15 സെപ്റ്റംബർ, അമൃതപുരി
മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം ശുചിത്വ പ്രസ്ഥാനത്തിന് എല്ലായ്‌പോയും കരുത്തു പകര്‍ന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും പ്രതീക്ഷയുടെ ദീപസ്തംഭമാണ്. ആ സ്‌നേഹം എപ്പോഴും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സ്വച്ഛതാ ഹി സേവാ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ന്യൂദല്‍ഹിയില്‍ നിന്ന് രാജ്യത്തെ 17 സ്ഥലങ്ങളിലുള്ള സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ കൊല്ലം അമൃതാപുരിയില്‍നിന്ന് മാതാ അമൃതാനന്ദമയി ദേവിയും പങ്കുചേര്‍ന്നു.
ശുചിത്വ ഭാരതം എന്ന വിഷയം പ്രധാനമന്ത്രി ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ടന്ന് മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. അത് ദൈനംദിന ചര്‍ച്ചയായിക്കഴിഞ്ഞു. ജനങ്ങളുടെ ജീവിതത്തില്‍ ഉയര്‍ന്ന പരിഗണന നേടുകയും എല്ലാ വ്യക്തികളെയും അത് സ്പര്‍ശിക്കുകയും ചെയ്തു. എല്ലാ പൗരന്‍മാരും ഇതിനായി സമര്‍പ്പിതരായിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ആഗോഗ്യം, കുടിവെള്ളം എന്നീ മേഖലകളില്‍ മഠം സജീവമായി ഇടപെടുന്നുണ്ട്. ഈ വര്‍ഷം മാത്രം രാജ്യത്താകമാനം 1700 ശുചിത്വ പരിപാടികളാണ് അമൃതാനന്ദമയീ മഠം സംഘടിപ്പിച്ചത്. ശുചിത്വ ഭാരതം – നമാമി ഗംഗേ പ്രചാരണ പരിപാടികള്‍ക്കായി മഠം 100 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്നും മാതാ അമൃതാനന്ദമയീ ദേവി വ്യക്തമാക്കി.
ശുചിമുറികളുടെ കുറവ്, പ്രത്യേകിച്ച് ഗ്രാമങ്ങളിലേത് ഏറെ ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. അത്മാഭിമാനവുമായി ബന്ധപ്പെട്ട കാര്യം മാത്രമല്ല അത്. സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യം കൂടിയാണിത്.
‘വര്‍ഷങ്ങള്‍ക്കു മുൻപ് ഒരു ഭക്ത എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ എത്തിയ ശേഷം അവിടെ ശുചിമുറിയില്ലെന്ന കാര്യം ഞങ്ങള്‍ മനസ്സിലാക്കി. ആ സ്ത്രീക്ക് തുറസ്സായ സ്ഥലത്ത് ഈ ആവശ്യത്തിനായി പോകാൻ രാത്രി വരെ കാത്തിരിക്കണം. അവിടെ താമസിച്ച സമയത്ത് ഞങ്ങള്‍ക്ക് രാത്രിയാകുന്നതുവരെ ഇത് അടക്കിപ്പിടിച്ചു നില്‍ക്കേണ്ടി വന്നു. അതു കൊണ്ട് ഇത്തരക്കാരുടെ ബുദ്ധിമുട്ടുകള്‍ എനിക്ക നന്നായി മനസ്സിലാകും’.
അമൃതാനന്ദമയീ മഠം രാജ്യത്തൊട്ടാതെ 101 ഗ്രാമങ്ങള്‍ ദത്തെടുത്തിട്ടുണ്ട്. ഈ ഗ്രാമങ്ങളില്‍ മഠം ശുചിമുറികള്‍ പണിയുക മാത്രമല്ല ചെയ്തത്, ആ ഗ്രാമങ്ങളിലെ സ്ത്രീകളെ ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു. ഇത് അവര്‍ക്ക് ഒരു ഉപജീവനോപാധി നല്‍കുകയും അവരെ സ്വയം പര്യാപ്തരാക്കുകയും ചെയ്തു. ഈ ഗ്രാമങ്ങളില്‍ വനിതാശ്കാതീകരണത്തിനായുള്ള പരിപാടികള്‍ നടപ്പിലാക്കുന്നുണ്ടെന്നും അമ്മ അറിയിച്ചു.
“മാലിന്യസംസ്‌കരണത്തെക്കാളുപരി മാലിന്യം എങ്ങനെ സൃഷ്ടിക്കാതിരിക്കാം എന്ന് നോക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി വിപണിയില്‍ ലഭ്യമാകുന്ന സാനിറ്ററി പാഡുകള്‍ മണ്ണില്‍ ലയിച്ചു ചേരുന്നവയല്ല. അത് മാലിന്യമായി മാറുന്നു. പരുത്തിയും വാഴനാരും ഉപയോഗിച്ചുള്ള സൗഖ്യം പാഡുകള്‍ അമൃതാനന്ദമയീ മഠം നിര്‍മ്മിച്ചിട്ടുണ്ട്. ഈ പാഡുകള്‍ പുനരുപയോഗിക്കാവുന്നതും മണ്ണില്‍ അലിഞ്ഞുചേരുന്നതുമാണ്. ഗ്രാമങ്ങളിലെ വനിതകള്‍ക്ക് ഈ പാഡ് നിര്‍മ്മിക്കുന്നതു വഴി വരുമാനവും ലഭിക്കുന്നു’- അമ്മ കൂട്ടിച്ചേർത്തു
ശുചിത്വത്തെക്കുറിച്ചുള്ള അവബോധം സ്‌കൂള്‍തലം മുതല്‍ ആരംഭിക്കണം. തങ്ങളുടെ കാമ്ബസിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്‌കൂളുകളും കോളേജുകളും എറ്റെടുക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. മാലിന്യം തരം തിരിക്കുന്നതിനും പുനചംക്രമണം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും ഓരോ മുനിസിപ്പാലിറ്റിക്കും പഞ്ചായത്തിനും ഒരു സ്ഥലമുണ്ടായിരിക്കണം. ഇല്ലെങ്കില്‍ ഈ പരിശ്രമങ്ങള്‍ വൃഥാവിലാകുമെന്നും അമ്മ ഓർമ്മിപ്പിച്ചു.
ഡെങ്കി, മലേറിയ എന്നിവയുടെ വാഹകരാകുന്നതില്‍നിന്ന് കൊതുകുകളെ തടയാന്‍ പ്രത്യേക ജീന്‍ കുത്തിവെക്കുന്നതടക്കമുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ടെന്ന് അമ്മ അറിയിച്ചു. അടുത്ത രണ്ടാഴ്ച്ചക്കാലം രാജ്യത്തു നടക്കുന്ന സ്വച്ഛതാ ഹി സേവാ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഭക്തന്‍മാരും പൂര്‍ണ്ണ സമര്‍പ്പണത്തോടെ പങ്കെടുക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. ഇന്ത്യയെ ഒരിക്കല്‍കകൂടി വൃത്തിയുള്ളതും മനോഹരമുള്ളതുമാക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് മഠം എല്ലാഴ്‌പ്പോഴും മികച്ച പങ്കു വഹിക്കുമെന്ന് അമൃതാനന്ദമയീ ദേവി ഉറപ്പു നല്‍കി.
“2001 ലെ ഗുജറാത്ത് ഭൂകമ്ബം മുതല്‍ ഇന്നുവരെ, സേവനം നല്‍കുന്നതിന് എപ്പോഴൊക്കെ അവസരം ലഭിച്ചുവോ അപ്പോഴൊക്കെ അമൃതാനന്ദമയീ ദേവി അതിനായി മുന്‍നിരയില്‍തന്നെയുണ്ടായിരുന്നു. പാവങ്ങളെ സേവിക്കുക എന്ന ആഗ്രഹം എന്റെയുള്ളില്‍ ഊട്ടിയുറപ്പിക്കുന്നതില്‍ അമൃതാനന്ദമയീ ദേവി പ്രധാന പങ്കാണ് വഹിച്ചത്. തന്റെ അനുഗ്രഹം, സമയം, വിഭവങ്ങള്‍, വളന്റിയര്‍മാരുടെ പരിശ്രമങ്ങള്‍ എന്നിവ വഴി സ്വച്ഛതാ ഹി സേവാ പ്രസ്ഥാനത്തിന് മാതാ അമൃതാനന്ദമയീ ദേവി നല്‍കിയ സംഭാവനകള്‍ അതിന് വേഗതയും ഊര്‍ജ്ജവും നല്‍കി. സ്ത്രീകള്‍ക്ക് കല്‍പ്പണിക്കാരാകാന്‍ പരിശീലനം നല്‍കി അവരെക്കൊണ്ട് ശുചിമുറികള്‍ നിര്‍മ്മിച്ചത് മനുഷ്യവിഭവ വികസനത്തിന്റേയും നൈപുണ്യ വികസനത്തിന്റേയും മഹത്തായ മാതൃകയാണ്. വൃത്തിയിലും ശുചിത്വത്തിലും സ്ത്രീകള്‍ എല്ലായ്‌പ്പോഴും മുന്‍നിരയിലാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അമൃതാനന്ദമയീ ദേവി നൈപുണ്യവും ശാക്തീകരണവും പകര്‍ന്നു നല്‍കി” എന്ന് നന്ദി പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയം കഴിഞ്ഞയുടന്‍ അമൃതപുരിയിലെ ആശ്രമത്തിനു ചുറ്റുമുള്ള 6 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രത്യേക ശുചീകരണ യജ്ഞം നടന്നു. രാജ്യത്തൊട്ടാകെയുള്ള അമൃതാ സ്‌കൂളുകള്‍, സര്‍വകലാശാലാ സെന്ററുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ശുചീകരണ പരിപാടികള്‍ നടന്നു.