ചോദ്യം : സത്യമാണെങ്കിലും അതു വേദനിപ്പിക്കുന്നതാണെങ്കില്‍ പറയാന്‍ പാടില്ല എന്നുപറയുവാന്‍ കാരണമെന്താണു്?

അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരു ഗ്രാമത്തില്‍ ഒരു ധനികനുണ്ടായിരുന്നു. അദ്ദേഹം ബിസിനസ്സു ചെയ്തു കിട്ടുന്ന ലാഭം മുഴുവനും വര്‍ഷത്തിലൊരു ദിവസം തൻ്റെ അടുത്തു വരുന്ന സാധുക്കള്‍ക്കു ദാനമായി നല്കിയിരുന്നു. ആദ്ധ്യാത്മികകാര്യങ്ങള്‍ ഒരു വിധം നന്നായി അറിയാവുന്ന ഒരാളായിരുന്നു അദ്ദേഹം. ഇതേക്കുറിച്ചു് അദ്ദേഹം പറയും, ”എനിക്കു മുഴുവന്‍ സമയവും സാധന ചെയ്യാന്‍ കഴിയില്ല. ജപധ്യാനങ്ങള്‍ക്കു വളരെക്കുറച്ചു സമയമേ കിട്ടുകയുള്ളൂ. അതിനാല്‍ ബിസിനസ്സില്‍നിന്നു കിട്ടുന്ന ലാഭം സാധുക്കള്‍ക്കു പ്രയോജനപ്പെടുന്ന രീതിയില്‍ നല്കുന്നു. സാധുസേവ ചെയ്യുന്നതിലൂടെ ഞാന്‍ ഈശ്വരനെത്തന്നെയാണു് ആരാധിക്കുന്നതു്. ഇതെനിക്കു വേണ്ട സന്തോഷവും സംതൃപ്തിയും നല്കുന്നുണ്ടു്. ബിസിനസ്സിനും അഭിവൃദ്ധിയുണ്ടു്.”

അദ്ദേഹത്തിൻ്റെ ഗ്രാമത്തില്‍നിന്നു കുറച്ചകലെയായി ഒരു സാധു ജീവിച്ചിരുന്നു. കുറെ ദിവസങ്ങളായി ആ വീട്ടില്‍ മുഴുപ്പട്ടിണിയാണു്. ഈ ധനികനെക്കുറിച്ച് അറിഞ്ഞ സാധു എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്നു കരുതി ധനികൻ്റെ വീട്ടിലേക്കു യാത്രയായി. മൂന്നു നാലു ദിവസമായി പട്ടിണിയായിരുന്നതിനാല്‍ ആ സാധുവിനു നടക്കാന്‍പോലും വയ്യ. കുറെ നടന്നു കഴിഞ്ഞപ്പോഴേക്കും ആള്‍ തല കറങ്ങി വീണു. അയാള്‍ ആകെ വിഷമിച്ചു. ‘ഈശ്വരാ! എന്തെങ്കിലും സഹായം കിട്ടുമെന്നു കരുതി ഇറങ്ങി തിരിച്ചു. ഇപ്പോള്‍ ഈ പെരുവഴിയില്‍ കിടപ്പുമായി. ഇവിടെ കിടന്നു മരിക്കുവാനായിരിക്കും വിധി.’ ഇങ്ങനെ ചിന്തിച്ചു് അവശനായി ഒരു വശത്തേക്കു നോക്കുമ്പോള്‍ ഒരരുവി കാണാനിടയായി. ഒരു വിധത്തില്‍ എഴുന്നേറ്റു് അവിടെയെത്തി. അതിലെ വെള്ളം കുടിച്ചപ്പോള്‍ വളരെ മധുരമുള്ളതായിത്തോന്നി. തളര്‍ച്ച വിട്ടുമാറുംവരെ വെള്ളം കുടിച്ചു. കുറച്ചു വെള്ളം ഒരിലക്കുമ്പിളില്‍ ശേഖരിക്കുകയും ചെയ്തു. കാരണം അതിനത്ര മധുരമുള്ളതായി ആ സാധുവിനു തോന്നി.

കുറച്ചു നടക്കാമെന്നായപ്പോള്‍ വീണ്ടും യാത്ര തുടര്‍ന്നു. അവസാനം ആ ധനികൻ്റെ വീടിനടുത്തെത്തി. അവിടെ ദാനം സ്വീകരിക്കുവാന്‍ എത്തിയവരുടെ നീണ്ട ക്യൂവില്‍ ചേര്‍ന്നു. മിക്കവരുടെ കൈയിലും കാണിക്ക വയ്ക്കുന്നതിനായി എന്തെങ്കിലുമുണ്ടു്. ഇദ്ദേഹത്തിനു വിഷമമായി. ”ശ്ശൊ, എനിക്കു മാത്രം കൊടുക്കുവാന്‍ യാതൊന്നുമില്ലല്ലോ. സാരമില്ല ഈ മധുരമുള്ള വെള്ളം അദ്ദേഹത്തിനു നല്കാം.” ആ സാധു വിചാരിച്ചു. അങ്ങനെ തൻ്റെ ഊഴം വന്നപ്പോള്‍ അയാള്‍ ആ ധനികനു് ഇലക്കുമ്പിളിലെ ആ വെള്ളം നല്കി. അദ്ദേഹം അതില്‍നിന്നും ഒരു കവിള്‍ വെള്ളം കുടിച്ചിട്ടു് ”ഹാ ! ഹാ! എന്തൊരു മധുരം എന്തൊരു നല്ല തീര്‍ത്ഥം” എന്നിങ്ങനെ പറഞ്ഞു് ആഹ്‌ളാദം പ്രകടിപ്പിച്ചു. ഇതു് ആ സാധുവിനെ വളരെ സന്തോഷിപ്പിച്ചു. അടുത്തുനിന്നിരുന്ന ധനികൻ്റെ സഹായികള്‍ അതിലല്പം കുടിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം നല്കിയില്ല. ”ഇതു വളരെ പവിത്രമാണു്” എന്നു പറഞ്ഞു മാറ്റിവച്ചു. അദ്ദേഹം ആ സാധുവിനു വേണ്ടതെല്ലാം നല്കി യാത്രയാക്കി.

സാധു പോയിക്കഴിഞ്ഞപ്പോള്‍ അവിടെനിന്നിരുന്നവര്‍ യജമാനനോടു ചോദിച്ചു, ”എന്തു കിട്ടിയാലും അതു മറ്റുള്ളവര്‍ക്കുകൂടി നല്കുന്നതില്‍ യാതൊരു മടിയും കാട്ടാത്ത അങ്ങു് ഇതു മാത്രം പുണ്യതീര്‍ത്ഥം എന്നുപറഞ്ഞു മാറ്റിവയ്ക്കാന്‍ എന്താണു കാരണം? ഞങ്ങള്‍ക്കതു് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.” ധനികന്‍ പറഞ്ഞു, ”നിങ്ങള്‍ എന്നോടു ക്ഷമിക്കണം. അദ്ദേഹം ദാഹിച്ചു തളര്‍ന്നിരുന്നപ്പോള്‍ വഴിയില്‍ എവിടെയോ കണ്ട വെള്ളം കുടിച്ചു. തളര്‍ച്ച കാരണം അപ്പോള്‍ അതിനു വളരെ മധുരമുള്ളതായി തോന്നി. അതാണു് ഇവിടെ കൊണ്ടുവന്നതു്. വാസ്തവത്തിലതു കുടിക്കാന്‍ കൊള്ളില്ലായിരുന്നു. എന്നാല്‍ ഞാന്‍ അതിലല്പം കുടിച്ചിട്ടു് അദ്ദേഹത്തിൻ്റെ മുന്നില്‍ വച്ചു് അതു കൊള്ളില്ല എന്നു പറഞ്ഞാല്‍ ആ പാവത്തിനു ദുഃഖമാകും. പിന്നെ ഇവിടെനിന്നു് എന്തു നല്കിയാലും തൃപ്തിയാവില്ല, സന്തോഷം വരില്ല. അതുണ്ടാകരുതെന്നു കരുതിയാണു് അദ്ദേഹത്തിൻ്റെ മുന്നില്‍വച്ചു ഞാന്‍ നല്ല വെള്ളമെന്നു പറഞ്ഞു പുകഴ്ത്തിയതു്.”

വാസ്തവത്തില്‍ വെള്ളം നല്ലതല്ലായിരുന്നു. എന്നിട്ടും വളരെ നല്ലതാണെന്നു പറഞ്ഞു. ആ സാധുവിനെ ദുഃഖിപ്പിക്കാതിരിക്കുന്നതിനായി ഒരു വഴി അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വാക്കുകള്‍ ആര്‍ക്കും ഒരു ദോഷവും ചെയ്തില്ല. മറിച്ചു്, ഒരു സാധുവിനെ ദുഃഖിപ്പിക്കാതിരിക്കുവാന്‍ സഹായിച്ചു. മക്കളേ, ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണു സത്യം വേദനിപ്പിക്കുന്നതാണെങ്കില്‍ പറയരുതെന്നു പറയുന്നതു്. ഇതിനര്‍ത്ഥം കള്ളം പറയാമെന്നല്ല.

ആദ്ധ്യാത്മികജീവി തനിക്കുവേണ്ടി, സ്വന്തം കാര്യലാഭത്തിനു വേണ്ടി ഒരിക്കലും കള്ളം പറയരുതു്. നമ്മുടെ വാക്കുകളും പ്രവൃത്തികളുംകൊണ്ടു് ഒരാളുടെ മനസ്സുപോലും വേദനിക്കാന്‍ ഇടയാകരുതു്. ഒരാളെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരുവൻ്റെ ജീവിതത്തില്‍ ഒരിക്കലും മായാതെ നില്ക്കുന്നതും എക്കാലവും പ്രകാശം പരത്തുന്നതും ആഹ്‌ളാദിപ്പിക്കുന്നതുമായ ഒരു കാര്യം സ്നേഹം മാത്രമാണു്. മക്കളേ, അതു തന്നെയാണു് ഈശ്വരന്‍.