ചോദ്യം : ഈ ലോകത്തു ജീവിച്ചുകൊണ്ടുതന്നെ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുമോ?
അമ്മ: തീര്‍ച്ചയായും. ആദ്ധ്യാത്മികാനുഭൂതി ഈ ലോകത്തില്‍, ഈ ശരീരത്തില്‍ ഇരുന്നുകൊണ്ടുതന്നെ അനുഭവിക്കുവാനുള്ളതാണു്. അല്ലാതെ മരിച്ചു കഴിഞ്ഞു നേടേണ്ട ഒന്നല്ല. ജീവിതത്തിൻ്റെ രണ്ടു ഘടകങ്ങളാണു് ആത്മീയതയും ഭൗതികതയും. മനസ്സും ശരീരവുംപോലെ, ഒന്നു മറ്റേതിനെ തീര്‍ത്തും വിട്ടു നില്ക്കുന്നതല്ല. ഭൗതികലോകത്തില്‍ ആനന്ദപ്രദമായി ജീവിക്കാന്‍ പഠിപ്പിക്കുന്ന ശാസ്ത്രമാണു് ആത്മീയത.
പഠനം രണ്ടു രീതിയിലാണുള്ളതു്. ഒന്നു്, ജോലിക്കുവേണ്ടിയുള്ള പഠനം. മറ്റൊന്നു്, ജീവിതത്തിനുവേണ്ടിയുള്ള പഠനം. സ്‌കൂള്‍ പഠനം, നമുക്കു ജോലി നേടിത്തരും. എന്നാല്‍, ശാന്തിയോടും സമാധാനത്തോടും കൂടി ജീവിക്കണമെങ്കില്‍ അതിനും പഠനം ആവശ്യമാണു്. അതാണു് ആദ്ധ്യാത്മികത. അതു മനസ്സിൻ്റെ വിദ്യയാണു്. അതു നമ്മള്‍ മനസ്സിലാക്കേണ്ടതാണു്. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിൻ്റെ പ്രവര്‍ത്തനരീതി വിവരിക്കുന്ന ലഘുലേഖ നോക്കി വേണം അതു പ്രവര്‍ത്തിപ്പിക്കുവാന്‍. അങ്ങനെ ചെയ്താല്‍ അപകടമുണ്ടാകില്ല, മെഷീന്‍ കേടാകുകയുമില്ല. അതുപോലെ ജീവിതം എങ്ങനെ നയിക്കണം എന്നു് ആദ്ധ്യാത്മികത കാട്ടിത്തരുന്നു. ആദ്യമായി പോകുന്ന സ്ഥലത്തേക്കു റൂട്ട് മാപ്പു നോക്കി യാത്ര ചെയ്താല്‍ ടെന്‍ഷന്‍ ഒഴിവാക്കി പോകാം. അതുപോലെ ആദ്ധ്യാത്മികശാസ്ത്രം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ പ്രതിസന്ധികളില്‍ തളരേണ്ടതില്ല; അവയെ മുന്‍കൂട്ടി കണ്ടറിഞ്ഞു് അതിജീവിക്കുവാന്‍ കഴിയും.
ജീവിതത്തിൻ്റെ പ്രായോഗിക ശാസ്‌ത്രമാണു് ആദ്ധ്യാത്മികത. അതു ലോകത്തിൻ്റെ സ്വഭാവത്തെ കാട്ടിത്തരുന്നു. അതനുസരിച്ചു വേണ്ടവിധം ജീവിക്കുവാന്‍ പഠിപ്പിക്കുന്നു. വെള്ളത്തില്‍ കുളിക്കാനിറങ്ങുന്നതു കുളിച്ചു കരയ്ക്കു കയറാന്‍ വേണ്ടിയാണു്, വെള്ളത്തില്‍തന്നെ കിടക്കാനല്ല. അതുപോലെ ഗൃഹസ്ഥാശ്രമജീവിതം ഈശ്വരനിലേക്കെത്തുവാനുള്ള തടസ്സം നീക്കലാണു്. ഗൃഹസ്ഥാശ്രമജീവിതത്തിലേക്കു കടന്നാല്‍ ജീവിതത്തിൻ്റെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാക്കി മുന്നോട്ടു പോകണം. തുടങ്ങിയ ഇടത്തുതന്നെ ജീവിതം അവസാനിപ്പിക്കരുതു്. ബന്ധങ്ങളില്‍നിന്നു മുക്തനായി ഈശ്വരനെ സാക്ഷാത്കരിക്കണം.
എൻ്റെ എന്ന ഭാവമാണു ബന്ധനത്തിനു കാരണം. അതു വിടാനുള്ള അവസരമായിവേണം ഗൃഹസ്ഥാശ്രമജീവിതത്തെ കാണുവാന്‍. എൻ്റെ ഭാര്യ, എൻ്റെ കുട്ടി, എൻ്റെ അച്ഛന്‍, എൻ്റെ അമ്മ വാസ്തവത്തില്‍ ഇവരൊക്കെ എൻ്റെതാണോ? എൻ്റെതാണെങ്കില്‍ അവരെപ്പോഴും എൻ്റെ കൂടെയുണ്ടാകേണ്ടെ? അവരുടേതാണു ഞാന്‍ എങ്കില്‍ അവരോടൊപ്പം ഞാനെന്നും ഉണ്ടാകേണ്ടെ? ഈ ബോധം ഉള്‍ക്കൊണ്ടു ജീവിതം നയിക്കുമ്പോള്‍ മാത്രമേ ആദ്ധ്യാത്മികതയെ ഉണര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിയൂ. ഇതിനര്‍ത്ഥം ഉത്തരവാദിത്വത്തില്‍നിന്നും പിന്‍തിരിയണമെന്നല്ല. ചെയ്യേണ്ട കര്‍മ്മങ്ങള്‍ നമ്മുടെ കടമയെന്നു കണ്ടു സന്തോഷത്തോടെ നിര്‍വ്വഹിക്കണം. ഒപ്പം അതില്‍ ബന്ധിക്കാതിരിക്കാനും ശ്രദ്ധിക്കണം.
(തുടരും…….)