ചോദ്യം : ആദ്ധ്യാത്മികജീവിതത്തില്‍ മുന്നേറാന്‍ ആദ്യമായി എന്താണു വേണ്ടതു്?

അമ്മ: ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍ അതിൻ്റെ പരിമണവും സൗന്ദര്യവും അറിയുവാനാവില്ല. അതു വിടരണം. ക്ഷമയില്ലാതെ അതു വലിച്ചു കീറിയാല്‍ ഒരു പ്രയോജനവുമില്ല. ആ മൊട്ടു സ്വാഭാവികമായി വിടരാന്‍ വേണ്ടി ക്ഷമയോടെ കാത്തിരിക്കണം. അപ്പോള്‍ മാത്രമേ അതിൻ്റെ സൗരഭ്യവും സൗന്ദര്യവും പൂര്‍ണ്ണമായും അനുഭവിക്കുവാന്‍ കഴിയൂ. ഇവിടെ വേണ്ടതു ക്ഷമയാണു്. ഏതു കല്ലിലും വിഗ്രഹം ഒളിഞ്ഞിരിപ്പുണ്ടു്. ശില്പി അതിൻ്റെ വേണ്ടാത്ത ഭാഗങ്ങള്‍ കൊത്തിമാറ്റുമ്പോഴാണു് വിഗ്രഹം തെളിഞ്ഞുവരുന്നതു്. എന്നാല്‍, ആ കല്ലു് എത്രയോ നേരം ആ ശില്പിയുടെ മുന്നില്‍ ക്ഷമയോടെ ഇരുന്നു കൊടുത്തതിൻ്റെ ഫലമാണു്, അതില്‍ ആ സുന്ദര രൂപം തെളിഞ്ഞു വന്നതു്.

ഏതു കല്ലിലും വിഗ്രഹം ഒളിഞ്ഞിരിപ്പുണ്ടു്.

തമാശയായി പറയാറുണ്ടു്: ശബരിമലയിലെ അടിവാരത്തിലെ കല്ലു പറയുകയാണു്, ”ഞാനും കല്ലാണു്, മുകളിലുള്ളതും കല്ലാണു്. എന്നെ എല്ലാവരും ചവിട്ടുന്നു. മുകളില്‍ ഉള്ളതിനെ എല്ലാവരും ആരാധിക്കുന്നു.” ഇതു കേട്ട ക്ഷേത്രത്തിലെ വിഗ്രഹം പറഞ്ഞു, ”ഇപ്പോള്‍ എന്നെ എല്ലാവരും ആരാധിക്കുന്നതു മാത്രമേ നീ കാണുന്നുള്ളൂ. എന്നാല്‍, ഇവിടെ വരുന്നതിനു മുന്‍പു് ഒരു ശില്പി എൻ്റെ ദേഹത്തു് ഉളികൊണ്ടു ലക്ഷക്കണക്കിനു കൊത്തുകള്‍ കൊത്തി. ആ സമയം എല്ലാം, ഞാന്‍ നിശ്ചലനായി ഇരുന്നു കൊടുത്തു. അതിൻ്റെ ഫലമാണു് എന്നെ ഇന്നു് അനേകര്‍ ആരാധിക്കുന്നതു്.” ആ ശിലയുടെ ക്ഷമയാണു് ഇന്നതിനെ പൂജാ വിഗ്രഹമാക്കി മാറ്റിയിരിക്കുന്നതു്.

കുന്തിയുടെയും ഗാന്ധാരിയുടെയും കഥ എല്ലാവര്‍ക്കും അറിയാവുന്നതാണു്. ക്ഷമയുടെയും അക്ഷമയുടെയും നേട്ടവും കോട്ടവും ആണു് ഇവിടെയും നമുക്കു കാണുവാന്‍ കഴിയുന്നതു്. കുന്തി പ്രസവിച്ചപ്പോള്‍ ഗാന്ധാരിക്കു വിഷമമായി. തൻ്റെ കുട്ടി രാജാവാകണമല്ലോ. എന്നാല്‍, ജനിക്കുന്നുമില്ല. വെപ്രാളമായി. ക്ഷമ നശിച്ചു. വയറ്റിലിടിച്ചിടിച്ചു് പ്രസവിച്ചു; കിട്ടിയതോ, മാംസപിണ്ഡം. അതു കഷ്ണങ്ങളാക്കി കുടത്തിലടച്ചു. അങ്ങനെ നൂറ്റവര്‍ ജനിച്ചതായി കഥ പറയും. അവസാനംവരെ കാത്തിരിക്കുവാനുള്ള ക്ഷമയുണ്ടായില്ല. ഫലമോ, അക്ഷമയുടെ സൃഷ്ടി, നാശത്തിനു കാരണമായി. ക്ഷമയില്‍നിന്നും വന്നതു വിജയവും നേടി.

ആദ്ധ്യാത്മികജീവിതത്തിലും മുഖ്യമായി വേണ്ട ഗുണം ക്ഷമയാണു്.
ഒരു കുട്ടിയെപ്പോലെ തുടക്കക്കാരനായിരിക്കാന്‍ നാം പഠിക്കണം. തുടക്കക്കാരനേ ക്ഷമയുണ്ടാവുകയുള്ളൂ. ശ്രദ്ധയുണ്ടാവുകയുള്ളൂ. നമ്മില്‍ ഒരു കുട്ടിയുണ്ടു്. അതു് ഉറങ്ങിക്കിടക്കുകയാണു് എന്നു മാത്രം. അതിനെ ഉണര്‍ത്തണം. ഇപ്പോഴുള്ള ‘ഞാന്‍’ അഹങ്കാരത്തിൻ്റെ സൃഷ്ടിയാണു്. എന്നാല്‍, ആ ഉറങ്ങിക്കിടക്കുന്ന കുട്ടി ഉണര്‍ന്നു കഴിയുമ്പോള്‍, നിഷ്‌കളങ്കത താനേ വരും. ഏതില്‍നിന്നും പാഠങ്ങള്‍ ഗ്രഹിക്കാനുള്ള ആഗ്രഹം വരും. അപ്പോള്‍ ക്ഷമയും ശ്രദ്ധയും താനേ വന്നുചേരും. അങ്ങനെ നമ്മളിലെ ആ കുട്ടി, വളരുമ്പോള്‍ ക്ഷമയും ശ്രദ്ധയും നമ്മളില്‍ നിറഞ്ഞു നില്ക്കും. പഴയ ‘ഞാനിനു്’, അഹങ്കാരത്തിൻ്റെ സൃഷ്ടിയായ ഞാനിനു്, പിന്നെ അവിടെ വസിക്കാന്‍ ഇടംകിട്ടില്ല.


ഒരു കുട്ടിയെപ്പോലെ തുടക്കക്കാരനായിരിക്കാന്‍ പഠിക്കുക

എപ്പോഴും ആ തുടക്കക്കാരൻ്റെ ഭാവമുണ്ടായിരുന്നാല്‍ ഏതില്‍നിന്നും ഏതു് അവസരത്തിലും പാഠങ്ങള്‍ പഠിക്കുവാന്‍ സാധിക്കും. എപ്പോഴും നമുക്കു വേണ്ടതു കിട്ടിക്കൊണ്ടിരിക്കും. തുടക്കക്കാരൻ്റെ ഈ ഒരു ഭാവം ജീവിതത്തില്‍ അങ്ങേയറ്റംവരെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ നമുക്കു് ഒന്നും നഷ്ടമാവില്ല, എപ്പോഴും നേട്ടം മാത്രമായിരിക്കും. ഇന്നു് എല്ലാവര്‍ക്കും പല്ലു കാട്ടിയുള്ള ചിരി മാത്രമേ അറിയുകയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ ചിരി ഹൃദയത്തിൻ്റെതാണു്. നിഷ്‌കളങ്കമായ ഹൃദയത്തില്‍ക്കൂടി മാത്രമേ നമുക്കു യഥാര്‍ത്ഥ ആനന്ദം അനുഭവിക്കുവാനും പകരുവാനും കഴിയൂ. അതിനു വേണ്ടതു് ഇന്നു മറഞ്ഞുകിടക്കുന്ന ആ കുഞ്ഞു ഹൃദയത്തെ പുറത്തുകൊണ്ടുവരുകയാണു്. അതിനെ വളര്‍ത്തി എടുക്കണം. ‘സീറോ’ ആയാല്‍ ‘ഹീറോ’ ആകാം എന്നു പറയുന്നതു് ആ അഹങ്കാരത്തിൻ്റെ ‘ഞാന്‍’ ഇല്ലാതാകുന്നതിനെപ്പറ്റിയാണു്.