ചോദ്യം : ശിഷ്യൻ്റെ സ്വഭാവത്തെക്കുറിച്ചു ഗുരുവിനു് അവനെ കാണുമ്പോള്‍ത്തന്നെ അറിയില്ലേ? പിന്നെ എന്തിനാണു് ഈ പരീക്ഷണങ്ങള്‍?
അമ്മ: ശിഷ്യൻ്റെ സ്വഭാവം ഗുരുവിനറിയാം. ശിഷ്യനെക്കാള്‍ നന്നായറിയാം. പക്ഷേ, അവനറിയില്ല. അതിനാല്‍ അവൻ്റെ ന്യൂനതകളെക്കുറിച്ചു് അവനെ ബോദ്ധ്യപ്പെടുത്തണം. എങ്കില്‍ മാത്രമേ അവന്‍ അവയെ അതിജീവിച്ചു മുന്നോട്ടു പോകാന്‍ കഴിയൂ. ശരിയായ ലക്ഷ്യബോധവും അനുസരണയുമുള്ള ശിഷ്യന്മാരെ ഇന്നുകിട്ടുക പ്രയാസമാണു്. ഗുരു ശിഷ്യൻ്റെ സ്വാര്‍ത്ഥതയ്‌ക്കൊപ്പം നിന്നില്ലെങ്കില്‍ ഗുരുവിനെ തള്ളിപ്പറയുന്ന കാലമാണിതു്. എങ്കിലും ഗുരുക്കന്മാര്‍ അവരുടെ അപാരകാരുണ്യം മൂലം പരമാവധി ശ്രമിച്ചു നോക്കും, ശിഷ്യനെ ശരിയായ പാതയിലെത്തിക്കുവാന്‍. പണ്ടൊക്കെ ശിഷ്യന്‍ ഗുരുവിൻ്റെ മുന്നില്‍ ക്ഷമയോടെയിരുന്നുവെങ്കില്‍, ഇന്നു ഗുരുവാണു ശിഷ്യൻ്റെ മുന്നില്‍ ക്ഷമിച്ചിരിക്കുന്നതു്. എങ്ങനെയും ശിഷ്യനെ പരമപദവിയിലെത്തിക്കുക എന്നുള്ളതാണു ഗുരുവിൻ്റെ ഏക ലക്ഷ്യം. അതിനുവേണ്ടി എന്തു ത്യാഗം സഹിക്കുവാനും അവിടുന്നു തയ്യാറാണു്.
ഗുരുവിൻ്റെ വാക്കുകള്‍ അതേപടി അനുസരിക്കുക എന്നതു് അടിമത്തമല്ലേ എന്നു ചോദിക്കാം. പക്ഷേ, ഈ അടിമത്തം അവരെ നശിപ്പിക്കുകയല്ല, എന്നെന്നേക്കുമായി അവനെ സ്വതന്ത്രനാക്കുകയാണു്. അവനില്‍ ഉറങ്ങിക്കിടക്കുന്ന ആത്മചൈതന്യത്തെ ഉണര്‍ത്തുകയാണു ചെയ്യുന്നതു്. വിത്തു മണ്ണിനടിയില്‍ പോകുന്നതു കൊണ്ടാണു അതു വലിയ വൃക്ഷമായി പടര്‍ന്നു പന്തലിക്കുന്നതു്. അതേസമയം അതു വിശപ്പടക്കാനുള്ള ആഹാരമാക്കിയാലോ വിശപ്പടങ്ങും എന്നതു സത്യംതന്നെ. എന്നാല്‍ അതിലും എത്രയോ ഉപകാരപ്രദമാണു് അതു വിതച്ചു വൃക്ഷമാകാന്‍ അനുവദിച്ചാല്‍. വര്‍ഷങ്ങളോളം എത്രയോ പേര്‍ക്കു വിശപ്പടക്കുവാനുള്ള ഫലം അതില്‍നിന്നു ലഭിക്കും. വെയിലേറ്റു തളര്‍ന്നു വരുന്ന യാത്രികര്‍ക്കു അതു തണലും കുളിര്‍മ്മയും നല്കും. എന്തിനധികം പറയുന്നു, വെട്ടിയിടാന്‍ ശ്രമിക്കുമ്പോഴും വെട്ടുന്നയാളിനു് അതു തണല്‍ കൊടുക്കുന്നു. അതിനാല്‍ നമ്മളെ, നമ്മുടെ അഹങ്കാരത്തിനു തിന്നാന്‍ കൊടുക്കാതെ ഗുരുവിൻ്റെ മുന്നില്‍ സമര്‍പ്പിക്കുകയാണു വേണ്ടതു്. അതിലൂടെ എത്രയോ ജനങ്ങള്‍ക്കു് ആശ്വാസം പകരുവാന്‍ സാധിക്കും! ഗുരുവിൻ്റെ മുന്നിലെ സമര്‍പ്പണം, അനുസരണ അതൊരിക്കലും ദൗര്‍ബ്ബല്യമല്ല. ധീരതയുടെ ലക്ഷണമാണു്. ഞാനെന്ന ഭാവം കളയുവാന്‍ തന്നെത്തന്നെ ഗുരുവിനെ സമര്‍പ്പിക്കുന്നവനാണു യഥാര്‍ത്ഥ ധീരന്‍.
ഇന്നു നമ്മള്‍ വളച്ചുകെട്ടി എൻ്റെതെന്നു കരുതി മുറുകെപ്പിടിച്ചിരിക്കുന്ന അല്പം ഭൂമിയോടുള്ള മമത കാരണം ഈ വിശ്വത്തിൻ്റെ മുഴുവന്‍ ആധിപത്യം നമുക്കു നഷ്ടമാകുന്നു. ഞാനെന്ന ഭാവം വെടിഞ്ഞാല്‍ മതി, ത്രിലോകങ്ങളും നമ്മുടെ മുന്നില്‍ മുട്ടുകുത്തും. ഇന്നു് ഉത്തമശിഷ്യരെ കിട്ടാനാണു അധികം പ്രയാസം. ഗുരുവിൻ്റെ കൂടെ രണ്ടു നാളുകള്‍ കഴിഞ്ഞാല്‍പ്പിന്നെ സ്വന്തം പേരില്‍ ആശ്രമം സ്ഥാപിച്ചു ഗുരു ചമയുവാന്‍ ആഗ്രഹിക്കുന്നവരാണു് ഇന്നു മിക്ക ശിഷ്യന്മാരും. രണ്ടു പേരു കാലില്‍ വീണു നമസ്‌കരിക്കാനുണ്ടായാല്‍ മതി ശിഷ്യൻ്റെ ഭാവം ആകെ മാറും. ഇതറിയാവുന്ന ഗുരു, ശിഷ്യനിലെ ഞാനെന്ന ഭാവത്തെ പരിപൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുവാനാണു ശ്രമിക്കുന്നതു്. ഉത്തമഗുരു സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഓരോന്നും ശിഷ്യൻ്റെ വ്യക്തിത്വത്തെ വികൃതമാക്കുന്ന അഹങ്കാരത്തെ ഇല്ലായ്മ ചെയ്തു് അവനിലെ ആത്മസൗന്ദര്യത്തെ പ്രകാശിപ്പിക്കുവാനുള്ള അവിടുത്തെ അനുഗ്രഹവര്‍ഷങ്ങളാണെന്നോര്‍ക്കുക. ഗുരുവാക്യത്തിനു വഴങ്ങിക്കൊടുക്കുന്നതു് അടിമത്തമല്ല. അതു പരമമായ സ്വാതന്ത്ര്യത്തിലേക്കും ഐശ്വര്യത്തിലേക്കും നിത്യാനന്ദത്തിലേക്കുമുള്ള മാര്‍ഗ്ഗമാണു്.