ചോദ്യം : അമ്മ ഭക്തിക്കാണല്ലോ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതു്?
അമ്മ: ഭക്തിയെന്നു മക്കള്‍ പറയുമ്പോള്‍ നാമജപവും ഭജനയും മാത്രമാണോ ഉദ്ദേശിക്കുന്നതു്. അതു മാത്രമല്ല ഭക്തി. ശരിയായ ഭക്തി നിത്യാനിത്യവിവേകമാണു്. നിത്യമായതില്‍ ആത്മസമര്‍പ്പണം ചെയ്യുക എന്നതാണു്. എന്നാല്‍ പ്രായോഗികഭക്തിയാണു്, ഭക്തിയുടെ പ്രായോഗികവശമാണു് അമ്മ പൊതുവെ പറയാറുള്ളതു്.
ഇവിടെ താമസിക്കുന്ന മക്കള്‍ പല പുസ്തകങ്ങളും വായിച്ചിട്ടു സംശയങ്ങള്‍ ചോദിക്കാറുണ്ടു്. അവരോടു വേദാന്തപരമായ കാര്യങ്ങളാണു് അമ്മ സാധാരണ പറയാറുള്ളതു്. എന്നാല്‍, പൊതുവെ ജനങ്ങളോടു സംസാരിക്കുമ്പോള്‍ ഭക്തിക്കു പ്രാധാന്യം നല്കുന്നു. കാരണം തൊണ്ണൂറു ശതമാനം ജനങ്ങളും ബുദ്ധിജീവികളല്ല. അവര്‍ ശാസ്ത്രങ്ങളൊന്നും പഠിച്ചിട്ടു വരുന്നവരല്ല. ഒരു ദിവസംകൊണ്ടോ ഒരു ദര്‍ശനംകൊണ്ടോ അവരെ ശാസ്ത്രം പഠിപ്പിക്കുവാന്‍ കഴിയുകയുമില്ല. അപ്പോള്‍ അവര്‍ക്കു പ്രായോഗികമായി എന്തെങ്കിലും ചെയ്യുവാന്‍ തക്ക കാര്യങ്ങളാണു് ഉപദേശിക്കേണ്ടതു്, കൂടെ ശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിക്കാനും പറയും. ഏതിനും അടിസ്ഥാനം അദ്വൈതംതന്നെയാണു്. അതിലധിഷ്ഠിതമായ പ്രായോഗികഭക്തിയാണു് അമ്മ ഉപദേശിക്കാറുള്ളതു്.
വരുന്ന ജനങ്ങളില്‍ കൂടുതലും ആദ്ധ്യാത്മികകാര്യങ്ങളെക്കുറിച്ചു് അറിവില്ലാത്തവരാണു്. അമ്പലത്തില്‍ പോകുക എന്ന ഒരു ശീലം മാത്രമേ അവരിലുള്ളൂ. പത്തു ശതമാനം പേര്‍ യുക്തിക്കു പ്രാധാന്യം കൊടുക്കുന്നവരുണ്ടാകും. അവരുടെ വഴി വ്യത്യസ്തമായിരിക്കാം. എന്നാല്‍, മറ്റുള്ളവരെ തള്ളിക്കളയാന്‍ പറ്റില്ലല്ലോ. അവരെയും ഉദ്ധരിക്കേണ്ടേ? അമ്മ ഓരോ തലത്തിലും ഉള്ളവര്‍ക്കു വേണ്ട കാര്യങ്ങളാണു പറയുന്നതു്. ആശ്രമത്തിലെ പ്രാര്‍ത്ഥനയും ഭജനയും വെറും പ്രാര്‍ത്ഥനയല്ല; എന്നിലെ യഥാര്‍ത്ഥ ‘ഞാനി’നെ ഉണര്‍ത്തുന്നതിനു വേണ്ടിയുള്ള സാധനയാണു്. വ്യക്തിചൈതന്യത്തെ വിശ്വചൈതന്യവുമായി റ്റിയൂണ്‍ ചെയ്യലാണു് ഇവിടുത്തെ പ്രാര്‍ത്ഥന. ശരീരമനോബുദ്ധിതലത്തില്‍നിന്നും വിശ്വചൈതന്യവുമായുള്ള റ്റിയൂണ്‍ ചെയ്യലാണതു്. അല്ലാതെ ഒരിക്കലും ആകാശത്തിനപ്പുറം ഇരിക്കുന്ന ഒരു ഈശ്വരനെ അന്വേഷിക്കലല്ല. ഈശ്വരന്‍, സര്‍വ്വത്ര വ്യാപ്തമായി നിറഞ്ഞുനില്ക്കുന്ന ആ പരമാത്മചൈതന്യം തന്നെയാണു്. പിന്നെ രൂപധ്യാനം ഉപദേശിക്കുന്നതു്, വേഗം ഏകാഗ്രത കിട്ടാന്‍ മനസ്സിനു് ഒരുപാധി ആവശ്യമായതിനാലാണു്. കോണ്‍ക്രീറ്റു ചെയ്യുവാന്‍ ആദ്യം മരപ്പലകകൊണ്ടു തട്ടു് അടിക്കും. അതിന്മേലാണു സിമന്റു വാര്‍ക്കുന്നതു്. കോണ്‍ക്രീറ്റു ഉറച്ചു കഴിഞ്ഞാല്‍ തട്ടു് ഇളക്കി മാറ്റാം. അതുപോലെയാണു് ഈശ്വരരൂപങ്ങള്‍. തത്ത്വബോധം ദൃശ്യമാകുവാന്‍ രൂപങ്ങള്‍ തുടക്കത്തില്‍ ആവശ്യമാണു്. മനസ്സു് പരമാത്മചൈതന്യത്തില്‍ ഉറച്ചു കഴിഞ്ഞാല്‍പ്പിന്നെ മറ്റു് ഉപാധികളുടെ ആവശ്യമില്ല.
നമ്മില്‍ വിനയഭാവം വന്നാലേ, ഈശ്വരകൃപ സ്വീകരിക്കുവാന്‍ കഴിയൂ. സര്‍വ്വതിലും ഈശ്വരചൈതന്യം ദര്‍ശിക്കുവാന്‍ കഴിയുന്ന ഒരുവനില്‍ അഹംഭാവത്തിനു സ്ഥാനമില്ല. അതിനാല്‍, നമ്മില്‍ ആദ്യമുണ്ടാകേണ്ട സ്വഭാവം വിനയമാണു്. ഇവിടുത്തെ പ്രാര്‍ത്ഥനയിലൂടെ ലക്ഷ്യമാക്കുന്നതും ഈ വിനയം തന്നെയാണു്. നോക്കിലും വാക്കിലും പ്രവൃത്തിയിലും എല്ലാം ഈ ഭാവം ഉണ്ടാകണം. ഒരു ആശാരി പണിയാന്‍വേണ്ടി ഉളി എടുക്കുമ്പോള്‍, അതില്‍ തൊട്ടു വന്ദിക്കുന്നതു കാണാം. ആശാരിയുടെ കൈയിലെ കര്‍മ്മത്തിനുള്ള ഒരു ഉപകരണം മാത്രമാണു് ഉളി. എന്നിട്ടുകൂടി അതില്‍, അതിനെ ഉപയോഗിക്കുന്നവന്‍ നമസ്‌കരിക്കുന്നു. നമ്മള്‍ വായിക്കുന്ന ഹാര്‍മ്മോണിയം, തൊട്ടുവന്ദിച്ചിട്ടു മാത്രമേ അതു് എടുക്കാറുള്ളൂ. അങ്ങനെ ഏതിനെയും തൊട്ടുവന്ദിച്ചിട്ടു മാത്രം എടുക്കുക ഇതു നമ്മുടെ സംസ്‌കാരമാണു്. നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളെ എന്തിനു നമിക്കണം എന്നു ചോദിക്കാം. ഏതിലും നമ്മള്‍ ഈശ്വരനെ ദര്‍ശിക്കാന്‍ പഠിക്കുകയാണു്. ഇതിലൂടെ, നമ്മിലെ അഹങ്കാരമില്ലായ്മയെയാണു നമ്മുടെ പൂര്‍വ്വികര്‍ ലക്ഷ്യമാക്കിയിരുന്നതു്. വാസ്തവത്തില്‍, നമ്മിലെ അഹങ്കാരമില്ലായ്മയുടെ ഒരു പ്രകടനമാണു പ്രാര്‍ത്ഥന.
പ്രാര്‍ത്ഥിക്കുന്നതു മൗനമായിട്ടായിക്കൂടെ എന്നു ചിലര്‍ ചോദിക്കാറുണ്ടു്. ചിലര്‍ക്കു മൗനമായി പഠിക്കുന്നതാണു ഓര്‍മ്മയില്‍ നിര്‍ത്താന്‍ സഹായിക്കുന്നതു്. വേറെ ചിലര്‍ക്കു ഉറക്കെ വായിച്ചാലേ മനസ്സിലാകൂ. ഉറക്കെ വായിക്കുന്നവനെ നോക്കി, ”നീ അങ്ങനെ ഉറക്കെ വായിക്കാന്‍ പാടില്ല, ഞാന്‍ മൗനമായി പഠിക്കുന്നതു കണ്ടില്ലേ, നീയും അങ്ങനെ വേണം” എന്നു നിര്‍ബ്ബന്ധിക്കാന്‍ പറ്റില്ല. അതുപോലെ, ചിലര്‍ക്കു മനസ്സിനു് ഏകാഗ്രത കിട്ടാന്‍, ഉറക്കെയുള്ള പ്രാര്‍ത്ഥനയായിരിക്കും സഹായിക്കുന്നതു്. ചിലര്‍ക്കു മൗനമായിരിക്കും ഇഷ്ടം. ഏതിലും പ്രായോഗികം ലക്ഷ്യമാക്കി വേണം നമ്മള്‍ നീങ്ങാന്‍. മാര്‍ഗ്ഗങ്ങളൊന്നും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമില്ല, എല്ലാം നിശ്ചലതത്ത്വത്തിലേക്കാണു നയിക്കുന്നതു്. പലരും പറയാറുണ്ടു്, ”അമ്മേ, കണ്ണടച്ചു ധ്യാനിക്കുവാന്‍ ഇരുന്നാല്‍ ധാരാളം ചിന്തകള്‍ വന്നുകൊണ്ടേയിരിക്കും. എന്നാല്‍ പ്രാര്‍ത്ഥിക്കുന്ന സമയത്തു്, കീര്‍ത്തനങ്ങള്‍ ചൊല്ലുന്ന സമയത്തു്, ഏകാഗ്രത വേഗം കിട്ടുന്നുണ്ടു്” എന്നു്. ”സാധനകള്‍ എല്ലാം ഏകാഗ്രതയ്ക്കുവേണ്ടിയാണല്ലോ ചെയ്യുന്നതു്. ഞാന്‍ ശരീരമല്ല, ബുദ്ധിയല്ല, മനസ്സല്ല എന്നു ‘നേതി നേതി’ മാര്‍ഗ്ഗത്തിലൂടെ പോകുന്നതും ആ പരമാത്മതത്ത്വത്തിലേക്കു് എത്തുവാന്‍ വേണ്ടിത്തന്നെയാണല്ലോ. ഈ പ്രാര്‍ത്ഥനയുടെ ലക്ഷ്യവും അതുതന്നെയാണു്.
ഏതു മതത്തിലാണു പ്രാര്‍ത്ഥനയില്ലാത്തതു്, ഭക്തിയില്ലാത്തതു് ബുദ്ധമതത്തിലുണ്ടു്, ക്രിസ്തുമതത്തിലുണ്ടു്, ഇസ്ലാംമതത്തിലുണ്ടു്. എല്ലാ മതങ്ങളിലും ഗുരുശിഷ്യബന്ധവുമുണ്ടു്. അദ്വൈതമാര്‍ഗ്ഗത്തിലും ഗുരുശിഷ്യബന്ധമുണ്ടു്. അവിടെ ഗുരുവും ശിഷ്യനും എന്ന ദ്വൈതഭാവം വരുന്നില്ലേ? ഗുരുവിനോടുള്ള ഭക്തി, ഭക്തിതന്നെയല്ലേ? പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ഈശ്വരീയഗുണങ്ങളെയാണു് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതു്. പ്രാര്‍ത്ഥനയിലൂടെ നാം പരമതത്ത്വത്തെ സാക്ഷാത്കരിക്കുവാനാണു ശ്രമിക്കുന്നതു്. അല്ലാതെ പ്രാര്‍ത്ഥന എന്നതു ദുര്‍ബ്ബലൻ്റെ മാര്‍ഗ്ഗമല്ല. ഈശ്വരനിലേക്കു് എത്തുവാനുള്ള ശക്തമായ ചുവടുവയ്പ്പാണതു്.