ചോദ്യം : അദ്വൈതമാണു സത്യമെങ്കില്‍ ഭാവദര്‍ശനത്തിൻ്റെ ആവശ്യമെന്താണു്?
അദ്വൈതം പറയുന്ന വേദാന്തികളാരും വസ്ത്രം ധരിക്കാതെ നടക്കുന്നില്ലല്ലോ? അവരും വേഷമിടുന്നുണ്ടു്, ഉണ്ണുന്നുണ്ടു്, ഉറങ്ങുന്നുണ്ടു്. അതൊക്കെ ശരീരത്തിൻ്റെ നിലനില്പിനു് ആവശ്യമാണെന്നു് അവര്‍ക്കറിയാം. സമൂഹത്തിൻ്റെ സ്വഭാവം അനുസരിച്ചു വസ്ത്രം ധരിക്കുന്നു. ഓരോ കാലഘട്ടത്തിൻ്റെ ആവശ്യമനുസരിച്ചാണു മഹാത്മാക്കള്‍ വരുന്നതു്. ശ്രീരാമന്‍ വന്നു, ശ്രീകൃഷ്ണന്‍ വന്നു. ശ്രീരാമനെപ്പോലെയായിരിക്കണം ശ്രീകൃഷ്ണന്‍ എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല.
ഡോക്ടറുടെ അടുത്തു പലതരം രോഗികള്‍ വരും. എല്ലാവര്‍ക്കും ഒരേ മരുന്നു കൊടുക്കാന്‍ പറ്റില്ല. ആളും രോഗവും നോക്കിയാണു ചികിത്സ നിശ്ചയിക്കുന്നതു്. ചിലര്‍ക്കു ഗുളിക കൊടുക്കും ചിലര്‍ക്കു് ഇഞ്ചക്ഷന്‍ വേണ്ടിവരും. അതുപോലെ ഇവിടെ വരുന്നവരെ അവരുടെ തലത്തിലേക്കിറങ്ങിച്ചെന്നുവേണം ഉദ്ധരിക്കുവാന്‍. ഒരേ മിഠായി പല വര്‍ണ്ണക്കടലാസ്സുകളില്‍ പൊതിഞ്ഞു വച്ചിരിക്കുന്നതു കാണാം. ഉള്ളിലെല്ലാം ഒന്നുതന്നെ. പുറമേക്കു കാണുമ്പോള്‍ വ്യത്യസ്തമായിത്തോന്നാം. ഇതേപോലെ സകലതിലും കുടികൊള്ളുന്നതു് ഒരേ ചൈതന്യമാണു്. ഇതു ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കണമെങ്കില്‍, ആദ്യം നമ്മള്‍ അവരുടെ തലത്തിലേക്കിറങ്ങിച്ചെല്ലാതെ പറ്റില്ല. എന്നാല്‍ അവിടെത്തന്നെ അവരെ നിര്‍ത്താതെ അവരെക്കൂടി, ഏകത്വബോധത്തിലേക്കു് ഉയര്‍ത്തിക്കൊണ്ടുവരികയാണു് ഉദ്ദേശ്യം. അതാണമ്മ ചെയ്യുന്നതു്. എല്ലാവരോടും അദ്വൈതം പറയുവാന്‍ പറ്റില്ല. എല്ലാവര്‍ക്കും നിര്‍ഗ്ഗുണവും നിരാകാരവും ഉള്‍ക്കൊള്ളാന്‍ ആവില്ല. ചിലര്‍ക്കു രാധയോടൊപ്പമുള്ള കൃഷ്ണനെയാണിഷ്ടം. ചിലര്‍ക്കു യശോദാകൃഷ്ണനെയാണിഷ്ടം, ചിലര്‍ക്കു മുരളീകൃഷ്ണനെ യാണു വേണ്ടതു്. ഓരോരുത്തര്‍ക്കും ഓരോന്നിഷ്ടം. അവരതില്‍ ആനന്ദം കണ്ടെത്തുന്നു. അതു തെറ്റെന്നു പറയുവാന്‍ പറ്റില്ല. എല്ലാവരും ഒന്നില്‍ത്തന്നെ ഇഷ്ടം കണ്ടെത്തണം എന്നു് അമ്മയ്ക്കു പറയുവാന്‍ കഴിയില്ല. അതുപോലെ ഓരോരുത്തരും ഓരോ ഭാവത്തില്‍ അമ്മയെ ഉള്‍ക്കൊള്ളുന്നു.
അദ്വൈതം പറഞ്ഞപ്പോള്‍ അതിനു ചേര്‍ന്ന സംസ്‌കാരമുള്ള ചിലര്‍ക്കു് ഉയരത്തിലേക്കു പോകാന്‍ പറ്റി. മറ്റുള്ളവര്‍ക്കു് ആഴത്തിലേക്കു പോകാനായില്ല. ചിലര്‍ വളരെ ദുര്‍ബ്ബലരായി തീര്‍ന്നു. ഒരു ജോലിയും ചെയ്യാതെ അലസരായിരിക്കുന്ന ചിലരുണ്ടു്. ചോദിച്ചാല്‍ പറയും, ”ആരു് ആരെ സേവിക്കാനാണു്? എല്ലാം ഒരാത്മാവല്ലേ?” എന്നു്. മദ്യപിച്ചതെന്തിനെന്നു ചോദിച്ചാല്‍ മറുപടി, ”ഞാന്‍ കുടിക്കുന്നില്ല, ഞാന്‍ ആത്മാവാണു്”. ഇങ്ങനെ അദ്വൈതം പറഞ്ഞും മദ്യപിച്ചും സ്‌ത്രീകളെ ഉപദ്രവിച്ചും ജീവിക്കുന്നവരുണ്ടു്. അവര്‍ക്കു തങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ മറയ്ക്കുവാനുള്ള ഒരുപാധി മാത്രമാണു വേദാന്തം. എല്ലാം ഒന്നെന്നു് അനുഭവിച്ചറിയുന്നതുവരെ നിത്യമേതു്, അനിത്യമേതു് എന്നു വിവേചിച്ചു നീങ്ങണം. ധര്‍മ്മമേതു്, അധര്‍മ്മമേതു് എന്നറിഞ്ഞു് അധര്‍മ്മത്തെ വെടിയണം. ചോക്ലേറ്റു മധുരമാണു് എന്നു കരുതി, നിയന്ത്രണം വിട്ടു കഴിച്ചാല്‍ വയറിനു് അസുഖമാകും. കൊല്ലുന്നതാണെൻ്റെ സന്തോഷം എന്നു പറഞ്ഞു് ഒരുവന്‍ കാണുന്നവരെയൊക്കെ കൊല്ലാന്‍ തുനിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ?
ഏതിനും ഒരു ധര്‍മ്മമുണ്ടു്. ആ ധര്‍മ്മമനുസരിച്ചു ജീവിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കണം. അവിടെ വേദാന്തം വാക്കിലല്ല, പ്രവര്‍ത്തിയാലാണു കാണേണ്ടതു്. ധര്‍മ്മമാചരിച്ചു ജീവിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കണമെങ്കില്‍ നാം ആദ്യം അവരുടെ തലത്തിലേക്കിറങ്ങി ചെല്ലണം. അമ്മയ്ക്കിതിൻ്റെയൊന്നും ആവശ്യമില്ലെന്നു പറഞ്ഞു മാറിയിരുന്നാല്‍ ജനങ്ങളെ ഉദ്ധരിക്കാനാവില്ല. ചെവി കേള്‍ക്കാത്തവരെ ആംഗ്യം കാട്ടിയാണു പഠിപ്പിക്കുന്നതു്, പഠിപ്പിക്കുന്ന ആളിനു ചെവി കേള്‍ക്കാഞ്ഞിട്ടല്ല. അതിലൂടെയേ അവരെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുവാന്‍ കഴിയൂ. അമ്മ ആംഗ്യം കാണിക്കുന്നതു് അമ്മയ്ക്കു ഭാഷയറിയാഞ്ഞിട്ടല്ല, മറ്റുള്ളവരെ ഉണര്‍ത്തുവാന്‍ അതുവേണ്ടി വരുന്നു. കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടും എന്നു പറയുന്നതു കുട്ടികളെ പഠിപ്പിക്കുന്നതിനു വേണ്ടിയാണു്. അതു സത്യമായിരുന്നുവെങ്കില്‍ ലോകത്തു് അന്ധന്മാര്‍ മാത്രമല്ലേ കാണുകയുള്ളു? പറയുന്നതു കള്ളമാണെങ്കില്‍ക്കൂടി അതിലൂടെ കുട്ടികളെ സത്യം പറയുന്നവരാക്കിത്തീര്‍ക്കാന്‍ കഴിയുന്നു. ഇതുപോലെ ജനങ്ങളുടെ സ്വഭാവമനുസരിച്ചു നമുക്കു നീങ്ങേണ്ടി വരും. അമ്മയുടെ ലക്ഷ്യം, എങ്ങനെയും ജനങ്ങളെ സത്യത്തിലേക്കു നയിക്കുക എന്നതു മാത്രമാണു്. ജനങ്ങളെ ഉദ്ധരിക്കുവാന്‍ സഹായിക്കുന്നതെന്തോ, അതാണു് യഥാര്‍ത്ഥ യുക്തി. ജനങ്ങളുടെ ഉദ്ധാരണം, അതു മാത്രമേ അമ്മ നോക്കുന്നുള്ളൂ. അതില്‍ക്കവിഞ്ഞു ലോകത്തിൻ്റെ ഒരു സര്‍ട്ടിഫിക്കറ്റും അമ്മ ആഗ്രഹിക്കുന്നില്ല.
ഒരാള്‍ ചെളിയില്‍ വീണു കിടക്കുന്നതു വീടിൻ്റെ മട്ടുപ്പാവില്‍ നിന്ന ഒരുവന്‍ കണ്ടു. അവിടെനിന്നു് അയാള്‍ കൈ നീട്ടിയാല്‍ വീണു കിടക്കുന്നവനെ രക്ഷിക്കുവാന്‍ കഴിയുകയില്ല. അയാള്‍ താഴെ ഇറങ്ങിച്ചെന്നു ചെളിയില്‍ കിടക്കുന്നവൻ്റെ കൈ പിടിച്ചുയര്‍ത്തണം. ഇതുപോലെ ജനങ്ങളെ ഉദ്ധരിക്കണമെങ്കില്‍ നമ്മള്‍ അവരുടെ തലത്തിലേക്കിറങ്ങിച്ചെല്ലണം. ഇടവഴി കടന്നേ മെയിന്‍ റോഡിലെത്താന്‍ പറ്റുകയുള്ളൂ. മെയിന്‍ റോഡിലെത്തി ക്കഴിഞ്ഞാല്‍പ്പിന്നെ നേരേ പോകാം. നല്ല വാഹന സൗകര്യമുണ്ടു്. ബസ്സുണ്ടു്. എന്നാല്‍ ഇടവഴിയില്‍ നിന്നും മെയിന്‍ റോഡിലെ ത്തണ്ടേ? അതിനു സൈക്കിളിൻ്റെയും ഓട്ടോറിക്ഷയുടെയും ഉന്തുവണ്ടിയുടെയും ഒക്കെ സഹായം വേണ്ടിവരും. അതുപോലെ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും ഇടവഴികളില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ അദ്വൈതമാകുന്ന വിശാലവീഥിയില്‍ എത്തിക്കാന്‍ ഇന്നു് ഈ മാര്‍ഗ്ഗങ്ങളൊക്കെ ആവശ്യമാണു്.