ചോദ്യം : അമ്മേ, ഗുരുക്കന്മാര്‍ ഏതു രീതിയിലാണു ശിഷ്യരെ പരീക്ഷിക്കുന്നതു്? (തുടർച്ച)

ചിലര്‍ ചിന്തിക്കും ‘ഞാനെത്ര വര്‍ഷങ്ങളായി ഗുരുവിനോടൊത്തു കഴിയുന്നു. ഇത്ര നാളായിട്ടും ഗുരുവിനു് എന്നോടുള്ള പെരുമാറ്റത്തില്‍ ഒരു മാറ്റവും ഇല്ലല്ലോ’ എന്നു്. അതവൻ്റെ സമര്‍പ്പണമില്ലായ്മയെയാണു കാണിക്കുന്നതു്. എത്ര വര്‍ഷങ്ങള്‍ എന്നല്ല, തനിക്കുള്ള സര്‍വ്വജന്മങ്ങളും ഗുരുവിൻ്റെ മുന്‍പില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നവനേ യഥാര്‍ത്ഥ ശിഷ്യനാകുന്നുള്ളൂ. ഞാന്‍ ശരീരമാണു്, മനസ്സാണു്, ബുദ്ധിയാണു് എന്ന ഭാവം നിലനില്ക്കുമ്പോഴാണു മനസ്സില്‍ വെറുപ്പും വിദ്വേഷവും അഹംഭാവവും മറ്റും ഉയരുന്നതു്. അതൊക്കെ പൂര്‍ണ്ണമായും ഇല്ലാതാക്കാനാണു ഗുരുവിനെ ആശ്രയിക്കുന്നതു്. ആ ലക്ഷ്യം നേടണമെങ്കില്‍ പൂര്‍ണ്ണസമര്‍പ്പണം അല്ലാതെ മറ്റൊരു വഴിയുമില്ല. ഗുരുവിൻ്റെ ഏതു പ്രവൃത്തിയും തൻ്റെ നന്മയ്ക്കുവേണ്ടി എന്നൊരു ഭാവം മനസ്സിലുറയ്ക്കണം. അതിനെ അളക്കുവാന്‍ ഒരിക്കലും ബുദ്ധിയെ അനുവദിക്കരുതു്.

മക്കളേ, ഗുരുവിൻ്റെ പരീക്ഷണങ്ങള്‍ ഏതൊക്കെ രീതിയിലാണു വന്നെത്തുകയെന്നു് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയില്ല. പരിപൂര്‍ണ്ണസമര്‍പ്പണം ഒന്നു മാത്രമാണു അവയില്‍ വിജയിക്കുവാനുള്ള ഏക വഴി. ആ പരീക്ഷണങ്ങളാകട്ടെ ഗുരുവിനു നമ്മോടുള്ള കാരുണ്യത്തിൻ്റെ തെളിവാണു്. അവ നമ്മുടെ വാസനകളെ ക്ഷയിപ്പിക്കുന്നു. ആത്മസമര്‍പ്പണത്തില്‍ക്കൂടി മാത്രമേ അവിടുത്തെ കൃപ നേടുവാന്‍ കഴിയൂ.
ഒരിക്കല്‍ ഒരു യുവാവു്, തന്നെ ശിഷ്യനായി സ്വീകരിക്കണമെന്നു് അഭ്യര്‍ത്ഥിച്ചുകൊണ്ടു് ഒരു ഗുരുവിനെ സമീപിച്ചു. ഗുരു പറഞ്ഞു, ”മകനേ, പൂര്‍ണ്ണമായും ആത്മീയജീവിതം നയിക്കുന്നതിനുള്ള മനഃപക്വത നിനക്കു കൈവന്നിട്ടില്ല. പ്രാരബ്ധകര്‍മ്മങ്ങള്‍ നിനക്കിനിയും അനുഭവിച്ചു തീര്‍ക്കുവാനുണ്ടു്. അല്പംകൂടി ക്ഷമിക്കൂ”
പക്ഷേ, യുവാവു പിന്മാറിയില്ല. അവസാനം അവൻ്റെ നിര്‍ബ്ബന്ധം കാരണം ഗുരുവിനവനെ ശിഷ്യനായി സ്വീകരിക്കേണ്ടി വന്നു. കുറെ നാളുകള്‍ കഴിഞ്ഞു. ഗുരു തൻ്റെ ശിഷ്യന്മാര്‍ക്കെല്ലാം സന്ന്യാസം കൊടുത്തു. എന്നാല്‍ ഈ ശിഷ്യനു മാത്രം നല്കിയില്ല. ശിഷ്യനു് അതൊട്ടും സഹിക്കാനായില്ല. ഗുരുവിനോടു ദേഷ്യമായി. പക്ഷേ, പുറമേക്കു് ഒന്നും പ്രകടിപ്പിച്ചില്ല. എന്നാല്‍ ആശ്രമത്തില്‍ വരുന്നവരോടു ഗുരുവിനെക്കുറിച്ചു കുറ്റങ്ങളും കുറവുകളും പറയാന്‍ തുടങ്ങി. ഗുരു ഇതറിഞ്ഞിട്ടും ഒന്നും പറഞ്ഞില്ല. കുറെനാളുകള്‍ കഴിഞ്ഞപ്പോള്‍ ഗുരു കേള്‍ക്കെത്തന്നെ അദ്ദേഹത്തെ കുറ്റപ്പെടുത്തുവാന്‍ തുടങ്ങി. ഗുരുവിനു് അവൻ്റെ സ്വഭാവം നന്നായറിയാം. ഉപദേശിച്ചു നന്നാക്കാന്‍ കഴിയില്ല. അനുഭവത്തില്‍ക്കൂടിയേ പഠിക്കുകയുള്ളൂ എന്നറിയാവുന്നതുകൊണ്ടു ഗുരു ഒന്നും മിണ്ടിയില്ല.

അങ്ങനെയിരിക്കെ ലോകമംഗളത്തിനായി ഗുരു ഒരു മഹായജ്ഞം നടത്തുവാന്‍തീരുമാനിച്ചു. അതിനു ഹോമദ്രവ്യങ്ങള്‍ ധാരാളം വേണ്ടതുണ്ടു്. അവ നല്കുവാന്‍ ആശ്രമത്തിനടുത്തുള്ള ഒരു വീട്ടുകാര്‍ തയ്യാറായി. ദിവസവും അവ വാങ്ങിക്കൊണ്ടു വരാന്‍ ഈ ശിഷ്യനെയാണു ചുമതലപ്പെടുത്തിയതു്. അവിടെ ഹോമദ്രവ്യങ്ങള്‍ എടുത്തു കൊടുക്കുന്നതു് ഒരു പെണ്‍കുട്ടിയാണു്. ആദ്യ ദിവസം തന്നെ ശിഷ്യനു് ആ പെണ്‍കുട്ടിയോടു പ്രത്യേക ഒരു ആകര്‍ഷണം തോന്നി. ദിവസങ്ങള്‍ കഴിയുന്തോറും അതു വര്‍ദ്ധിച്ചു വന്നു. ഒരു ദിവസം അവനു തൻ്റെ മനസ്സിനെ നിയന്ത്രിക്കാനായില്ല. അവളുടെ കൈയില്‍ കടന്നുപിടിച്ചു. അവള്‍ ഒട്ടും മടിച്ചില്ല. അവിടെക്കിടന്ന ഒരുവടിയെടുത്തു ശിഷ്യൻ്റെ മുഖത്തിനിട്ടു ഒന്നു കൊടുത്തു. മുഖവും പൊത്തിക്കൊണ്ടു പടി കടന്നു വരുന്ന ശിഷ്യനെ കണ്ട മാത്രയില്‍ത്തന്നെ ഗുരു എല്ലാ കാര്യങ്ങളും ഗ്രഹിച്ചു. ഗുരു പറഞ്ഞു, ”നിന്നെ ആദ്യംതന്നെ ശിഷ്യനായി സ്വീകരിക്കാതിരുന്നതിൻ്റെയും സന്ന്യാസം നല്കാതിരുന്നതിൻ്റെയും കാരണമിപ്പോള്‍ മനസ്സിലായില്ലേ? കാഷായം ഉടുത്തുകൊണ്ടാണു നീ ഈ പ്രവൃത്തി ചെയ്തിരുന്നതെങ്കില്‍ എത്ര നാണക്കേടായിപ്പോയേനേ? അതു ലോകത്തോടും സന്ന്യാസപരമ്പരയോടും കാട്ടുന്ന ഏറ്റവും വലിയ വഞ്ചനയാകുമായിരുന്നു. അതിനാല്‍ കുഞ്ഞേ, നീ കുറെക്കാലം കൂടി ലൗകികകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു ലോകത്തില്‍ ജീവിക്കുക. സമയമാകുമ്പോള്‍ നിന്നെ ഞാന്‍ തിരിയെ വിളിക്കാം.” തൻ്റെ തെറ്റും കുറ്റവും അപ്പോള്‍ മാത്രമാണു ശിഷ്യനു ബോധ്യമായതു്. അവന്‍ ഗുരുവിനെ സാഷ്ടാംഗം പ്രണമിച്ചു.

എം.ബി.ബി.എസ്സ്. പരീക്ഷയില്‍ വിജയിച്ചതുകൊണ്ടുമാത്രം ഒരാള്‍ നല്ല ഡോക്ടറാകണമെന്നില്ല. നല്ല ഒരു ഡോക്ടറുടെ കീഴില്‍ വളരെക്കാലം പരിശീലനം നേടണം. പല തരത്തിലുള്ള രോഗങ്ങള്‍ ചികിത്സിച്ചു പരിചയം വരണം. കഠിനാദ്ധ്വാനവും നിരന്തര അഭ്യാസവും കൊണ്ടുമാത്രമേ ആര്‍ക്കും ഒരു നല്ല ഡോക്ടറായിത്തീരാന്‍ സാധിക്കൂ. അതുപോലെ ശാസ്ത്രങ്ങള്‍ എത്ര പഠിച്ചിരുന്നാലും ലോകത്തിറങ്ങി ജനങ്ങളുമായുള്ള നിരന്തര സഹകരണത്തില്‍ക്കൂടി പഠിക്കേണ്ട ചില പാഠങ്ങളുണ്ടു്. അതാണു് ഏറ്റവും വലിയ പഠനം. സദ്ഗുരുവിൻ്റെ കീഴില്‍ ആദ്ധ്യാത്മികശിക്ഷണം നേടുന്ന ശിഷ്യനു ആത്മീയപുരോഗതിക്കു വേണ്ട എല്ലാ സാഹചര്യങ്ങളും ഗുരുതന്നെ ഒരുക്കിക്കൊടുക്കും. കണ്ണടച്ചു ധ്യാനിച്ചതുകൊണ്ടു മാത്രം വാസനാക്ഷയമുണ്ടാകില്ല. ഗുരുവിങ്കല്‍ പൂര്‍ണ്ണമായ വിശ്വാസവും ആത്മസമര്‍പ്പണം ചെയ്യാനുള്ള വിനയവും വിശാലതയും ഉണ്ടായാല്‍ മാത്രമേ മനോമാലിന്യങ്ങള്‍ നീങ്ങൂ. സമര്‍പ്പണം തുണിയിലെ കറ കളയുന്ന ബ്ലീച്ചിങ്പൗഡര്‍പോലെയാണു്. അതു മനസ്സിലെ മാലിന്യങ്ങള്‍ നീക്കുന്നു. വാസനകളെ ക്ഷയിപ്പിക്കുന്നു. അല്ലാതെ സമര്‍പ്പണം അടിമത്തമല്ല.
ആരൊക്കെ ഏതൊക്കെ രീതിയില്‍ പ്രലോഭിപ്പിച്ചാലും, ശിഷ്യൻ്റെ മനസ്സിളകാന്‍ പാടില്ല. അതാണു ഗുരുവിനോടുളള യഥാര്‍ത്ഥ സമര്‍പ്പണം. ഇതു പണം കൊടുത്തു നേടാവുന്നതല്ല. സ്വാഭാവികമായി വരേണ്ടതാണു്.
ഈ ഒരു സമര്‍പ്പണം വന്നു കഴിഞ്ഞാല്‍, അവനു് എല്ലാം തികഞ്ഞു എന്നാണര്‍ത്ഥം.