ചോദ്യം : ഈ ലോകത്തു ജീവിച്ചുകൊണ്ടുതന്നെ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുമോ? (തുടർച്ച)
ഒരിടത്തു് ഒരു പിതാവിനു നാലു മക്കളുണ്ടായിരുന്നു. അച്ഛനു പ്രായം ചെന്നപ്പോള്‍ മക്കള്‍ ഓഹരി വയ്ക്കാന്‍ നിര്‍ബ്ബന്ധിച്ചു. അവര്‍ക്കു സ്വന്തമായി വീടുവയ്ക്കണം. ഓഹരി വച്ചാല്‍ മാത്രമേ അതിനു കഴിയൂ. ”അച്ഛന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം, ഞങ്ങള്‍ നാലു പേരുണ്ടല്ലോ. മൂന്നു മാസം വീതം ഞങ്ങളുടെ ഓരോരുത്തരുടെയും വീട്ടില്‍ വന്നു് അച്ഛനു സന്തോഷത്തോടെ കഴിയാം.” മക്കള്‍ നാലുപേരും ഒരുപോലെ ഇതു പറഞ്ഞപ്പോള്‍ അച്ഛനും സന്തോഷമായി. വീതം വച്ചു, വീടും പറമ്പും ഒരു മകനു കൊടുത്തു. മറ്റു മൂന്നു പേര്‍ക്കു സ്ഥലവും. അവരവര്‍ക്കു ലഭിച്ച സ്ഥലത്തു് അവര്‍ വീടു വച്ചു.
വീതംവപ്പു കഴിഞ്ഞു് അച്ഛന്‍ മൂത്ത മകന്റെ വീട്ടില്‍ താമസി ക്കാനായി ചെന്നു. ആദ്യദിവസങ്ങളില്‍ വലിയ സ്വീകരണമായിരുന്നു. അതു ക്രമേണ കുറഞ്ഞു വന്നു. അച്ഛനെ ശുശ്രൂഷിക്കുന്നതില്‍ കാട്ടിയ ആദ്യത്തെ ഉത്സാഹമൊക്കെ തണുത്തു. ഓരോ ദിവസം കഴിയുന്തോറും മകന്റെയും മരുമകളുടെയും മുഖം കറുത്തു വന്നു. അച്ഛന്‍ ഒരുവിധം കടിച്ചു പിടിച്ചു് ഒരു മാസം അവിടെ നിന്നു. ഇറങ്ങിപ്പോ എന്നു പറയുന്നതിനു മുന്‍പു രണ്ടാമത്തെ മകന്റെ വീട്ടില്‍ ചെന്നു. അവരും ആദ്യം കുറേ ആവേശം കാണിച്ചു, എന്നാല്‍ പതിനഞ്ചു ദിവസംകൊണ്ടു് അവിടെനിന്നും ഇറങ്ങേണ്ടി വന്നു. മൂന്നാമത്തെ മകന്റെ വീട്ടില്‍ പത്തു ദിവസം കഴിയുവാനേ സാധിച്ചുള്ളൂ. അതില്‍കൂടുതല്‍ നിന്നാല്‍തന്നെ പുറത്താക്കിയാലോ എന്നു ഭയന്നു. അവസാനം നാലാമത്തെ മകന്റെ വീട്ടില്‍ എത്തി. അഞ്ചു ദിവസം കൊണ്ടു താമസം അവസാനിപ്പിക്കേണ്ടി വന്നു. അല്ലെങ്കില്‍ പിടിച്ചു പുറത്താക്കുമെന്നുറപ്പായി. അതിനവസരം കൊടുക്കാതെ ആ വൃദ്ധന്‍ വീടുവീട്ടിറങ്ങി. ഉള്ള സ്വത്തു നാലു മക്കള്‍ക്കു വീതിച്ചു നല്കിയപ്പോള്‍, മക്കള്‍ തന്റെ അവസാനകാലം തന്നെ നോക്കുമെന്നു പ്രതീക്ഷിച്ചു. എല്ലാം ഒരു പ്രതീക്ഷ മാത്രമായിരുന്നു. രണ്ടു മാസത്തിനുള്ളില്‍ നാലുമക്കളുടെ കൂടെയുള്ള താമസവും പൂര്‍ത്തിയാക്കി.
ഇതു നമ്മള്‍ മനസ്സിലാക്കിയിരിക്കണം. മനുഷ്യസ്നേഹം ഇങ്ങിനെയാണു്. പശുവിനെ സ്നേഹിക്കുന്നതു പാലിനുവേണ്ടിയാണു്. കറവ വറ്റിയാല്‍ അറവുകാരനു വില്ക്കും. അവരു നോക്കും ഇവരു നോക്കും എന്ന പ്രതീക്ഷവച്ചു കര്‍മ്മം ചെയ്താല്‍ ദുഃഖിക്കാനേ ഇടവരൂ. നമ്മള്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ പ്രതീക്ഷ വയ്ക്കാതെ സന്തോഷത്തോടെ ചെയ്യുക. സമയമാകുമ്പോള്‍ നമ്മുടെ മാര്‍ഗ്ഗത്തിലേക്കു തിരിയുക. ഇതിനര്‍ത്ഥം ഉത്തരവാദിത്വങ്ങള്‍ വെടിയണം എന്നല്ല. നമ്മുടെ ധര്‍മ്മം നമ്മള്‍ അനുഷ്ഠിക്കുകതന്നെ വേണം. കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ നോക്കേണ്ടതു മാതാപിതാക്കളുടെ കടമയാണു്. എന്നാല്‍ അവര്‍ക്കു പ്രായമെത്തിയാല്‍, വീണ്ടും അവിടെ പ്രതീക്ഷ വച്ചു നില്ക്കാന്‍ പാടില്ല. നമ്മുടെ യഥാര്‍ത്ഥ ലക്ഷ്യം കണ്ടറിഞ്ഞു് അവിടേക്കു യാത്ര തുടരണം. ‘മക്കളും കൊച്ചു മക്കളും’ എന്നു പറഞ്ഞിരിക്കരുതു്.
ചുള്ളിക്കമ്പിലിരിക്കുന്ന കിളി ഏതു നിമിഷവും പറന്നുയരാന്‍ തക്ക ജാഗ്രതയിലായിരിക്കും. കാരണം ഏതു നിമിഷവും ആ കമ്പു് ഒടിയാം എന്നു് അതിനറിയാം. അതുപോലെ ലോകത്തില്‍ നാനാ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുമ്പോഴും അതൊന്നും നിത്യമല്ലെന്നറിഞ്ഞു് ആത്മലോകത്തിലേക്കു പറന്നുയരാന്‍ ജാഗ്രതയോടെ വര്‍ത്തിക്കണം. അങ്ങനെയാകുമ്പോള്‍ ഒന്നിനും നമ്മെ ബന്ധിക്കുവാനോ ദുഃഖിപ്പിക്കുവാനോ കഴിയില്ല.