ചോദ്യം : ഈ ലോകത്തെ മിഥ്യയെന്നു കണ്ടു തള്ളിക്കളഞ്ഞാലേ ആത്മീയാനന്ദം അനുഭവിക്കാന്‍ കഴിയുകയുള്ളൂ എന്നുപറഞ്ഞു കേള്‍ക്കാറുണ്ടല്ലോ ?

അമ്മ: ലോകം മിഥ്യയെന്നു പറഞ്ഞു തീര്‍ത്തും തള്ളിക്കളയുവാന്‍ അമ്മ പറയുന്നില്ല. മിഥ്യ എന്നുപറഞ്ഞാല്‍ മാറിക്കൊണ്ടിരിക്കുന്നതു് എന്നാണു്. അങ്ങനെയുള്ളവയെ ആശ്രയിച്ചാല്‍, അവയില്‍ ബന്ധിച്ചാല്‍ ദുഃഖിക്കാനേ സമയം കാണൂ എന്നുമാത്രമാണു് അമ്മ പറയുന്നതു്. ശരീരവും മാറിക്കൊണ്ടിരിക്കുന്നതാണു്, അതില്‍ കൂടുതല്‍ ഒട്ടല്‍ പാടില്ല എന്നാണു് അമ്മ പറയുന്നതു്. ശരീരത്തിലെ ഓരോ കോശവും നിമിഷംപ്രതി മാറിക്കാണ്ടിരിക്കുന്നു. ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നിങ്ങനെ ജീവിതാവസ്ഥകളും മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ശരീരത്തെ സത്യമെന്നു കണ്ടു് അതിനുവേണ്ടി മാത്രം ജീവിതം അര്‍പ്പിക്കല്ലേ എന്നാണമ്മ പറയുന്നതു്. ലോകത്തിലെ ഓരോ വസ്തുവിൻ്റെയും സ്വഭാവം മനസ്സിലാക്കി നീങ്ങൂ. എന്നാല്‍ ദുഃഖിക്കേണ്ടി വരില്ല.

വസ്തുവിൻ്റെയും സ്വഭാവം മനസ്സിലാക്കി നീങ്ങുക

വൈരക്കല്ലു് ആഭരണമാക്കി മൂക്കിലണിയാം, കാതിലണിയാം, കഴുത്തിലണിയാം. പക്ഷേ, ഭംഗിയുള്ളതാണു്, വിലമതിച്ചതാണു് എന്നു കരുതി കഴിച്ചാല്‍ മരണമാണു ഫലം. അതുപോലെ ജീവിതത്തില്‍ ഓരോന്നിനും ഓരോ സ്ഥാനമുണ്ടു്. അതു മനസ്സിലാക്കി നീങ്ങിയാല്‍, അപകടം ഉണ്ടാകില്ല, ദുഃഖത്തിനു വഴിയില്ല. അതിനാണു് ആദ്ധ്യാത്മികം മനസ്സിലാക്കുവാന്‍ ഉപദേശിക്കുന്നതു്. മറിഞ്ഞു വീണശേഷം വീഴാതിരിക്കാനുള്ള മാര്‍ഗ്ഗം ആരായുന്നതിനെ ക്കാള്‍ നല്ലതു്, വീഴുന്നതിനു മുന്‍പു വീഴാതിരിക്കാനുള്ള മാര്‍ഗ്ഗം അറിഞ്ഞു പോകുന്നതല്ലേ? ഏറ്റവും ആദ്യം ഗ്രഹിക്കേണ്ട വിദ്യയാണു് ആത്മവിദ്യ.

നായ എല്ലിന്‍കഷ്ണം കിട്ടിയാല്‍ അതിലിട്ടു കടിക്കും. ചോര നുണയുമ്പോള്‍ സന്തോഷമാകും. വീണ്ടും കടിക്കും. അവസാനം മോണ വേദനിക്കുമ്പോഴാണു് അറിയുന്നതു സ്വന്തം മോണ മുറിഞ്ഞുവന്ന രക്തമാണു താനിതുവരെ നുണഞ്ഞതെന്നു്. ഇതുപോലെയാണു വസ്തുക്കളില്‍ ആനന്ദം തേടുന്നതു്, ഫലമോ എല്ലാ ശക്തിയും നഷ്ടമായി നാം തളരുന്നു. വാസ്തവത്തില്‍ ആനന്ദം ബാഹ്യവസ്തുക്കളിലല്ല അവനവനില്‍ത്തന്നെയാണു്. ഈ തത്ത്വം മനസ്സിലാക്കിവേണം ലോകത്തില്‍ നീങ്ങുവാന്‍.