അമൃതപുരി: അമൃതാനന്ദമയിമഠം യുവജനസംഘടനയായ അയുദ്ധിന്‍റെ ആഭിമുഖ്യത്തില്‍ അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ ആഗസ്റ്റ് 16 ന് ആരംഭിച്ച 24 മണിക്കൂര്‍ പ്രളയ രക്ഷാ ഹെല്‍പ്പ് ലൈന്‍ അതിന്‍റെ പ്രവര്‍ത്തന മികവിനാല്‍ ലോകത്തിനു മാതൃകയായി.

ഫോണ്‍ മുഖേനയുള്ള 12000 ത്തില്‍പരം കോളുകള്‍ക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന13000 ല്‍പരം സഹായ അഭ്യര്‍ഥനകളും ഫലപ്രദമായി ഏകോപിപ്പിച്ച് മുഴുവന്‍ കോളുകളും തടസ്സമില്ലാതെ സ്വീകരിച്ച് അവ അര്‍ഹിക്കുന പ്രാധ്യാന്യത്തോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉടനടി കൈമാറാന്‍ ഈ ഹെല്പ് ലൈനിലൂടെ സാധിച്ചു. മൂന്നു ഷിഫ്ടുകളിലായി അമൃതപുരി കാമ്പസിലെ വിദ്യാര്‍ഥികളും, അദ്ധ്യാപകരും, ജീവനക്കാരും ഉള്‍പ്പെട്ട 300 അംഗ ടീമാണ് ഓരോ ഷിഫ്ടിലും അഹോരാത്രം ഇതിനായി പ്രയത്നിച്ചത്. നേരിട്ടുള്ള ഫോണ്‍ കോളുകളും സാമൂഹ്യ മാധ്യമങ്ങളിലെ അഭ്യര്‍ഥനകളും അടക്കം 25000 ല്‍പരം സഹായ അഭ്യര്‍ഥനകളെ ഫലപ്രദമായി രക്ഷാപ്രവര്‍ത്തകര്‍ക്ക് സംയോജിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ഒരു ലക്ഷത്തിലധികം മനുഷ്യ ജീവനുകള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കു വഹിക്കാന്‍ അമൃത ഹെല്പ് ലൈനിനു കഴിഞ്ഞു.

ഒരേ സമയം ഇരുപത് ഫോണുകളില്‍ കൂടി വിവിധ ജില്ലകളില്‍ അമൃത ഹെല്പ് ലൈന്‍ നമ്പറായ 0476 2805050 സ്വീകരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ അമൃത ഹെല്പ് ലൈനില്‍ സജ്ജമാക്കിയിരുന്നു. ഈ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്തകളെ കണ്ടെത്താനും യഥാര്‍ഥ വസ്തുതകള്‍ മാത്രം അതാതു സമയത്ത് ജനങ്ങള്‍ക്ക് കൈമാറാനും അമൃത ഹെല്പ ലൈനിനായി.

പ്രളയത്തിലകപ്പെട്ട ജനങ്ങള്‍ക്ക് സഹായമെത്തുന്നതുവരെ നിരന്തരമായ ഫോളോഅപ്പിലൂടെ കോളുകള്‍ നിരന്തരം പിന്‍‌തുടര്‍ന്ന അമൃത ഹെല്പ് ലൈനിന്‍റെ ശൈലി ജനങ്ങളില്‍ വിശ്വാസ്യത വളര്‍ത്തുകയും അനുകരണീയ മാതൃകയാകുകയും ചെയ്തു. ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനോടൊപ്പം തന്നെ സാമൂഹ്യ മാധ്യമങ്ങളുമായും, സന്നദ്ധ സംഘടനകളുമായും ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ മറ്റു നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തുന്ന പ്രവര്‍ത്തനങ്ങളും ഈ ഹെല്പ ലൈനിനിലൂടെ നടന്നു.

നിലവിളികളും വേവലാതികളുമായി മുഴങ്ങിയ ഫോണ്‍ കോളുകളിലെ വിവരങ്ങള്‍ റെസ്ക്യു ടീമിനെ അറിയിക്കുക മാത്രമല്ല വാക്കുകളിലൂടെ ധൈര്യം നല്‍കി അവര്‍ക്ക് ആശ്വാസമേകുക എന്ന മാനവ കര്‍ത്തവ്യം കൂടിയാണ് അമൃതപുരി കാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരും ഏറ്റെടുത്തത്.

പന്ത്രണ്ടായിരത്തിലധികം നേരിട്ടുള്ള കോളുകള്‍ സ്വീകരിക്കുകയും ഗവണ്മെന്‍റ് ഉദ്യോഗസ്ഥര്‍, നാവികസേനാ ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളികള്‍ സന്നദ്ധ സേവകര്‍ എന്നിവരുമായി നിരന്തരം സംവദിച്ച് കേരളം നേരിട്ട മഹാ പ്രളയത്തില്‍ പൊലിഞ്ഞു പോകുമായിരുന്ന ലക്ഷക്കണക്കിനു മനുഷ്യ ജീവനുകള്‍ തക്ക സമയത്ത് സംരക്ഷിക്കാനുള്ള മഹായജ്ഞത്തില്‍ പങ്കാളികളാകാന്‍ അമൃതയുടെ ഹെല്പ ലൈനിനു സാധിച്ചു.

ഗള്‍ഫ്, അമേരിക്ക, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്ന് ഉറ്റവര്‍ക്കു വേണ്ടി സഹായമഭ്യര്‍ഥിച്ച ആളുകള്‍ക്ക് അമൃതയുടെ ഉറപ്പ് വലിയ ആശ്വാസമായി. വിദ്യാര്‍ഥികള്‍, ഡീന്‍, പ്രിന്‍സിപ്പാള്‍, അദ്ധ്യാപകര്‍, ഗവേഷകര്‍, സ്റ്റാഫ്, എന്നിവര്‍ ഒന്നായി സുനാമി ദുരന്തത്തിനുശേഷം കൈമെയ് മറന്നു ചെയ്ത ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനമായി ഫലത്തില്‍ അമൃത ഹെല്പ് ലൈന്‍ മാറിയത് എല്ലാവരും ഓര്‍മ്മിച്ചു.

അമൃത ഹെല്പ് ലൈനിലൂടെ സമാഹരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി അനേകം ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സാധിച്ചെന്നും ഇതിനായി പരിശ്രമിച്ച അമൃതയെ ശ്ലാഘിക്കുന്നുവെന്നും വായു, നാവിക സേനകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

ആഹാരവും വസ്ത്രവും ഇല്ലാതെ ബുദ്ധിമുട്ടിയ ആയിരങ്ങള്‍ക്ക് അത് എത്തിക്കുവാനും, ഒപ്പം അണുനാശിനികള്‍, ഒ ആര്‍ എസ്, മെഴുകുതിരികള്‍, സോപ്പ്, തുടങ്ങിയ പ്രാഥമിക ആവശ്യ കിറ്റുകളും, മാസ്ക്, സാനിറ്ററി നാപ്കിന്‍, ഗ്ലൗസ്, തുടങ്ങിയവ അടങ്ങുന്ന കിറ്റുകളും ‘അയുദ്ധിന്‍റെ’ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വസിക്കുന്ന പതിനായിരങ്ങള്‍ക്ക് എത്തിച്ചുകൊടുത്തു. ദുരിതാശ്വാസ ക്യാമ്പുകളിലെ വോളന്‍റിയര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പ്രത്യേക സെല്ലും പ്രവര്‍ത്തിച്ചു.

ആധുനിക സാങ്കേതിക വിദ്യകളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമായി അമൃത ഹെല്പ ലൈന്‍ മാറി. ഇതിനു പ്രചോദനമായത് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്റ് ഐ എ എസ് പ്രളയ ബാധിതര്‍ക്കു വെണ്ടി തുടക്കമിട്ട ‘കംപാഷണേറ്റ് കേരള’ എന്ന കൂട്ടായ്മയാണ്.

അയുദ്ധിന്‍റെ നേതൃത്വത്തില്‍ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ സിഐ ആര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച പ്രസ്തുത ഹെല്പ് ലൈന്‍  സായ്റാം, രമേശ്, അമൃതേഷ് എന്നിവരാണ് ആദ്യാവസാനം ഏകോപിപ്പിച്ച് നിയന്ത്രിച്ചത്.