ചോദ്യം : അദ്വൈതമാണു സത്യമെങ്കില്‍ ഭാവദര്‍ശനത്തിൻ്റെ ആവശ്യമെന്താണു്?

അമ്മ: അമ്മ ഒരു ഭാവത്തില്‍ ഒതുങ്ങിനില്ക്കുന്നില്ല. എല്ലാ ഭാവങ്ങള്‍ക്കും അപ്പുറമാണു്. അദ്വൈതമെന്നാല്‍ രണ്ടില്ലാത്ത അവസ്ഥയാണല്ലോ? എല്ലാം ആത്മസ്വരൂപം തന്നെയാണു്; ഈശ്വരന്‍ തന്നെയാണു്. ഭാവദര്‍ശനത്തിലൂടെയും അമ്മ ഈ സന്ദേശം തന്നെയാണു നല്കുന്നതു്. അമ്മയ്ക്കു ഭേദഭാവമില്ല. എല്ലാം ആത്മാവായി അറിയുന്നു. അമ്മ ലോകത്തിനുവേണ്ടി വന്നിരിക്കുന്നു. ലോകത്തിനു വേണ്ടിയുള്ളതാണു് അമ്മയുടെ ജീവിതം.

അമ്മയ്ക്കു ഭേദഭാവമില്ല. 

ഒരു നടന്‍ ഏതു വേഷം കെട്ടിയാലും സ്വയമറിയാം താനാരാ ണെന്നു്. ഏതു  വേഷമായാലും നടനു വ്യത്യാസമില്ല. അതുപോലെ, ഏതു വേഷമെടുത്താലും താന്‍ ആരെന്നു് അമ്മയ്ക്കറിയാം. അമ്മ ഇതിലൊന്നും ബന്ധിക്കുന്നില്ല. ഈ വേഷംതന്നെ അമ്മ സ്വയം എടുത്തതല്ല. ഭക്തന്മാര്‍ ആഗ്രഹിച്ചു്, അവര്‍ സമര്‍പ്പിച്ചു. അതില്‍ അവര്‍ ആനന്ദിക്കുന്നു. അമ്മ ഉത്തരഭാരതത്തില്‍ പലയിടത്തും പോകാറുണ്ടു്. അവിടെ അമ്മയെക്കാണാന്‍ ചിലപ്പോള്‍ കൃഷ്ണഭക്തന്മാര്‍ വരും. അവര്‍ വന്നു തലയില്‍ കിരീടം വച്ചുതരും, മയില്‍പ്പീലി കെട്ടിത്തരും, വെണ്ണകൊണ്ടുത്തരും, ഓടക്കുഴല്‍ കൈയില്‍ വച്ചുതരും, മഞ്ഞപ്പട്ടണിയിക്കും. ആരതിയുഴിയും. അവരതിലെല്ലാം ആനന്ദിക്കുന്നു. അവരുടെ സന്തോഷത്തിനു വേണ്ടി അമ്മ അതനുവദിക്കുന്നു. ”ഹേയ്! ഞാന്‍ വേദാന്തിയാണു്. എനിക്കിതൊന്നും പറ്റില്ല” എന്നവരോടു പറയുവാന്‍ അമ്മയ്ക്കു കഴിയുകയില്ല.

ഈശ്വരന്‍ നിര്‍ഗ്ഗുണനും നിരാകാരനുമാണു്. അതുപോലെതന്നെ അവിടുന്നു് സഗുണനും സാകാരനുമാണു്. അവിടുന്നു് എല്ലായിടത്തും നിറഞ്ഞുനില്ക്കുന്ന ചൈതന്യമാണു്. അപ്പോള്‍ ഏതു ഭാവത്തിലും നമുക്കു് ഈശ്വരനെ കാണാം. അതില്‍ തെറ്റില്ല.
അമ്മ ആദ്യകാലത്തു പ്രത്യേക വേഷമൊന്നുമണിഞ്ഞിരുന്നില്ല. ഭക്തര്‍ ഓരോന്നായി കൊണ്ടുവന്നു. അവരുടെ സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടി അമ്മ അവ ധരിച്ചു. അങ്ങനെ അതൊരു ചടങ്ങായി. ക്ഷേത്രത്തില്‍ വിഗ്രഹം എപ്പോഴുമുണ്ടു്. പക്ഷേ, ദീപാരാധനയ്ക്കു പ്രത്യേക പ്രാധാന്യം ആളുകള്‍ നല്കുന്നുണ്ടു്. ആ സമയത്തു വിഗ്രഹത്തില്‍ കൂടുതല്‍ ആകര്‍ഷകങ്ങളായ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിക്കാറുണ്ടു്. അതു ഭക്തന്മാര്‍ക്കു കൂടുതല്‍ ആനന്ദവും ഏകാഗ്രതയും നല്കുന്നു. ക്ഷേത്രത്തില്‍ എത്രയോ ആളുകള്‍ നിത്യവും പോകാറുണ്ടു്. എന്നാല്‍ ഉത്സവസമയത്തു ദര്‍ശനത്തിനു വലിയ തിരക്കാണു്. ഗ്രാമത്തിനാകെ ഉത്സവമാണു്. അതുപോലെ ഇവിടെ വരുന്നവര്‍ എപ്പോഴും അമ്മയെ കാണുന്നുവെങ്കിലും, ഭാവദര്‍ശനം അവര്‍ക്കൊരു ഉത്സവംപോലെയാണു്. ക്ഷേത്രത്തിലെ ദീപാരാധന ഭഗവാനു വേണ്ടിയല്ല, ഭക്തന്മാരുടെ സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടിയാണു്. അതുപോലെ മക്കള്‍ക്കുവേണ്ടി അമ്മ ഈ വേഷങ്ങളൊക്കെ അണിയുന്നു. അതിലൂടെ അമ്മ മറ്റുള്ളവരുടെ വേഷങ്ങളെ ഇല്ലാതാക്കുകയാണു്. അവരുടെ സ്വരൂപത്തിലേക്കു് അവരെ ഉയര്‍ത്തുകയാണു്.

ഓരോതരം വേഷത്തിനും അതിൻ്റെതായ പ്രാധാന്യമുണ്ടു്

ഇന്നു ലോകത്തി ലുള്ളവരെല്ലാം വേഷത്തിലാണു ജീവിക്കുന്നതു്. പല രീതിയില്‍ മുടിയും വെട്ടി, പൊട്ടും തൊട്ടു്, പല ഫാഷനുകളിൽ വസ്ത്രങ്ങളും ധരിച്ചു വേഷത്തില്‍ മുങ്ങിയാണു് ഇന്നത്തെ ലോകം കഴിയുന്നതു്. വേഷത്തെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ല. ഓരോതരം വേഷത്തിനും അതിൻ്റെതായ പ്രാധാന്യമുണ്ടു്. ഒരു സന്ന്യാസിയുടെയും വക്കീലിൻ്റെയും പോലീസുകാരൻ്റെയും വേഷങ്ങള്‍ വ്യത്യസ്തങ്ങളായ ഭാവങ്ങളാണു നമ്മില്‍ ഉണര്‍ത്തുന്നതു്. ഒരാള്‍ കാട്ടില്‍നിന്നും അന്യായമായി തടി മുറിച്ചു കൊണ്ടു നില്ക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ സാധാരണ വേഷത്തില്‍ വന്നു വിലക്കിയപ്പോള്‍, അയാള്‍ ഗൗനിച്ചില്ല. പോലീസുകാരന്‍ പോയി, തൻ്റെ യൂണിഫോമില്‍ വീണ്ടും വന്നു. പോലീസുവേഷം ദൂരെനിന്നു കണ്ട നിമിഷം തന്നെ തടിവെട്ടുകാരന്‍ ഓടിയൊളിച്ചു. ഇതാണു വേഷത്തിൻ്റെ പ്രാധാന്യം.

ഒരു വലിയ ചായസല്ക്കാരം നടക്കുകയാണു്. എല്ലാവരും വളരെ വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞാണു് അവിടെ വന്നിട്ടുള്ളതു്. ഒരാള്‍ സാധാരണ വേഷത്തില്‍ വന്നു. കാവല്ക്കാര്‍ അദ്ദേഹത്തെ കടത്തിവിട്ടില്ല. ആ മനുഷ്യന്‍ തിരിച്ചുപോയി വില കൂടിയ വസ്ത്രങ്ങളും അണിഞ്ഞു് തിരിച്ചുവന്നു. അപ്പോള്‍ അയാളെ കടത്തിവിട്ടു. അദ്ദേഹം ഭക്ഷണമേശയ്ക്കു മുന്‍പിലെത്തി. തൻ്റെ കോട്ടും സൂട്ടും മറ്റും ഊരി ഒരു പാത്രത്തിനു മുന്നില്‍ വച്ചു. തൊപ്പി ഊരി മറ്റൊരു പാത്രത്തിനു മുന്‍പിലും ടൈ അഴിച്ചു ചായക്കപ്പിൻ്റെ മുന്നിലും വച്ചു. ആളുകള്‍ അദ്ദേഹത്തിനു ഭ്രാന്താണെന്നു കരുതി അടുത്തെത്തി. അദ്ദേഹം പറഞ്ഞു, ”ഞാന്‍ സാധാരണ വേഷം അണിഞ്ഞു വന്നപ്പോള്‍ എന്നെ കയറ്റി വിട്ടില്ല. ഈ വേഷങ്ങള്‍ അണിഞ്ഞു വന്നപ്പോള്‍ പ്രവേശനം കിട്ടി. അപ്പോള്‍ ഈ ചായസല്ക്കാരം എനിക്കുവേണ്ടിയല്ല, ഈ വേഷങ്ങള്‍ക്കു വേണ്ടിയാണെന്നു മനസ്സിലായി!” ഇതുപോലെയാണു് ഇന്നത്തെ ലോകം. പുറംമോടിയിലാണു് ആളുകള്‍ക്കു വിശ്വാസം. വേഷത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാനാണു് എല്ലാവരുടെയും ശ്രമം. ഉള്ളിലെ സൗന്ദര്യത്തെക്കുറിച്ചു് അന്വേഷിക്കുന്നവര്‍ വിരളം. എല്ലാ വേഷംകെട്ടലുകളും കളയുവാനുള്ളതാണു് അമ്മയുടെ ഈ വേഷം. മുള്ളു മുള്ളുകൊണ്ടു വേണം എടുക്കുവാന്‍.