ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം?

ഒരു നല്ല ഗുണമെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക

അമ്മ: അങ്ങനെയല്ല, നമ്മില്‍ ഒരു നല്ല ഗുണം വളര്‍ത്താന്‍ ശ്രമിച്ചാല്‍, ബാക്കി ഗുണങ്ങള്‍ സ്വാഭാവികമായി വന്നുചേരും എന്നാണു് ആ പറഞ്ഞതിനു് അര്‍ത്ഥമാക്കേണ്ടത്. ഒരിക്കല്‍ ഒരു സ്‌ത്രീക്കു ചിത്രരചനയില്‍ ഒന്നാം സ്ഥാനം കിട്ടി. അവര്‍ക്കു സമ്മാനമായി ലഭിച്ചതു വളരെ മനോഹരമായ ഒരു തൂക്കു വിളക്കാണു്. സ്ഫടികത്തില്‍ നിര്‍മ്മിച്ചു ചിത്രപ്പണികള്‍ ചെയ്ത വിളക്കു്. അതു് അവര്‍ സ്വീകരണമുറിയില്‍ തൂക്കിയിട്ടു. അതിന്റെ സൗന്ദര്യം നോക്കി നില്ക്കുമ്പോഴാണവര്‍ ഭിത്തിയിലെ പെയിന്റൊക്കെ ഇളകിക്കിടക്കുന്നതു കണ്ടതു്. എന്തോ ഒരു അഭംഗി. അവര്‍ മുറിയാകെ പെയിന്റടിക്കാന്‍ തീരുമാനിച്ചു. പെയിന്റടിച്ചു കഴിഞ്ഞപ്പോഴാണു്, ജനലിലെ കര്‍ട്ടന്‍ അഴുക്കായിരിക്കുന്നതു ശ്രദ്ധിച്ചുതു്. ഉടന്‍തന്നെ അവയൊക്കെ കഴുകിയിട്ടു. അപ്പോഴാണു തറയില്‍ വിരിച്ചിരുന്ന ഷീറ്റിലെ നാരുകള്‍ പഴക്കം കാരണം എഴുന്നു നില്ക്കുന്നതു കണ്ടതു്. അതു മാറ്റി, പുതിയ ഒരെണ്ണം വിരിച്ചു. അവസാനം, അതൊരു പുതിയ മുറി പോലെയായി. ഒരു നല്ല വിളക്കു തൂക്കിയിട്ടതില്‍ തുടങ്ങിയതാണു്. അതു മുറിയെ ആകെ വൃത്തിയിലേക്കു നയിച്ചു. അതു പോലെ നമ്മള്‍ ജീവിതത്തില്‍ ഒരു നല്ല കാര്യം അനുഷ്ഠിക്കാന്‍ തുടങ്ങിയാല്‍, അനേകം ഗുണങ്ങള്‍ സ്വാഭാവികമായും നമ്മില്‍ വന്നു ചേരും. പിന്നീടുള്ളതു് ഒരു പുനര്‍ജ്ജന്മമായിരിക്കും. കാരണം ഈശ്വരന്‍ എന്നതു് എല്ലാ സദ്ഗുണങ്ങളുടെയും ആകെത്തുകയാണു്. ഏതെങ്കിലും ഒന്നിനെ ഉള്‍ക്കൊണ്ടാല്‍ മറ്റുള്ള സദ്ഗുണങ്ങള്‍ വന്നു കൊള്ളും. പക്ഷേ, തുടക്കത്തില്‍ ഒരു നല്ല ഗുണമെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ നമ്മള്‍ ശ്രമിക്കണം. എങ്കിലേ, ഇതു സാദ്ധ്യമാകൂ.

കുട്ടികള്‍ക്കു പരീക്ഷയില്‍ ജയിക്കാന്‍വേണ്ടി മോഡറേഷന്‍ കൊടുക്കും. എല്ലാവര്‍ക്കും മോഡറേഷനുണ്ടെങ്കിലും, അതു കിട്ടണമെങ്കില്‍ ഇത്ര മാര്‍ക്കു വാങ്ങിയിരിക്കണം എന്നുണ്ടു്; ഒന്നും പഠിക്കാത്തവര്‍ക്കു കിട്ടില്ല. അതിനാല്‍ കുട്ടികളുടെ ഭാഗത്തുനിന്നു കൂടി പ്രയത്‌നം ആവശ്യമാണു്. അതുപോലെ, ഈശ്വരന്‍ എപ്പോഴും നമ്മില്‍ കൃപ വര്‍ഷിക്കുന്നുവെങ്കിലും, അതു നമുക്കു പ്രയോജനപ്പെടണമെങ്കില്‍, അല്പം പ്രയത്‌നം നമ്മില്‍നിന്നു കൂടിയുണ്ടാകണം. ഈശ്വരന്‍ കൃപ ചൊരിഞ്ഞാലും അതു സ്വീകരിക്കുവാനുള്ള മനസ്സു് നമ്മിലില്ലെങ്കില്‍ പ്രയോജനമില്ല. പകല്‍നേരം മുറിയുടെ വാതിലുകള്‍ എല്ലാം അടച്ചിട്ടതിനുശേഷം എനിക്കുമാത്രം സൂര്യന്‍ പ്രകാശം തരുന്നില്ല എന്നു പറഞ്ഞിട്ടു കാര്യമില്ല. സൂര്യന്റെ പ്രകാശം എവിടെയുമുണ്ടു്. അതു കിട്ടുവാന്‍ വാതിലുകള്‍ തുറന്നാല്‍ മാത്രം മതി. അതുപോലെ അവിടുന്നു നമ്മില്‍ സദാ കൃപ ചൊരിയുന്നു. അതു ലഭിക്കുവാന്‍ നമ്മുടെ ഹൃദയത്തിന്റെ അടഞ്ഞ വാതിലുകള്‍ തുറക്കണം. അതിനാല്‍ ഈശ്വരന്റെ കൃപയെക്കാളുപരി, ആദ്യം നമ്മുടെ മനസ്സിന്റെ കൃപ നമുക്കു കിട്ടണം. അവിടുന്നു കൃപാലുവാണു്. നമ്മുടെ മനസ്സിന്റെ കൃപയില്ലായ്മയാണു് അവിടുത്തെ കൃപ ഉള്‍ക്കൊള്ളുന്നതിനു തടസ്സമായി നില്ക്കുന്നതു്.

ഒരാള്‍, നമുക്കു് ഒരു വസ്തു തരുവാനായി നീട്ടുന്ന സമയം, നമ്മള്‍ അഹങ്കാരത്തോടെ നിന്നാല്‍, ”ഓ, ഇവന്‍ ഇത്ര അഹങ്കാരിയാണല്ലേ; ഇവനിതു കൊടുക്കേണ്ട, മറ്റാര്‍ക്കെങ്കിലും നല്കാം” എന്നു വിചാരിച്ചു് അതു തിരിച്ചെടുക്കും. അവിടെ ആത്മകൃപ നമുക്കു ലഭിക്കാതെ പോയി. ഒരു സാധനം ഒരാള്‍ നല്കുവാന്‍ ഭാവിച്ചെങ്കിലും, നമ്മിലെ അഹങ്കാരം കാരണം അതു നഷ്ടമായി. നമുക്കു ലഭിക്കേണ്ടതായ കൃപ, നമ്മുടെ മനസ്സു് കനിയാതിരുന്നതു കാരണം സ്വീകരിക്കുവാനായില്ല. ചില അവസരങ്ങളില്‍ നമ്മുടെ വിവേകബുദ്ധി പറയും, ‘ഇങ്ങനെ ചെയ്യൂ’ എന്നു്. പക്ഷേ, മനസ്സു് സമ്മതിക്കില്ല. ബുദ്ധി പറയും, ”നീ വിനയം കാണിക്കൂ”, എന്നു്. അപ്പോള്‍ മനസ്സു് പറയും, ”ഇല്ല, അങ്ങനെ വിനയം കാണിച്ചാല്‍ ശരിയാവില്ല. അവന്റെ മുന്നില്‍ എനിക്കു തല കുനിക്കാന്‍ പറ്റില്ല.” ഫലമോ, നേടാമായിരുന്ന വസ്തുക്കള്‍ നഷ്ടമാകും. സാധിക്കാമായിരുന്ന കാര്യങ്ങള്‍ നടക്കാതെ പോകും. 

(തുടരും…….)