ചോദ്യം : ധ്യാനം ചെയ്യുന്നതുകൊണ്ടു് എന്തെങ്കിലും ദോഷമുണ്ടോ? ചിലരൊക്കെ ധ്യാനിച്ചു തല ചൂടാവുന്നതായി പറയുന്നതു കേള്‍ക്കാമല്ലോ.
അമ്മ: എങ്ങനെ ധ്യാനിക്കണം, എത്ര സമയം ധ്യാനിക്കണം എന്നൊക്കെ ഒരു ഗുരുവില്‍നിന്നു മനസ്സിലാക്കുന്നതാണു് ഉത്തമം. ധ്യാനം എന്നതു് ഒരു ടോണിക്കു പോലെയാണു്. ടോണിക്കു കഴിക്കുന്നതിനു് ഒരു ക്രമമുണ്ടു്. ക്രമം തെറ്റിച്ചു കുടിച്ചാല്‍ അപകടമാണു്. ശരീരപുഷ്ടിക്കുള്ളതാണെങ്കിലും മിക്ക ടോണിക്കും ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചേ കഴിക്കുവാന്‍ പാടുള്ളൂ. അതുപോലെ ഗുരുവിൻ്റെ നിര്‍ദ്ദേശമനുസരിച്ചു വേണം ധ്യാനം ചെയ്യാന്‍. ഗുരു നമ്മുടെ ശാരീരികവും മാനസികവുമായ നില എങ്ങനെയുണ്ടെന്നു നോക്കിയതിനു ശേഷമാണു സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു്. ചിലര്‍ക്കു് എത്ര ധ്യാനിച്ചാലും ദോഷമില്ല. എന്നാല്‍ എല്ലാവരുടെയും സ്ഥിതി അങ്ങനെയല്ല. ചിലര്‍ പെട്ടെന്നുള്ള ആവേശത്തില്‍ വളരെ സമയം തുടര്‍ച്ചയായി ധ്യാനിക്കും, അല്ലെങ്കില്‍ ജപിക്കും. ഉറങ്ങാന്‍കൂടി കൂട്ടാക്കുകയില്ല. യാതൊരു നിയന്ത്രണവും പാലിക്കില്ല. ശാസ്ത്രം മനസ്സിലാക്കിയും അറിവുള്ളവരുടെ നിര്‍ദ്ദേശപ്രകാരവും ആയിരിക്കില്ല അവരുടെ ഈ അഭ്യാസം. പെട്ടെന്നുള്ള ഒരാവേശംകൊണ്ടു ചെയ്യുന്നതാണു്. ഇങ്ങനെയാകുമ്പോള്‍ ഉറക്കം കുറയും. തല ചൂടാകും. കാരണം ശരീരത്തിനു താങ്ങാവുന്നതിലും അധികമാണിതു്.
ഒരോരുത്തരുടെയും ശരീരത്തിൻ്റെയും മനസ്സിൻ്റെയും നിലയനുസരിച്ചു്, അവര്‍ക്കു താങ്ങാവുന്നതിനു് ഒരു പരിധിയുണ്ടു്. നൂറു പേരു കയറുന്ന വണ്ടിയില്‍ അഞ്ഞൂറു പേരെ കയറ്റിയാല്‍, അതിനു വലിക്കാന്‍ പ്രയാസമാണു്. കുറച്ചു ധാന്യങ്ങള്‍ പൊടിക്കാനുള്ള ചെറിയ മിക്‌സിയില്‍ ഇരട്ടി ധാന്യം പൊടിക്കാനിട്ടാല്‍ മോട്ടോര്‍ ചൂടായി അതു കേടാകും. തുടര്‍ച്ചയായി വീണ്ടും ഓടിച്ചാല്‍ അതു കത്തി നശിക്കും. ഇതുപോലെ തുടക്കത്തിലുള്ള ആവേശത്തില്‍ നിയന്ത്രണം വിട്ടു, ജപധ്യാനവും മറ്റും ശീലിച്ചാല്‍, തല ചൂടാകും. മറ്റു അസ്വസ്ഥതകള്‍ ഉണ്ടാകും. അതിനാലാണു് ഇതെല്ലാം ഗുരുമുഖത്തുനിന്നും മനസ്സിലാക്കിച്ചെയ്യണം എന്നു പറയുന്നതു്. ”നമ്മില്‍ എല്ലാം ഉണ്ടു്. നമ്മള്‍ ഈശ്വരന്‍തന്നെ” എന്നു് എല്ലാവരും പറയും. ഇതു വാക്കുകൊണ്ടുള്ള പറച്ചില്‍ മാത്രമാണു്. അനുഭവത്തില്‍നിന്നുള്ളതല്ല. ഓരോ ഉപാധിക്കും താങ്ങാന്‍ പറ്റുന്ന ഒരു അളവുണ്ടു്. സീറോ വാട്ട് ബള്‍ബിനു നൂറു വാട്ടിൻ്റെ പ്രകാശം കിട്ടില്ല. ഓരോരുത്തരുടെയും ഉപാധിയനുസരിച്ചു്, ശരീരമനസ്സുകളുടെ കഴിവനുസരിച്ചു്, സാധനാനുഷ്ഠാനങ്ങള്‍ക്കു് ഒരു ക്രമമുണ്ടു്. ജനറേറ്റര്‍ കറണ്ടു തരും. പക്ഷേ, അതിനു താങ്ങാവുന്നതിലും അധികം ലോഡു കൊടുത്താല്‍ അതു കത്തിപ്പോകും. ഇതുപോലെ സാധന അനുഷ്ഠിക്കുമ്പോള്‍, തൻ്റെ ശരീരമനസ്സുകള്‍ക്കു താങ്ങാവുന്നതിനപ്പുറം പോകുന്നുണ്ടോ എന്നു ശ്രദ്ധിക്കണം.
ഒരു വണ്ടി വാങ്ങിയാല്‍, തുടക്കത്തില്‍, അമിതവേഗതയില്‍ ഓടിക്കാന്‍ പാടില്ല. വേഗത കൂട്ടുന്നതിനു ചില നിയന്ത്രണങ്ങള്‍ ഉണ്ടു്. അതനുസരിച്ചേ പോകുവാന്‍ പാടുള്ളൂ. മറിച്ചായാല്‍ അധികകാലം അതുപയോഗിക്കുവാന്‍ കഴിയില്ല. ഇതുപോലെയാണു സാധനയുടെ കാര്യവും. ഒരു സാധകന്‍ തുടക്കത്തില്‍, അമിതമായും ഉറക്കം തീരെ വേണ്ടെന്നു വച്ചും ധ്യാനിക്കാനും ജപിക്കാനും പാടില്ല. ധ്യാനവും ജപവും കര്‍മ്മവും സ്വാദ്ധ്യായവും എല്ലാം ക്രമമായി, ചിട്ടയോടെ കൊണ്ടുപോകണം. മാനസികവിഭ്രാന്തിയുള്ളവരുണ്ടു്. അവര്‍ അമിതമായി ധ്യാനിച്ചാല്‍ ശരീരം ചൂടാകും. അങ്ങനെയായാല്‍ മനസ്സിൻ്റെ ഭ്രമം വര്‍ദ്ധിക്കുകയേയുള്ളൂ. അവര്‍ക്കു കര്‍മ്മമാണു മുഖ്യമായി വേണ്ടതു്. മനസ്സിൻ്റെ വിഭ്രാന്തിയകറ്റുവാന്‍ ശ്രദ്ധ കര്‍മ്മത്തിലേക്കു തിരിച്ചുവിടണം. ജോലികളില്‍ ശ്രദ്ധിക്കുമ്പോള്‍ മനസ്സു്, അവിടെ കേന്ദ്രീകരിക്കും. ക്രമേണ നിയന്ത്രണത്തിലാകും. അവരെ ജോലി ചെയ്യിക്കാതെ വെറുതെ ഇരുത്തിയാല്‍ ഒന്നുകൂടി കഷ്ടമാവുകയേയുള്ളൂ. അവര്‍ക്കു ടെന്‍ഷന്‍ അധികമില്ലെങ്കില്‍ പത്തു പതിനഞ്ചു മിനിട്ടു ധ്യാനിക്കാം. അതുമതിയാകും.
ഇങ്ങനെ, പല സ്വഭാവക്കാരുണ്ടു്. ഓരോരുത്തര്‍ക്കും ഓരോ രീതിയാണു നിര്‍ദ്ദേശിക്കേണ്ടതു്. വെറുതെ പുസ്തകം നോക്കി ധ്യാനം ശീലിച്ചാല്‍, ഇതേ രീതിയിലുള്ള നിയന്ത്രണങ്ങള്‍ സാധിക്കാതെ വരും. അതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നമ്മള്‍ ഒരു വീട്ടില്‍ ചെന്നു. അവിടെ കടിക്കുന്ന പട്ടിയുണ്ടെന്നു മനസ്സിലായി. നമ്മള്‍ ഗേറ്റിനു വെളിയില്‍നിന്നു യജമാനനെ വിളിക്കും. യജമാനന്‍ വന്നു പട്ടിയെ കെട്ടിയതിനുശേഷം നമ്മളെ വിളിക്കുന്നതുവരെ, വെളിയില്‍ കാത്തുനില്ക്കും. മറിച്ചു്, ഇത്രയും ക്ഷമ കാട്ടാതെ, നേരെ ഗേറ്റു തുറന്നു അകത്തേക്കു കയറിച്ചെന്നാല്‍ പട്ടിയുടെ കടി കൊള്ളേണ്ടി വരും. അറിവുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാതെ, സ്വയം മുന്നോട്ടു പോയാല്‍, ഇതുപോലെയുള്ള അപകടങ്ങളില്‍ ചെന്നു പെടേണ്ടിവരും. സാധകൻ്റെതു് ഒരു യാത്രയാണു്. ക്രൂരജന്തുക്കള്‍ നിറഞ്ഞ അപകടങ്ങള്‍ നിറഞ്ഞ, ഒരു വനത്തില്‍ക്കൂടിയുള്ള യാത്രയാണിതു്. വഴിയറിയാവുന്ന ഒരാള്‍ ആവശ്യമാണു്. ഇന്നയിടത്തു് ഇന്നതുണ്ടു് എന്നു പറഞ്ഞുതരാന്‍ ഒരാളു വേണ്ടേ? ‘അങ്ങോട്ടു പോകണം, ഇങ്ങോട്ടു പോകരുതു്’ എന്നിങ്ങനെ, ശരിയായ വഴി കാട്ടിത്തരാന്‍ ഒരാളു വേണ്ടേ? തന്നിഷ്ടപ്രകാരം നീങ്ങിയിട്ടു് ഈശ്വരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
ഒരാള്‍ മദ്യപിച്ചു വണ്ടി ഓടിച്ചു. നിയന്ത്രണം വിട്ടു വണ്ടി ഒരാളെ ചെന്നിടിച്ചു. ഡ്രൈവറെ പോലീസു് അറസ്റ്റു ചെയ്തപ്പോള്‍, അയാള്‍ പറയുകയാണു്, ”സാറേ, വണ്ടി ചെന്നിടിച്ചതു് എൻ്റെ കുറ്റമല്ല. പെട്രോളിൻ്റെ കുറ്റമാണു്.” ഇതുപോലെയാണു്, നമ്മുടെ അശ്രദ്ധ കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്കു് ഈശ്വരനെ കുറ്റം പറയുന്നതു്. ഏതിനും ഒരു ധര്‍മ്മമുണ്ടു്. അതനുസരിച്ചു വേണം നമ്മള്‍ നീങ്ങുവാന്‍. ധ്യാനത്തിനും അതിൻ്റെതായ രീതിയുണ്ടു്. ഓരോ സാധനയ്ക്കും വേണ്ട നിയമങ്ങളും മാര്‍ഗ്ഗങ്ങളും ഗുരുക്കന്മാര്‍ പറഞ്ഞിട്ടുണ്ടു്. സാധനാക്രമം നിശ്ചയിക്കേണ്ടതു് ഓരോരുത്തരുടെയും ശരീരത്തിൻ്റെയും മനസ്സിൻ്റെയും സ്ഥിതി നോക്കിയാണു്. എല്ലാവര്‍ക്കും ഒരേ മാര്‍ഗ്ഗം യോജിക്കില്ല. തിയറി ആര്‍ക്കും വായിച്ചു പഠിക്കാം; എന്നാല്‍ പ്രാക്ടിക്കലിനു പരിശീലനം കിട്ടാന്‍ അതറിയാവുന്ന ഒരാള്‍ കൂടെയുണ്ടാകണം. തനിയെ പഠിക്കാന്‍ പ്രയാസമാണു്. അതുപോലെ സാധനയില്‍ മാര്‍ഗ്ഗദര്‍ശനം നല്കാന്‍ ഒരു ഗുരു ആവശ്യമാണു്.