അമ്മയുടെ ജന്മദിന സന്ദേശത്തിൽ നിന്ന് – അമൃത വര്ഷം 65
27 സെപ്തംബർ  2018 – അമൃതപുരി

ഒരു മഹാപ്രളയത്തിനു സാക്ഷിയായതിന്റെ ഞെട്ടലില്‍ കേരളം ഇപ്പോഴും തരിച്ചു നില്‍ക്കുകയാണു്. ഈ അവസരത്തില്‍, വാക്കിനും വാചാലതയ്ക്കും പ്രസക്തിയില്ല. അവസരത്തിനൊത്ത് ഉയരുവാനും മനസ്സിരുത്തി ചിന്തിക്കുവാനും കര്‍മ്മനിരതരാകുവാനുമാണ് ഇപ്പോള്‍ നാം ശ്രദ്ധിക്കേണ്ടതു്. അതാണ് ഏറ്റവും പ്രധാനമായിട്ടുള്ളതു്.

ജീവനും ജീവിതവും നഷ്ടപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം വേദനിക്കുന്നു. അവരുടെ ദുഃഖത്തില്‍ അമ്മ പങ്കുചേരുന്നു, അവര്‍ക്ക് ആത്മവിശ്വാസവും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകുവാന്‍ അമ്മ പരമാത്മാവിനോടു പ്രാര്‍ത്ഥിക്കുന്നു.

ഒരു മഹാദുരന്തത്തിന്റെ തീവ്രമായ അനുഭവത്തിലൂടെ കടന്നുപോയവരോടു വെറും സഹതാപം മാത്രം തോന്നിയിട്ടു കാര്യമില്ല. സഹാനുഭൂതി കൂടിയുണ്ടാകണം. അതു നമ്മള്‍ പ്രകടിപ്പിക്കേണ്ടത് നിസ്വാര്‍ത്ഥസ്‌േനഹത്തിലൂടെയും സേവനത്തിലൂടെയും ആണു്. അതിനുള്ള മനഃശക്തിയും കാരുണ്യവും എല്ലാവരുടെയും ഉള്ളില്‍ ഉറവവറ്റാതെ എപ്പോഴും ഉണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് പ്രളയകാലത്ത് ജനങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതില്‍നിന്നും നമുക്കു കാണാന്‍ കഴിഞ്ഞതു്.

തോരാതെ പെയ്ത പേമാരിയും കരകവിഞ്ഞൊഴുകിയ നദികളും ഉരുള്‍പൊട്ടലും കേരളക്കരയെ ഒരു വന്‍കടല്‍ പോലെയാക്കി മാറ്റിയപ്പോള്‍, ഇവിടുത്തെ ജനങ്ങള്‍ എല്ലാ വിഭാഗീയ ചിന്തകളും മറന്നു. ജാതിമതചിന്തകള്‍ അപ്രത്യക്ഷമായി. പാവങ്ങളെന്നും പണക്കാരെന്നും, താണവരെന്നും ഉയര്‍ന്നവരെന്നുമുള്ള വ്യത്യാസങ്ങള്‍ ഇല്ലാതെയായി. കക്ഷിരാഷ്ട്രീയ ഭിന്നതകളെല്ലാം മാഞ്ഞുപോയി. ചിന്തയും പ്രവൃത്തിയും ഒരേയൊരു ലക്ഷ്യം നേടാനായി ഒന്നിച്ചൊഴുകി. അതോടെ പരസ്പരം അറിയാനും ദുഃഖിക്കുന്നവര്‍ക്കു താങ്ങും തണലുമാകുവാനും ആര്‍ക്കും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. മാത്രമല്ല, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാനുള്ള ശക്തിയുമുണ്ടായി. അങ്ങനെ ഹൃദയങ്ങള്‍ ഒന്നായി. കാരുണ്യം മാത്രമായി. അതു കരകവിഞ്ഞൊഴുകി. അപ്പോള്‍, കരുണയുടെ മറ്റൊരു കടല്‍കൂടി ഇവിടെ പ്രത്യക്ഷപ്പെടുന്നതു നമുക്കു കാണാന്‍ കഴിഞ്ഞു.

ഇവിടെ കോളേജില്‍ പഠിക്കുന്ന നൂറുകണക്കിനു മക്കള്‍ ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച്, പ്രളയത്തില്‍ പലയിടങ്ങളിലും കുടുങ്ങിക്കിടന്ന നിസ്സഹായരെ രക്ഷിക്കുവാന്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. മക്കള്‍ ഒരു ‘ഹെല്‍പ്‌ലൈന്‍’ സ്ഥാപിച്ചു. ഇരുപത്തിനാലു മണിക്കുറും അവര്‍ സേവനം ചെയ്തു. പല ഇടങ്ങളിലായി കുടുങ്ങിക്കിടന്ന അനവധി പേരെ രക്ഷപെടുത്താന്‍ അവര്‍ സഹായിച്ചു. ആ കൂട്ടായ്മയുടെ പിറകില്‍ പ്രവര്‍ത്തിച്ച വികാരം പ്രളയത്തില്‍ പെട്ടുപോയവരോട് അവര്‍ക്കു തോന്നിയ
സ്നേഹവും കാരുണ്യവുമാണു്. സഹജീവികളോട് അവര്‍ക്കു തോന്നിയ നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ ശക്തിയാണ് ആ കര്‍മ്മം അങ്ങേയറ്റം ഭംഗിയാക്കാനും വിജയിപ്പിക്കാനും മറ്റുള്ളവര്‍ക്കും അതൊരു പ്രചോദനം ആകാനും അവരെ സഹായിച്ചതു്.

ആ സമയത്ത്, ‘ഞാന്‍’ എന്നും ‘അവര്‍’ എന്നും ഉള്ള ചിന്ത ഉണ്ടായിരുന്നില്ല. കാരുണ്യത്തിന്റെ ശക്തി അവരെ’നമ്മള്‍’ എന്ന ഐക്യബോധത്തിലേക്ക് ഉയര്‍ത്തി. ആ ബോധമാണവരെ മുന്നോട്ടു
നയിച്ചതു്. ആ അത്ഭുതശക്തിയെ ഉള്ളിലെപ്പോഴും ജ്വലിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍, പിന്നെ ജീവിതം ഒരു നദീപ്രവാഹം പോലെ സുന്ദരമാകും. തടസ്സങ്ങളില്ലാതെ അതു  മുന്നോട്ടൊഴുകിക്കൊണ്ടിരിക്കും. തടസ്സങ്ങളൊന്നും ഉണ്ടാകില്ല എന്നല്ല. തടസ്സങ്ങള്‍ നമ്മളെ തടുത്തു നിര്‍ത്തില്ല, ഒന്നില്‍ നിന്നും പിന്‍തിരിപ്പിക്കില്ല. നദിയൊഴുകുന്നതു പോലെ എല്ലാത്തിനും അതീതമായി, പ്രതിബന്ധങ്ങളെ
അതിജീവിച്ചുകൊണ്ട് ജീവിതം മുന്നോട്ടൊഴുകും.

എന്നാല്‍, ഉള്ളില്‍ തെളിയുന്ന കാരുണ്യത്തിന്റെ ആ പ്രകാശനാളത്തെ, ഏതു പ്രതിസന്ധിയെയും നേരിടാനും തരണം ചെയ്യാനുമുള്ള ആ ശക്തിയെ, തുടര്‍ന്നും ജ്വലിപ്പിച്ചു നിര്‍ത്താന്‍ നമുക്കു കഴിയാതെ പോകുന്നു. അധികം വൈകാതെ അതണഞ്ഞുപോകുന്നു. ജനങ്ങള്‍ വീണ്ടും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ചേരിതിരിഞ്ഞുനിന്ന് പരസ്പരം കുറ്റപ്പെടുത്തുകയും
തമ്മില്‍ത്തല്ലി കലഹിക്കുയും ചെയ്യുന്നു. ഫലപ്രദമായി ഉപയോഗിക്കേണ്ട എത്രമാത്രം സമയവും ഊര്‍ജ്ജവുമാണ് ഇത്തരത്തിലുള്ള പഴിചാരലുകളിലൂടെ നമ്മള്‍ പാഴാക്കിക്കളയുന്നതു്…!

ഒരു സമൂഹത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ വളര്‍ച്ചയ്ക്ക്, ചോദ്യംചെയ്യലും വിമര്‍ശനവും ഒക്കെ ആവശ്യമാണു്. വിവരങ്ങള്‍ അറിയാനും കാര്യങ്ങള്‍ തുറന്നു പറയാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഒരുപരിധിവരെ എല്ലാവര്‍ക്കും ഉണ്ടു്. പക്ഷെ, അവയൊന്നും സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു തടസം
സൃഷ്ടിയ്ക്കാനുള്ള ആയുധങ്ങളാക്കരുതു്. തടസം നീക്കി മുന്നേറാനുള്ള മാര്‍ഗ്ഗങ്ങളാക്കണം.

ഓരോ പ്രകൃതിക്ഷോഭവും മനുഷ്യനു പഠിക്കാനുള്ള അനവധി പാഠങ്ങളുമായാന്നു വരുന്നതു്. അതില്‍ പ്രധാനമായുള്ളതു്:

1) മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ പോലെ, പ്രകൃതിയ്ക്കും ഒരു നിയമമുണ്ടു്. അതറിയുകയും പാലിക്കുകയും ചെയ്യണം. ലോകത്തിലെ സകല ഗവണ്‍മെന്റുകളുടെയും ഗവണ്‍മെന്റാണു പ്രകൃതി എന്ന ബോധം വളര്‍ത്തണം.

2) നമ്മുടെ മറുഭാഗത്തു നില്‍ക്കുന്ന പ്രകൃതി, മഹാശക്തിയാണെന്നുള്ള ബോധം എപ്പോഴുമുണ്ടാകണം. ആ
ശക്തിക്കു മുന്‍പില്‍ മനുഷ്യര്‍ വെറും നിസ്സാരന്മാരാണു്; നിസ്സഹായരായ ചെറിയ ജീവികളാണു്. അതുകൊണ്ട് പ്രകൃതിയെ ആദരവോടും ആരാധനയോടും സമീപിക്കണം.

3) നമുക്കു വേണ്ടുവോളം അനുഭവിക്കുവാനും ആസ്വദിക്കുവാനും പ്രകൃതി തന്നിരിക്കുന്ന അമൂല്യമായ വിഭവങ്ങള്‍ എല്ലാം തിരിച്ചെടുക്കുവാന്‍ ആ ശക്തിക്ക് ഒരു നിമിഷം മതി.

ഈ യഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയാല്‍, നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും കാഴ്ച്ചപ്പാടിലും എളിമ ഉണ്ടാകും. അപ്പോള്‍ ‘പ്രകൃതി മനുഷ്യനെതിരല്ല. എപ്പോഴും നമ്മോടൊപ്പം നില്‍ക്കുന്ന, നമുക്കു നന്മ മാത്രം കാംക്ഷിക്കുന്ന ഉത്തമ സുഹൃത്താണു്’ എന്നു ബോദ്ധ്യമാകും.

നിയമങ്ങളും ചട്ടങ്ങളുമില്ലാത്ത ഒരു രാജ്യമോ, പ്രദേശമോ, സ്ഥാപനമോ ഈ ലോകത്തിലില്ല. ഒരു രാജ്യത്തിന്റെ കെട്ടുറപ്പിന് ശക്തമായ നിയമവ്യവസ്ഥകള്‍ ആവശ്യമാണു്. ഒരു രാജ്യത്തിന്റെ
അഭിവൃദ്ധിയും ജനങ്ങളുടെ അച്ചടക്കവും അവരുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷിതത്വവുമൊക്കെ, അവിടെ നിലനില്‍ക്കുന്ന നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു; ആ നിയമങ്ങള്‍ ജനങ്ങള്‍ എത്രമാത്രം പാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലോകത്തില്‍ മനുഷ്യന്‍ നടപ്പാക്കിയിട്ടുള്ള നിയമങ്ങളുള്ളതു
പോലെ, പ്രപഞ്ചം നടപ്പാക്കിയ നിയമമാന്നു ധര്‍മ്മം. അതാണ് ജീവിതത്തിന്റെ താളം നിലനിര്‍ത്തുന്നതു്. ആ നിയമം ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാണു്. ഉദാഹരണത്തിനു, റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ പ്രത്യേക നിയമങ്ങളുണ്ട്. ഈ നിയമങ്ങള്‍ പാലിക്കാതെ, ”എന്റെ ഇച്ഛയ്ക്കനുസരിച്ച് വണ്ടി ഓടിക്കുകയുള്ളൂ.” എന്നു വിചാരിച്ചാല്‍, നമുക്കുതന്നെ അപകടമുണ്ടാകും.


ലോകത്തില്‍ മനുഷ്യന്‍ നടപ്പാക്കിയിട്ടുള്ള നിയമങ്ങളുള്ളതു
പോലെ, പ്രപഞ്ചം നടപ്പാക്കിയ നിയമമാന്നു ധര്‍മ്മം. അതാണ് ജീവിതത്തിന്റെ താളം നിലനിര്‍ത്തുന്നതു്. ആ നിയമം ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാണു്.

നമ്മുടെ മനസ്സില്‍ മറ്റുള്ളവര്‍ക്കുവേണ്ടി എത്രമാത്രം ഇടം സൃഷ്ടിക്കുന്നുവോ, അത്രമാത്രം സന്തോഷവും സംഏപ്തിയും നമുക്കുണ്ടാകും. പ്രകൃതിയുടെയും ജീവിതത്തിന്റെയും നിയമം
നിസ്വാര്‍ത്ഥതയാണു്. അതുകൊണ്ടുതന്നെ സ്വാര്‍ത്ഥന്മാര്‍ക്കും അഹങ്കാരികള്‍ക്കും ഹൃദയം തുറന്നു സന്തോഷിക്കാനോ ജീവിതം വേണ്ടവണ്ണം ആസ്വദിക്കാനോ കഴിയില്ല. കാരണം അവര്‍ പ്രപഞ്ചനിയമത്തിനു വിരുദ്ധമായി ജീവിക്കുന്നവരാണു്. ഒരേതാളത്തിലും ശ്രുതിയിലുമാണ് പ്രപഞ്ചം മുന്നോട്ടു
നീങ്ങിക്കൊണ്ടിരിക്കുന്നതു്. അതറിഞ്ഞ്, ആ നിയമത്തോടു പൊരുത്തപ്പെട്ടുപോയാല്‍, ശാന്തിയും സന്തോഷവും സമൃദ്ധിയും തനിയെ കൈവരും.

മക്കളേ, ജീവിതം ഒരു നീര്‍കുമിള പോലെയാണ്. ഏതു നിമിഷവും അതു പൊട്ടിയില്ലാതാകാം. അതിലിരുന്നാണ്, ”ഇതു എന്റെതാണ്, ഇതു ഞാനാണ്.” എന്നൊക്കെ ആലോചിച്ചു അഹങ്കരിക്കുന്നത്.
നമ്മുടെ അടുത്ത ശ്വാസം പോലും നമ്മുടെ കയ്യിലല്ല. ഈ നിമിഷം മാത്രമാണ് നമുക്കുള്ളത്. ഈ നിമിഷം നല്ലതിനു ഉപയോഗിക്കാനാണ് പഠിക്കേണ്ടത്. ഈ നിമിഷത്തിലെ വിവേകമാണ് നമ്മുടെ ശരിയായ ആയുസ്. അതാണ് നമ്മളെ എന്നെന്നും ജീവിപ്പിക്കുന്നത്. ഈ നിമിഷത്തില്‍ നല്ലതു ചിന്തിച്ചും
നല്ല കര്‍മ്മങ്ങള്‍ ചെയ്തും മറ്റുള്ളവരെ സ്‌േനഹിച്ചും സേവിച്ചും ഈ ഭൂമിയെ സ്വര്‍ഗ്ഗമാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കണം. അതിനു കൃപ മക്കളെ അനുഗ്രഹിക്കട്ടെ…