട്ടു പോകുവാന്‍ കഴിയില്ല. അതേ സമയം ആരെങ്കിലും ഒരാള്‍ പിന്നിലേക്കു മാറുവാന്‍ തയ്യാറായാല്‍, രണ്ടുപേര്‍ക്കും മുന്നോട്ടു പോകുവാന്‍ കഴിയും. ഇവിടെ ക്ഷമിച്ചവനും അതു സ്വീകരിച്ചവനും മുന്നോട്ടു പോകുവാനായി. അതാണു പറയുന്നതു ക്ഷമിക്കല്‍ മുന്നോട്ടുള്ള ഗമിക്കല്‍ ആണെന്നു്. അതു ക്ഷമിക്കുന്നവരെയും സ്വീകരിക്കുന്നവരെയും ഉയരങ്ങളിലേക്കു കൊണ്ടുപോകും. എപ്പോഴും പ്രായോഗികം നോക്കി വേണം മുന്നോട്ടു നീങ്ങുവാന്‍.
അഹങ്കാരം എപ്പോഴും പുരോഗതിക്കു തടസ്സമാണു്.
ഈശ്വരനു നമ്മോടു കാരുണ്യം മാത്രമേയുള്ളൂ. നമ്മുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചു ലഭിക്കേണ്ടതിലുമുപരി കൃപ അവിടുന്നു നമ്മില്‍ സദാ ചൊരിയുന്നു. ഈശ്വരന്‍ വെറും ഒരു ജഡ്ജിയല്ല. നല്ല കര്‍മ്മത്തിനു നല്ല ഫലവും ചീത്ത കര്‍മ്മത്തിനു ചീത്ത ഫലവും വിധിക്കാന്‍ മാത്രമായിരിക്കുന്ന വെറും ഒരു ന്യായാധിപനല്ല ഈശ്വരന്‍. അവിടുന്നതിലുമുപരി കൃപാലുവാണു്. നമ്മുടെ തെറ്റുകള്‍ ക്ഷമിച്ചു നമ്മില്‍ കാരുണ്യം വര്‍ഷിക്കുന്ന കൃപാനിധിയാണു് ഈശ്വരന്‍. പക്ഷേ, നമ്മുടെ ഭാഗത്തുനിന്നും അല്പമെങ്കിലും പ്രയത്‌നമുണ്ടായെങ്കിലേ അവിടുത്തേക്കു നമ്മെ രക്ഷിക്കാനാവൂ. നമ്മില്‍ പ്രയത്‌നമൊന്നും ഉണ്ടാവുന്നില്ലെങ്കില്‍ കാരുണ്യമൂര്‍ത്തിയായ അവിടുന്നു വര്‍ഷിക്കുന്ന കൃപ നമുക്കു സ്വീകരിക്കാനാകാതെ പോവും. അതവിടുത്തെ കുറ്റമല്ല; നമ്മുടെ കുറ്റമാണു്. സ്വയംവരസമയത്തു രുക്മിണി കൈ നീട്ടിക്കൊടുത്തതുകൊണ്ടാണു ശ്രീകൃഷ്ണനു രുക്മിണിയെ തേരിലേക്കു പിടിച്ചുയര്‍ത്തുവാനായതു്. അതുപോലെ ഏതിനും നമ്മുടെതായ ഒരു ആയമെടുപ്പു് എപ്പോഴും ആവശ്യമാണു്.
(തുടരും………)