ചോദ്യം : അമ്മ എന്തുകൊണ്ടാണു നിസ്സ്വാര്‍ത്ഥ കര്‍മ്മത്തിനു് ഇത്ര പ്രാധാന്യം കൊടുക്കുന്നതു്?
അമ്മ: ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങള്‍പോലെയാണു ശാസ്ത്രപഠനവും ധ്യാനവും. എന്നാല്‍ അതിലെ മുദ്ര നിഷ്‌കാമസേവനമാണു്. നാണയത്തിനു മൂല്യം നല്കുന്നതു് അതിലെ മുദ്രയാണു്.
ഒരു കുട്ടി എം.ബി.ബി.എസ്. പാസ്സായിക്കഴിഞ്ഞു എന്നതുകൊണ്ടുമാത്രം എല്ലാവരെയും ചികിത്സിക്കാന്‍ കഴിയണമെന്നില്ല. ഹൗസ് സര്‍ജന്‍സി കൂടി കഴിയണം. അതാണു്, പഠിച്ചതു പ്രായോഗികതലത്തില്‍ കൊണ്ടുവരുവാനുള്ള അനുഭവജ്ഞാനം നല്കുന്നതു്. ശാസ്ത്രത്തില്‍ പഠിച്ചതു ബുദ്ധിയില്‍ ഇരുന്നാല്‍ മാത്രം പോരാ, പ്രവൃത്തിയില്‍ തെളിയണം. എത്രയൊക്കെ ശാസ്ത്രം പഠിച്ചാലും സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ മനസ്സിനെ പഠിപ്പിക്കണമെങ്കില്‍, അതിനുള്ള എളുപ്പമാര്‍ഗ്ഗം കര്‍മ്മയോഗം തന്നെയാണു്.
നമ്മള്‍ ലോകത്തിലിറങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ ഓരോ സാഹചര്യത്തിലും മനസ്സു് എങ്ങനെ പ്രതികരിക്കുന്നു എന്നറിയുവാന്‍ കഴിയും. സാഹചര്യം വരാതെ, നമുക്കു നമ്മെ അറിയുവാന്‍ കഴിയില്ല. മഞ്ഞുമലയിൽ കിടക്കുന്ന പാമ്പു് ആരെയും കൊത്തില്ല. എത്ര സാധുവാണു് അതെന്നു കാണുന്നവര്‍ക്കു തോന്നും. എന്നാല്‍, അതിനെ അവിടെ നിന്നൊന്നു മാറ്റി, അല്പം ചൂടേല്ക്കാന്‍ അനുവദിക്കട്ടെ, അതിൻ്റെ തനി സ്വരൂപം ആ സമയം അറിയാന്‍ പറ്റും. സാഹചര്യം അനുകൂലിക്കുമ്പോള്‍, വാസനകള്‍ താനെ ഉയരുന്നതു കാണാം. മഞ്ഞില്‍ക്കിടന്ന പാമ്പ് ചൂടു തട്ടിയപ്പോള്‍, ഫണം വിടര്‍ത്തി ഉയര്‍ന്നതുപോലെ. വാസനകള്‍ ഓരോന്നായി ഉയരുന്നതു കാണുമ്പോള്‍ നമുക്കവയെ ഒന്നൊന്നായി കൊയ്‌തൊടുക്കുവാന്‍ സാധിക്കണം. അതിനു വേണ്ട കരുത്തു മനസ്സിനു പകരുന്നതു്, നമ്മള്‍ നിഷ്‌കാമസേവനം ചെയ്യുന്ന അവസരങ്ങളാണു്.
സ്വാര്‍ത്ഥരഹിതമായ കര്‍മ്മം, മറ്റുള്ളവരോടുള്ള കാരുണ്യം ഇവയൊക്കെയാണു നമ്മെ ആഴത്തിലേക്കു നയിക്കുന്നതു്. ആത്മാവിനെ മറച്ചിരിക്കുന്ന അഹങ്കാരത്തെ കളയുവാനുള്ള ഉപാധി സ്വാര്‍ത്ഥതയില്ലാത്ത കര്‍മ്മമാണു്. ബന്ധമില്ലാത്ത കര്‍മ്മം ഒരുവനെ മോക്ഷത്തിലേക്കു നയിക്കുന്നു. അതു കര്‍മ്മമല്ല, കര്‍മ്മയോഗമാണു്. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോടു പറയുന്നു, ”അര്‍ജ്ജുനാ, എനിക്കു മൂന്നു ലോകത്തിലും നേടേണ്ടതായി ഒന്നുമില്ല. എന്നാലും ഞാനിതാ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്നു.” ഭഗവാൻ്റെ കര്‍മ്മം ബന്ധമില്ലാത്ത കര്‍മ്മമാണു്, നിഷ്‌കാമകര്‍മ്മമാണു്. ഭഗവാന്‍ അര്‍ജ്ജുനനെ കര്‍മ്മം ചെയ്യുവാന്‍ ഉപദേശിക്കുമ്പോള്‍, അവിടുന്നു് ഉദ്ദേശിക്കുന്നതു്, ബന്ധമില്ലാത്ത കര്‍മ്മമാണു്.
ഒരാള്‍ക്കു പൂജയുടെ ആവശ്യത്തിനു് ഉരുളന്‍കല്ലു വേണം. അയാള്‍ ഉരുളന്‍ കല്ലു് അന്വേഷിച്ചു് നാടെല്ലാം അലഞ്ഞു. അവസാനം കല്ലു തേടി മലമുകളില്‍ കയറി. അവിടെയെല്ലാം നോക്കിയിട്ടും, ഉരുളന്‍കല്ലു് ഒരെണ്ണംപോലും കാണുവാനില്ല. അയാള്‍ ദേഷ്യവും സങ്കടവുംകൊണ്ടു് ഒരു കല്ലു താഴേക്കിട്ടു. നിരാശയോടെ അയാള്‍ മലയില്‍നിന്നുമിറങ്ങി. താഴെ വന്നു നോക്കുമ്പോള്‍ അവിടെ ഒരു നല്ല ഉരുളന്‍ കല്ലു്. അതിനു മുനകള്‍ ഒന്നുമില്ല. അയാള്‍ മലമുകളില്‍നിന്നും തട്ടി താഴേക്കു് ഇട്ട കല്ലായിരുന്നു അതു്. താഴേക്കു വീണപ്പോള്‍ മറ്റു കല്ലുകളില്‍ തട്ടിത്തട്ടി അതിൻ്റെ കൂര്‍ത്ത മുനകള്‍ എല്ലാം പോയിരിക്കുന്നു. ആ കല്ലു് മലമുകളില്‍ കിടന്നിരുന്നുവെങ്കില്‍, അതിൻ്റെ മുനകള്‍ ഒന്നും നഷ്ടമാകുമായിരുന്നില്ല. താഴേക്കു വന്നതുകൊണ്ടു മുനകള്‍ എല്ലാം പോയി. പൂജയ്ക്കു പറ്റിയ ഉരുളന്‍ കല്ലായി മാറി. അതുപോലെ ഞാനെന്ന ഭാവത്തില്‍നിന്നു് എളിമയിലേക്കു വരുമ്പോള്‍ മാത്രമേ അഹങ്കാരത്തിൻ്റെ കൂര്‍ത്തു മൂര്‍ത്ത മുനകള്‍ തേഞ്ഞു്, മനസ്സു് സദാ പൂജാഭാവം കൈവരിക്കുകയുള്ളൂ. അഹങ്കാരത്തില്‍നിന്നാല്‍ ഒന്നും നേടുവാനാവില്ല; വിനയത്തിലേ, നേട്ടമുള്ളൂ. അനേകം പാറക്കല്ലുകള്‍ ഒരുമിച്ചിട്ടു കറക്കുമ്പോള്‍, അതിൻ്റെ മുനകള്‍ നഷ്ടമായി നല്ല ആകൃതി കൈക്കൊള്ളുന്നു. നിഷ്‌കാമഭാവം ഇതേപോലെ, ഒരുവനിലെ അഹങ്കാരത്തെ കളയുവാന്‍ സഹായിക്കുന്നു. അതിനാലാണു നിഷ്‌കാമകര്‍മ്മത്തിനു് ഇത്ര പ്രാധാന്യം നല്കുന്നതു്.
അഹങ്കാരം ഉള്ളിടത്തോളം, ഗുരുവിൻ്റെ നേരിട്ടുള്ള മാര്‍ഗ്ഗദര്‍ശനം ആവശ്യമാണു്. ഗുരുവിൻ്റെ ഇച്ഛാനുസരണം ജീവിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കു് ഓരോ കര്‍മ്മവും, തന്നിലെ അഹങ്കാരത്തിൻ്റെ മുനകളെ ഒടിക്കുവാന്‍ ഗുരു സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണെന്നു് അറിയുവാന്‍ കഴിയും. ഗുരുവില്‍ സ്വാര്‍ത്ഥതയില്ല. ഗുരു ശിഷ്യനു വേണ്ടിയാണു ജീവിക്കുന്നതു്. അങ്ങനെയുള്ള സദ്ഗുരുവില്‍ ശരണാഗതിയുണ്ടാകണം. തിമിരം ബാധിച്ച കണ്ണു ശസ്ത്രക്രിയ ചെയ്യുവാന്‍വേണ്ടി കിടന്നുകൊടുക്കുന്നതുപോലെ, ഗുരുവിൻ്റെ ഇച്ഛാനുസരണം നീങ്ങുവാന്‍ ശിഷ്യനു കഴിയണം. അതാണു ശരണാഗതി. കര്‍മ്മം മാത്രമാണു നമ്മെ ലക്ഷ്യത്തിലേക്കു നയിക്കുന്നതെന്നു് അമ്മ പറയില്ല. കര്‍മ്മവും ജ്ഞാനവും ഭക്തിയും എല്ലാം ആവശ്യമാണു്. പക്ഷിയുടെ ഇരു ചിറകുകള്‍ ഭക്തിയും കര്‍മ്മവുമാണെങ്കില്‍, ജ്ഞാനം അതിൻ്റെ വാലാണു്. ഇതെല്ലാമുണ്ടെങ്കിലല്ലേ ഉയരങ്ങളിലേക്കു പറക്കുവാന്‍ കഴിയൂ.
ജീവിതത്തില്‍ പല സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. ആ സമയങ്ങളില്‍, മനഃസംയമനം വിടാതെ പ്രവര്‍ത്തിക്കണമെങ്കില്‍ വേണ്ട പരിശീലനം മനസ്സിനു ലഭിക്കണം. അതിനുവേണ്ടിയാണു കര്‍മ്മരംഗം. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നതു വെറും ജോലിയല്ല; കര്‍മ്മയോഗമാണു്. അതു സാധനയാണു്. സാധകൻ്റെ കര്‍മ്മമെല്ലാം സാധനയാണു്. ഭക്തൻ്റെ കര്‍മ്മമെല്ലാം ഈശ്വരപൂജയാണു്. ശിഷ്യൻ്റെ കര്‍മ്മം, കര്‍മ്മമല്ല, അതു ഗുരുസേവയാണു്. ഗുരു ഒരു വ്യക്തിയല്ല, ഈശ്വരീയഗുണങ്ങളെക്കൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന ഒരു രൂപമാണു്. ഗുരു ജ്യോതിസ്സുതന്നെയാണു്. കസ്തൂരിമാനിൻ്റെ കസ്തൂരിപോലെയാണു്. രൂപമുണ്ടു്. പക്ഷേ, പിന്നീടു നോക്കുമ്പോള്‍ രൂപമില്ല. ഇതുപോലെയാണു ഗുരു. രൂപമുണ്ടെങ്കിലും നിര്‍ഗ്ഗുണനാണു്. ഗുരു വ്യക്തിയല്ല. ലോകത്തിൻ്റെയാണു്. വ്യക്തിത്വം അവിടെയില്ല. ശിഷ്യനുവേണ്ടി ജീവിക്കുന്നയാളാണു ഗുരു; ഒരിക്കലും തനിക്കുവേണ്ടി ജീവിക്കുന്നവനല്ല. അങ്ങനെയുള്ള ഗുരുവിനെ സേവിക്കുന്നതിലൂടെ ശിഷ്യന്‍ പരമാത്മചൈതന്യത്തെത്തന്നെയാണു ദര്‍ശിക്കുന്നതു്. ഈ ബോധത്തോടെ ചെയ്യുന്ന ഓരോ കര്‍മ്മവും യോഗമായിത്തീരുന്നു. അതവനെ മോക്ഷത്തിലേക്കു നയിക്കുന്നു.