ജനനമരണങ്ങൾ ഇല്ലാത്ത സർവ്വേശ്വരൻ ഒരു മനുഷ്യ ശിശുവായി മധുരയിൽ വന്നുപിറന്ന പുണ്യദിനമാണ് അഷ്ടമി രോഹിണി. ഭഗവാൻ അവതരിക്കുന്ന സമയത്ത് ചുറ്റും പ്രകാശം പരന്നു, ദിക്കുകൾ തെളിഞ്ഞു, മനുഷ്യ മനസ്സുകൾ പ്രസന്നമായി, ചെടികളും വൃക്ഷങ്ങളും പുഷ്പിച്ചു, വസുദേവരുടെ കാലുകളിലെ ചങ്ങലക്കെട്ടുകൾ താനെ അഴിഞ്ഞു, തടവറയുടെ കവാടങ്ങൾ തുറന്നു, ഉണ്ണിക്കണ്ണനുമായി മുന്നോട്ടു നടന്ന വസുദേവർക്കുവേണ്ടി യമുനാനദി വഴിമാറിക്കൊടുത്തു എന്നെല്ലാമാണ് ഭാഗവതത്തിൽ പറയുന്നത്. ഭഗവാൻ അവതരിക്കുമ്പോൾ ബാഹ്യമായ മാറ്റങ്ങളോടൊപ്പം നമ്മുടെ ഉള്ളിലും ജ്ഞാനത്തിൻ്റെ  പ്രകാശം പരക്കുകയാണ്. വസുദേവരെ പോലെ ഭഗവാനേ ഹൃദയത്തോട് ചേർത്ത് മുന്നോട്ടു നടക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ എല്ലാപ്രതിബന്ധങ്ങളും വഴിമാറിത്തരും, നമ്മൾ ലക്ഷ്യം പ്രാപിക്കും.

ഭക്തരെ ആനന്ദിപ്പിക്കുക, ധർമ്മത്തെ പരിപാലിക്കുക, കാലോചിതമായ ധർമ്മത്തെ വ്യക്തമാക്കുക, സമൂഹത്തിൻറെ ആത്മീയ ഉന്നതിക്ക് വേണ്ട ഉപദേശങ്ങൾ നൽകുക, സംസ്കാരത്തെ എല്ലാരീതിയിലും പോഷിപ്പിക്കുക, ഭാവിതലമുറയ്ക്ക് ഭജിക്കാൻ യോഗ്യമായ ദിവ്യ ലീലകൾ ആടുക തുടങ്ങിയവയാണ് ഈശ്വരാവതാരത്തിൻ്റെ  ധർമ്മം. ഇതെല്ലാം അതുല്യമായ രീതിയിൽ ഭഗവാൻ നിർവഹിച്ചു. ഒരിക്കലും നഷ്ടപ്പെടാത്ത പ്രസാദമധുര ഭാവം, വൈവിധ്യമാർന്ന കർമരംഗങ്ങൾ, ഒന്നിലും ബന്ധിക്കാത്ത നിസ്സംഗത ഇവ കൃഷ്ണ ജീവിതത്തിൻ്റെ പ്രത്യേകതയാണ്. പല പല വേഷങ്ങൾ ഭംഗിയായി ആടുന്ന ഒരു നടനെ പോലെ ശ്രീകൃഷ്ണൻ തൻ്റെ ലോകജീവിതത്തെ ഒരു നടനവേദിയാക്കി. അനായാസമായി ഓരോ വേഷവും അണിഞ്ഞു. അനായാസമായിത്തന്നെ അവ അഴിച്ചുവയ്ക്കുകയും ചെയ്തു. ഒന്നിലും ബന്ധിച്ചില്ല. എന്നാൽ എല്ലാത്തിനെയും മനോഹരമാക്കി.

മനസ്സിനെ പൂർണ്ണമായി അതിജീവിക്കുമ്പോഴാണ് പൂർണ്ണത കൈവരിക്കുന്നത്. ശ്രീകൃഷ്ണന് അതിനു കഴിഞ്ഞു. അതാണ് അവിടുത്തെ പൂർണ്ണാവതാരം എന്ന് പറയുന്നത്. ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് പോകുന്ന ലാഘവത്തോടെ ഒരു സാഹചര്യത്തിൽ നിന്നും മറ്റൊരു സാഹചര്യത്തിലേക്ക് പുഞ്ചിരിച്ചുകൊണ്ട് അവിടുന്ന് നീങ്ങി . കാറ്റ് എല്ലായിടത്തും കടന്നുചെല്ലും, എന്നാൽ ഒരിടത്തും തങ്ങിനിൽക്കുകയില്ല. കാറ്റ് എല്ലാവരെയും തഴുകിത്തലോടും . എന്നാൽ ആർക്കും കെട്ടിയിടാൻ കഴിയില്ല. അതുപോലെയായിരുന്നു ശ്രീകൃഷ്ണൻ. ശ്രുതിയും താളവും ലയവും ഒത്തുചേർന്ന ഒരു മധുര സങ്കീർത്തനമായിരുന്നു അവിടുത്തെ ജീവിതം. കൃഷ്ണൻ്റെ ജീവിതത്തിൻറെ സമഗ്രത അവിടുത്തെ ഉപദേശങ്ങളിലും കാണാം. ജീവിതത്തിൻ്റെ ഏതു മേഖലയിൽ പെട്ടവർക്കും ഭൗതികമായും ആത്മീയമായും പുരോഗമിക്കാനുള്ള വഴികൾ അവിടുന്ന് കാട്ടിത്തന്നു

ഭഗവാനാകുന്ന പ്രേമ സൂര്യൻ സദാ ജ്വലിച്ചുകൊണ്ടിരിക്കുന്നു. വീടിൻ്റെ ജനലുകളും വാതിലുകളും കൊട്ടിയടച്ച് വീട്ടിനകത്തിരുന്നാൽ ആ പ്രേമപ്രകാശം എങ്ങനെ നമുക്ക് അനുഭവിക്കാൻ കഴിയും? അഹങ്കാരമാകുന്ന കവാടങ്ങൾ തുറന്ന് നാം പുറത്തേക്കു വരണം. അപ്പോൾ കൃഷ്ണ പ്രേമത്തിൻ്റെ മാധുര്യവും കുളിർമ്മയും അനുഭവിക്കാൻ സാധിക്കും.  ആ പ്രേമത്തിലേക്ക് മക്കളുടെ ഹൃദയ കവാടങ്ങൾ തുറക്കുവാൻ അമ്മ പരമാത്മാവിൽ അർപ്പിക്കുന്നു.

(അമ്മയുടെ 2018 ജന്മാഷ്ടമി സന്ദേശത്തിൽ നിന്ന്  )