20 നവംബർ 2018 , അബുദാബി

ആഗോള ഇന്റർനെറ്റ് ഉപയോക്താക്കളിൽ 25 ശതമാനവും കുട്ടികളും കൗമാര പ്രായക്കാരുമാണ്. ഇതിൽ 80 കോടിയിലധികം പേർ ലൈംഗീക ചൂഷണങ്ങൾക്കും മറ്റും ഇരയാകുന്നു. 2015 ൽ മൈക്രോസോഫ്ട് നടത്തിയ പഠനത്തിൽ ദിനംപ്രതി 7,20,000 ബാലപീഡന ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ്  ചെയ്യപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ചൂഷണങ്ങൾക്ക് ഒരു ശാശ്വതപരിഹാരം കണ്ടെത്തുവാനായി  അബുദാബി കിരീടാവകാശിയുടെ രക്ഷകർതൃത്വത്തിൽ രൂപീകരിച്ച ആഗോള കൂട്ടായ്മ – ഇന്റർഫെയ്ത്ത് അലയൻസിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ  ഭാഗങ്ങളിൽ നിന്നുള്ള മത സാമൂഹിക നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ അമ്മ പങ്കെടുത്തു സംസാരിച്ചു.  അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് അമ്മയെ പ്രസ്തുത സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.


Amma delivers the opening address as part of a Call to Action by Faith Leaders

അബുദാബിയിലെ വാഹത്-അൽ-കരാമയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട മത നേതാക്കളോടൊപ്പം ബാലാവകാശ സംരക്ഷണത്തിനായുള്ള “അബുദാബി അന്തർമത ഉടമ്പടി”യിൽ അമ്മ ഒപ്പുവയ്ക്കുകയും, സദസ്സിനെ  അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു

സത്യവും അസത്യവും, നന്മയും തിന്മയും, ദേവനും അസുരനും ഒത്തുചേർന്ന  ഒരു നിഗൂഢതയാണ് മനുഷ്യമനസ്സ്. അവിടെ അടിഞ്ഞുകൂടി കിടക്കുന്നതിൽ വച്ച് ഏറ്റവും നിന്ദ്യവും നികൃഷ്ടവും അപകടകരവുമായ വൈകല്യങ്ങളിൽ ഒന്നാണ് ലൈംഗീകചൂഷണവും  അക്രമവാസനയും.

വിവേകബുദ്ധി വളർന്നിട്ടില്ലാത്ത പ്രായത്തിൽ കൊച്ചു കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുന്നത് ഏറ്റവും വലിയ ക്രൂരതയാണ്.

പക്ഷിയെപ്പോലെ പറക്കാനും മത്സ്യത്തെ പോലെ നീന്താനും നമ്മൾ പഠിച്ചു പക്ഷേ മനുഷ്യനെപ്പോലെ നടക്കാനാണ് നമ്മൾ മറന്നു പോയത്.

മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ ജീവിതത്തിൽ ശ്രദ്ധയുള്ളവരാകണം. അവരിൽ ആദ്ധ്യാത്മിക  മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുകയും തുറന്നമനസ്സോടെ എന്തും പങ്കുവയ്ക്കുവാനുമുള്ള സുഹൃദ്ബന്ധം വളർത്തിയെടുക്കുകയും വേണം

ലൈംഗീക ചൂഷണങ്ങൾ ഇത്ര അപകടകരമാം രീതിയിൽ വർദ്ധിക്കുവാൻ എന്താണ് കാരണം? ഐക്യരാഷ്ട്രസഭയും, വിവിധ രാജ്യങ്ങളും, സന്നദ്ധ സംഘടനകളും മറ്റും ഇതിനിതിരെ പ്രവർത്തിച്ചിട്ടും എന്തൊകൊണ്ടാണ് ഒരു മാറ്റവും കാണുവാൻ സാധിക്കാത്തത്? അറിഞ്ഞോ അറിയാതെയോ നാം വിസ്മരിച്ച ഒരു കാര്യമുണ്ട് – അത് ആദ്ധ്യാത്മിക  മൂല്യങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചില്ല എന്നതാണ്. ഹൃദയത്തിന്റെ സംസ്കാരം വളർത്തിയെടുക്കാൻ ബാല്യം മുതൽക്കു ആദ്ധ്യാത്മിക മൂല്യങ്ങൾ തന്നെ പകർന്നു നൽകുന്ന അന്തരീക്ഷം ഓരോ കുടുംബത്തിലും ഉണ്ടാവണം.

ഫെയ്സ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ നിരുത്തരവാദപരമായ ഉപയോഗം ഇന്ന് സമൂഹത്തിന് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. കുട്ടികളുടെ ലൈംഗിക ചൂഷണങ്ങളിൽ വലിയ പങ്കാണ് ഇത്തരം സാമൂഹിക മാധ്യമങ്ങൾക്കുള്ളത്. ഇതിൽ ഏറ്റവും പ്രശ്നം ക്യാമറകളുള്ള മൊബൈൽ ഫോണുകളാണ്. അന്യരുടെ സ്വകാര്യതയ്ക്ക്‌ ഇത്രയധികം വെല്ലുവിളി ഉയർത്തുന്ന മറ്റൊന്നില്ല. ഇതിനെതിരേ കർശനനിയമസംവിധാനം ഉണ്ടാവേണ്ടതുണ്ട്. പഴയ കാലഘട്ടത്തിൽ ആളുകൾക്ക് ഭൂതപ്രേതാദികളെയായിരുന്നു ഭയം. എന്നാൽ ഈ തലമുറയ്ക്ക് അത്തരം ഭയങ്ങളില്ല. എന്നാൽ സ്വന്തം കുളിമുറിയിലോ, വസ്ത്രം മാറുന്ന സ്ഥലത്തോ ഒളിക്യാമറകളെ ഭയക്കേണ്ടിവരുന്നവരാണ് ഇന്നുള്ളത്. അടുത്ത ബന്ധുക്കളിൽ നിന്നുപോലും ലൈംഗിക ചൂഷണങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ആയിരങ്ങളാണ് തന്നെ കാണാൻ എത്താറുള്ളതെന്ന് അമ്മ പറഞ്ഞു. പലരും ആത്മഹത്യയുടെ വക്കിൽനിന്നാണ് ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്. അച്ഛനും അമ്മാവനുമടക്കമുള്ളവരിൽ നിന്ന് ലൈംഗികപീഡനം ഏറ്റുവാങ്ങേണ്ടിവന്ന കുരുന്നുകളുണ്ട്. കൗൺസലിങ് നൽകിയിട്ടുപോലും പൂർണമായും ജീവിതത്തിലേക്ക് കടന്നുവരാത്തവരുണ്ട്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായി ഓൺലൈൻ ചങ്ങാത്തത്തിന്റെ പുറത്ത് ഇറങ്ങിപ്പോയി ജീവിതം നഷ്ടപ്പെടുത്തിയവരുണ്ട്.

ദൈവസൃഷ്ടിയായ വെള്ളവും അഗ്നിയുമെല്ലാം മനുഷ്യജീവന് ഏറെ ആവശ്യമുള്ളതാണ്. എന്നാൽ അവയുടെ തെറ്റായ ഉപയോഗം മനുഷ്യജീവിതത്തെ ഇല്ലാതാക്കിക്കളയുമെന്നത് പോലെ തന്നെയാണ് ഇന്റർനെറ്റും. കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോണും കമ്പ്യൂട്ടറും നൽകുമ്പോൾ ചിലതെല്ലാം നിയന്ത്രിക്കാൻ നമ്മൾ തയ്യാറാവണം. വിശപ്പും ദാഹവും പോലെയാണ് ലൈംഗികതയും. അതൊരു ആവശ്യമാണ്. ലൈംഗികത ആവശ്യമാണെങ്കിലും, അത് വിവേകത്തോടെയും മനസമ്മതത്തോടെയും ആവണം. അതിന് മതാചാര്യന്മാർ ആധ്യാത്മികവശങ്ങളെക്കുറിച്ച് വിശ്വാസികളെ ഉദ്ബോധിപ്പിക്കണം. വേദന അനുഭവിക്കുന്നവരോട് ഹൃദയത്തിന്റെ ഭാഷയാണ് ഏറ്റവും ഉത്തമം. ഭൂതകാലത്തിന്റെ ഇരുട്ടിലേക്കല്ല, പ്രതീക്ഷയുടെ വെളിച്ചത്തിലേക്കാണ് നാം അവരെ നയിക്കേണ്ടതെന്നും അമ്മ പറഞ്ഞു.