ചോദ്യം : അമ്മേ, ഗുരുക്കന്മാര്‍ ഏതു രീതിയിലാണു ശിഷ്യരെ പരീക്ഷിക്കുന്നതു്?

അമ്മ: ഒരു പരീക്ഷയ്ക്കു ജയിക്കുവാന്‍ വേണ്ടപോലെ, പൊതുവായ നിയമങ്ങളൊന്നും അതിനു പറയുവാന്‍ സാധിക്കുകയില്ല. ശിഷ്യന്‍ ജന്മജന്മാന്തരങ്ങളായി സമ്പാദിച്ചിരിക്കുന്ന വാസനകള്‍ക്കനുസരിച്ചാണു ഗുരുക്കന്മാര്‍ അവരെ നയിക്കുന്നതു്. ഒരേ സാഹചര്യത്തില്‍ത്തന്നെ, പലരോടും പലവിധത്തില്‍ പെരുമാറിയെന്നു വരും. അതെന്തിനാണെന്നു സാധാരണ ബുദ്ധിക്കറിയാന്‍ കഴിയില്ല. അതു ഗുരുവിനു മാത്രമേ അറിയൂ. ഓരോരുത്തരിലെയും വാസനകളെ ക്ഷയിപ്പിച്ചു് അവരെ ലക്ഷ്യത്തിലെത്തിക്കുവാന്‍ ഏതു മാര്‍ഗ്ഗമാണു സ്വീകരിക്കേണ്ടതെന്നു തീരുമാനിക്കുന്നതു ഗുരുവാണു്. ആ തീരുമാനത്തിനു വഴങ്ങിക്കൊടുക്കുക. അതൊന്നു മാത്രമേ ശിഷ്യനു തൻ്റെ ആദ്ധ്യാത്മികോന്നതിക്കു സഹായകമായിട്ടുള്ളൂ. ഒരേ തെറ്റു ചെയ്ത രണ്ടു ശിഷ്യന്മാരില്‍ ഒരുവനോടു ഗുരു കോപിച്ചെന്നു വരും. മറ്റേ ശിഷ്യനോടു യാതൊന്നുമറിയാത്ത ഭാവത്തില്‍ സ്നേഹം കാട്ടിയെന്നു വരും. ശിഷ്യൻ്റെ മനഃപക്വതയും മനഃശക്തിയും ഗുരുവിനറിയാം. കണ്ടുനില്ക്കുന്നവര്‍ ഗുരുവിൻ്റെ ചെയ്തിയെ വിമര്‍ശിച്ചാല്‍ അതവരുടെ അജ്ഞാനം. അവര്‍ പുറമേ നടക്കുന്ന കാര്യങ്ങളേ കാണുന്നുള്ളൂ. ആന്തരികമായി ശിഷ്യനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കാണുവാനുള്ള ഉള്‍ക്കണ്ണു് അവര്‍ക്കില്ല.

വിത്തിൻ്റെ തോടു പൂര്‍ണ്ണമായി പൊട്ടാതെ വൃക്ഷം പുറത്തു വരില്ല. അതുപോലെ, ഞാനെന്ന ഭാവത്തെ പൂര്‍ണ്ണമായി കളയാതെ സത്തിനെ അറിയാന്‍ കഴിയില്ല. ശിഷ്യന്‍ തുടക്കത്തിലെ ആവേശം കൊണ്ടു വരുന്നതാണോ, അതോ ലക്ഷ്യത്തോടുള്ള പ്രേമംകൊണ്ടു് എത്തിയതാണോ എന്നും മറ്റും അറിയാന്‍ ഗുരു പല രീതികളിലും പരീക്ഷിക്കും. അതു ടെസ്റ്റുപേപ്പര്‍ പോലെയാണു്. മുന്‍കൂട്ടി യാതൊരു സൂചനയും ലഭിക്കില്ല. ശിഷ്യൻ്റെ ക്ഷമയും ത്യാഗവും കാരുണ്യവും എത്രയുണ്ടെന്നു പരീക്ഷിച്ചറിയേണ്ടതു ഗുരുവിൻ്റെ കര്‍ത്തവ്യമാണു്. ഓരോ സാഹചര്യത്തിലും അവന്‍ തളരുന്നുണ്ടോ, അവയെ അതിജീവിക്കുവാന്‍ വേണ്ട ശക്തിയുണ്ടോ എന്നും മറ്റും നോക്കേണ്ടതു ഗുരുവിൻ്റെ കടമയാണു്. ശിഷ്യര്‍ നാളെ ലോകത്തെ നയിക്കേണ്ടവരാണു്. അവരെ വിശ്വസിച്ചു് ആയിരങ്ങള്‍ എത്തിയെന്നിരിക്കും. അവര്‍ വഞ്ചിതരാകാതിരിക്കണമെങ്കില്‍ ശിഷ്യന്‍ വേണ്ടത്ര ശക്തിയും പക്വതയും കാരുണ്യവുമുള്ളവനായിരിക്കണം. ഇതൊന്നുമില്ലാതെ, വേണ്ടത്ര ആന്തരികശുദ്ധി നേടാതെ ലോകത്തിറങ്ങിയാല്‍ അതു ലോകത്തോടു കാട്ടുന്ന ഏറ്റവും വലിയ ചതിയായിരിക്കും. ലോകത്തിൻ്റെ രക്ഷകനാവേണ്ടവന്‍, രാക്ഷസനായി മാറും.

ശരിയായ ഒരു ശിഷ്യനെ വാര്‍ത്തെടുക്കുന്നതിനായി എത്രയെത്ര പരീക്ഷണങ്ങളില്‍ക്കൂടിയാണു ഗുരു അവനെ നയിക്കുന്നതു്! ഒരിക്കല്‍ ഒരു ഗുരു തൻ്റെ ശിഷ്യനു് ഒരു വലിയ പാറക്കല്ലു കൊടുത്തിട്ടു്, ഒരു നല്ല വിഗ്രഹം കൊത്തിക്കൊണ്ടു വരുവാന്‍ പറഞ്ഞു. അനുസരണയുള്ള ശിഷ്യന്‍ ഊണും ഉറക്കവും വെടിഞ്ഞു വിഗ്രഹം കൊത്തി. വളരെ വേഗംതന്നെ അതു ഗുരുവിൻ്റെ പാദത്തില്‍ സമര്‍പ്പിച്ചു. തൊഴുകൈകളോടെ തല കുമ്പിട്ടു മാറിനിന്നു. ഗുരു വിഗ്രഹത്തിലൊന്നു നോക്കി. എടുത്തു ദൂരേക്കൊരേറു്! അതു പല കഷ്ണങ്ങളായി. ”ഇങ്ങനെയാണോ വിഗ്രഹം കൊത്തുന്നതു്?” ഗുരു ദേഷ്യപ്പെട്ടു. ശിഷ്യന്‍ ഉടഞ്ഞ വിഗ്രഹത്തിലേക്കൊന്നു നോക്കി. ‘ഇത്ര ദിവസം ഊണും ഉറക്കവും വെടിഞ്ഞു കഷ്ടപ്പെട്ടിട്ടു് ഒരു നല്ല വാക്കുപോലും പറഞ്ഞില്ലല്ലോ?’ ശിഷ്യന്‍ ഉള്ളില്‍ ചിന്തിച്ചു. ഗുരു അതു മനസ്സിലാക്കിക്കൊണ്ടുതന്നെ വേറൊരു കല്ലു കൊടുത്തു. വീണ്ടും വിഗ്രഹം ഉണ്ടാക്കിക്കൊണ്ടു വരാന്‍ പറഞ്ഞു. ശിഷ്യന്‍ അതുമായി യാത്രയായി. വളരെ ശ്രദ്ധയോടെ പഴയതിലും മനോഹരമായി വിഗ്രഹം തീര്‍ത്തു. അതുമായി ഗുരുവിനെ സമീപിച്ചു. അതു തീര്‍ച്ചയായും ഗുരുവിനു് ഇഷ്ടപ്പെടുമെന്നു ശിഷ്യന്‍ കരുതി. പക്ഷേ, വിഗ്രഹം കണ്ടതും ഗുരുവിൻ്റെ മുഖം ചുവന്നുതുടുത്തു. ”നീ എന്താ എന്നെ കളിയാക്കുകയാണോ? കഴിഞ്ഞ തവണത്തെക്കാള്‍ എത്രയോ മോശമായിരിക്കുന്നു.” അതും ദൂരേക്കു വലിച്ചെറിഞ്ഞുടച്ചു. ഗുരു ശിഷ്യൻ്റെ മുഖത്തേക്കു നോക്കി. ശിഷ്യന്‍ വിനയപൂര്‍വ്വം തല കുമ്പിട്ടുനില്ക്കുന്നു. അവനു പ്രതികാരചിന്തയൊന്നും തോന്നിയില്ലെങ്കിലും ഉള്ളില്‍ ദുഃഖം തോന്നി. ഗുരു വീണ്ടും ഒരു കല്ലു കൊടുത്തു. വീണ്ടും വിഗ്രഹം കൊത്തിവരുവാന്‍ പറഞ്ഞു. ശിഷ്യന്‍ യാത്രയായി. വളരെ ശ്രദ്ധാപൂര്‍വ്വം വീണ്ടും വിഗ്രഹം കൊത്തി. അതിമനോഹരമായ വിഗ്രഹം. അതും ഗുരുവിൻ്റെ പാദത്തില്‍ സമര്‍പ്പിച്ചു. പക്ഷേ, താഴെ വയ്ക്കാത്ത താമസം, ഗുരു അതും എറിഞ്ഞുടച്ചു. ഒപ്പം നല്ല ശകാരവും. ഇത്തവണ ഗുരുവിൻ്റെ പ്രവൃത്തിയില്‍ പ്രതികാരമോ സന്താപമോ തോന്നിയില്ല. ”ഗുരുവിൻ്റെ ഇച്ഛ ഇതെങ്കില്‍ ഇതുതന്നെ നടക്കട്ടെ. അവിടുത്തെ ഏതു പ്രവൃത്തിയും എൻ്റെ നന്മയ്ക്കു മാത്രം.” ഈ സമര്‍പ്പണഭാവമാണു ശിഷ്യനില്‍ ഉണ്ടായതു്. ഗുരു വീണ്ടുമൊരു കല്ലു കൊടുത്തു. ശിഷ്യന്‍ സന്തോഷപൂര്‍വ്വം അതു സ്വീകരിച്ചു. അതിമനോഹരമായ ഒരു വിഗ്രഹവുമായി വീണ്ടും ശിഷ്യനെത്തി. ഗുരു അതും എറിഞ്ഞുടച്ചു. പക്ഷേ, ശിഷ്യനില്‍ യാതൊരു ഭാവപ്പകര്‍ച്ചയും ഉണ്ടായില്ല. ഗുരുവിനു സന്തോഷമായി. അവനെ വാരിപ്പുണര്‍ന്നു. അവൻ്റെ നെറുകയില്‍ കൈവച്ചു് അനുഗ്രഹിച്ചു.

ഗുരുവിൻ്റെ പ്രവൃത്തികള്‍ കണ്ടുകൊണ്ടിരിക്കുന്ന മൂന്നാമതൊരാളിനു ഗുരുവെത്ര ദുഷ്ടനാണെന്നു തോന്നാം. ഗുരു ഭ്രാന്തനാണെന്നു ചിന്തിക്കും. പക്ഷേ, അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതു് എന്താണെന്നു ഗുരുവിനും സമര്‍പ്പണം വന്ന ശിഷ്യനും മാത്രമേ അറിയൂ. ഓരോ പ്രാവശ്യം വിഗ്രഹം എറിഞ്ഞുടയ്ക്കുമ്പോഴും ഗുരു ശിഷ്യൻ്റെ ഹൃദയത്തില്‍ യഥാര്‍ത്ഥ വിഗ്രഹം വാര്‍ക്കുകയാണു ചെയ്തിരുന്നതു്. ഉടഞ്ഞതു ശിഷ്യൻ്റെ അഹങ്കാരമായിരുന്നു. അതു സദ്ഗുരുവിനേ സാധിക്കൂ. അതിൻ്റെ ആനന്ദം യഥാര്‍ത്ഥ ശിഷ്യനേ നുകരാന്‍ കഴിയൂ.
നല്ലതും ചീത്തയും തനിക്കു വേണ്ടതും വേണ്ടാത്തതും തന്നെക്കാള്‍ നന്നായി ഗുരുവിനറിയാന്‍ കഴിയുമെന്നു ശിഷ്യന്‍ മനസ്സിലാക്കണം. ഗുരുവിനെ സമീപിക്കുന്നതു് ഒരിക്കലും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയാകരുതു്. ആത്മസമര്‍പ്പണം ലക്ഷ്യമാക്കിയായിരിക്കണം. തന്നെക്കുറിച്ചു നല്ലതു പറഞ്ഞില്ലെങ്കിലോ തൻ്റെ പ്രവൃത്തികളെക്കുറിച്ചു പുകഴ്ത്തിപ്പറഞ്ഞില്ലെങ്കിലോ ഗുരുവിനോടു വിദ്വേഷം തോന്നുന്നുവെങ്കില്‍, ശിഷ്യനാകുന്നതിനു വേണ്ട യോഗ്യത താന്‍ നേടിയിട്ടില്ലെന്നു കാണണം. ആ വിദ്വേഷഭാവം നീങ്ങിക്കിട്ടുവാന്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കണം. ഗുരുവിൻ്റെ ഏതു പ്രവൃത്തിയും തൻ്റെ നന്മയ്ക്കാണെന്നു കാണുവാന്‍ സാധിക്കണം.
(തുടരും)