ചോദ്യം : ഈ ലോകത്തു ജീവിച്ചുകൊണ്ടുതന്നെ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുമോ? (തുടർച്ച)

അമ്മ:  ഇൻ്റര്‍വ്യൂവിനു പോകുന്നവൻ്റെയും ജോലി കിട്ടി പോകുന്നവൻ്റെയും മനോഭാവങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടു്. ഇൻ്റര്‍വ്യൂവിനു പോകുന്നവനു്, എന്തു ചോദ്യങ്ങളാണു ചോദിക്കുക? അവയ്ക്കുത്തരം പറയുവാന്‍ കഴിയുമോ? ജോലി കിട്ടുമോ? എന്നിങ്ങനെയുള്ള ടെന്‍ഷനെപ്പോഴും കൂടെ ഉണ്ടാകും. എന്നാല്‍ ജോലിക്കു ചേരാന്‍ പോകുന്നവനതില്ല. ജോലി അവനു കിട്ടിക്കഴിഞ്ഞു. അതിൻ്റെ ആഹ്ളാദം അവനില്‍ കാണാന്‍ കഴിയും. ഇതുപോലെയാണു് ആദ്ധ്യാത്മികത അറിഞ്ഞുള്ള ജീവിതം. അതു ജോലി കിട്ടി പോകുന്നവനെപ്പോലെയാണു്, ടെന്‍ഷൻ്റെ കാര്യമില്ല. അമിട്ടു പൊട്ടാന്‍ പോകുന്നുവെന്നു് അറിഞ്ഞുനിന്നാല്‍ പേടിക്കേണ്ട ആവശ്യമില്ല. ലോകത്തിൻ്റെ സ്വഭാവം ഇന്നതാണെന്നറിഞ്ഞു ജീവിച്ചാല്‍ നിസ്സാരകാര്യങ്ങള്‍ക്കു മുന്‍പില്‍ തളരേണ്ടി വരില്ല.


ജീവിതത്തില്‍ ഓരോ നിമിഷവും ആനന്ദകരമാണു്

നമുക്കു കുറെ രൂപ വേണം. ഒരു സുഹൃത്തിനോടു പോയി ചോദിക്കാം എന്നു വിചാരിക്കുകയാണു്. സുഹൃത്തിനെ കണ്ടാല്‍ ഒന്നുകില്‍ രൂപ കിട്ടും, ചിലപ്പോള്‍ രൂപ കിട്ടിയില്ലെന്നു വരും, ചിലപ്പോള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ കിട്ടിയെന്നു വരാം, ചിലപ്പോള്‍ പരിചയഭാവംകൂടി നടിച്ചു എന്നു വരില്ല. ഇതില്‍ ഏതും സംഭവിക്കാം എന്നു മുന്‍കൂട്ടി ചിന്തിച്ചു പോകുന്നവനു് എന്തുതന്നെ സംഭവിച്ചാലും വിഷമമില്ല. കാരണം താന്‍ മുന്‍കൂട്ടി പ്രതീക്ഷിച്ചതാണു്. അവന്‍ കൂടുതല്‍ കിട്ടിയതില്‍ ഭ്രമിക്കില്ല; അഥവാ സുഹൃത്തു തിരിഞ്ഞുപോലും നോക്കിയില്ല എങ്കില്‍ അതോര്‍ത്തു തളര്‍ന്നു വീഴുകയുമില്ല.  കടലില്‍ നീന്താന്‍ പഠിച്ചവന്‍ തിരമാല വരുമ്പോള്‍ അതില്‍ ആനന്ദിക്കുന്നു, ആസ്വദിക്കുന്നു. നീന്തറിയാത്തവന്‍ അതേ തിരയേറ്റു തളര്‍ന്നു മുങ്ങിമരിക്കുന്നു. അതുപോലെ ആദ്ധ്യാത്മികത അറിഞ്ഞവനു ജീവിതത്തില്‍ ഓരോ നിമിഷവും ആനന്ദകരമാണു്. തനിക്കു നേരിടേണ്ടിവരുന്ന ഓരോ പ്രതിബന്ധത്തെയും അവന്‍ പുഞ്ചിരിയോടെ നേരിടുന്നു. അവനെ യാതൊന്നിനും തളര്‍ത്താനാവില്ല.

ഗീതയില്‍ ശ്രീകൃഷ്ണൻ്റെ ജീവിതം എടുത്തു നോക്കുക. യാദവന്മാര്‍ തമ്മിലടിക്കുന്നതു കാണുമ്പോഴും ആ മുഖത്തെ പുഞ്ചിരി മാഞ്ഞില്ല. ദൂതു പറയുമ്പോഴും അവിടുത്തെ മുഖത്തു ചിരിയാണു്. യുദ്ധക്കളത്തില്‍ തേരു തെളിക്കുമ്പോഴും ആ ചുണ്ടില്‍ നറുപുഞ്ചിരി മാത്രം. ഗാന്ധാരി ശപിക്കുമ്പോഴും അവിടുത്തേക്കു പുഞ്ചിരി മാത്രം. കൃഷ്ണൻ്റെ ജീവിതംതന്നെ ഒരു വലിയ ചിരിയാണു്. ആദ്ധ്യാത്മികത ഉള്‍ക്കൊണ്ടായിരിക്കണം നമ്മുടെ ജീവിതം നിറഞ്ഞു നിലേ്ക്കണ്ടതു്. ജീവിതം ഒരു വിനോദയാത്ര പോലെയാകണം. യാത്രയില്‍ നല്ല കാഴ്ചകള്‍ കണ്ടാല്‍ നമ്മള്‍ അതിൻ്റെ ഭംഗി ആസ്വദിക്കും. നല്ല വീടു കണ്ടാലോ, നല്ല പുഷ്പം കണ്ടാലോ നമ്മള്‍ നോക്കും. എല്ലാ കാഴ്ചകളും കാണും. പക്ഷേ, അവിടെതന്നെ നില്ക്കില്ല. തിരിച്ചുപോകേണ്ട സമയം, എത്ര കാഴ്ച കാണാനുണ്ടെങ്കിലും അതെല്ലാം വിട്ടു തിരികെ പോകും. കാരണം, തിരിച്ചു വീട്ടില്‍ എത്തുക എന്നതാണു് എല്ലാറ്റിനേക്കാളും മുഖ്യം. അതുപോലെ നമ്മള്‍ ഈ ലോകത്തില്‍ എങ്ങിനെ ജീവിച്ചാലും തിരിച്ചു പോകേണ്ട നമ്മുടെ യഥാര്‍ത്ഥ വീടിൻ്റെ കാര്യം വിസ്മരിക്കരുതു്. നമ്മള്‍ ലക്ഷ്യം മറക്കരുതു്. എന്തൊക്കെ കാഴ്ചകള്‍ കണ്ടു നീങ്ങിയാലും, അവസാനം വിശ്രമിക്കാന്‍ നമുക്കു സ്വന്തമെന്നു പറയുവാനുള്ളതു്, നമ്മുടെ സ്വന്തം വീടു മാത്രമാണു്. നമ്മുടെ ആ മൂലസ്ഥാനം, ആത്മസ്വരൂപം നാം മറക്കരുതു്.

(തുടരും……..)