ചോദ്യം : ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ലേ?

അമ്മ: സാധനകൊണ്ടുമാത്രം ഞാനെന്ന ഭാവം നഷ്ടപ്പെടുത്തുവാന്‍ പ്രയാസമാണു്. അഹംഭാവം നീങ്ങണമെങ്കില്‍ ഉത്തമനായ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം. ഗുരുവിന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍ നമ്മള്‍ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദര്‍ശത്തെയാണു കാണുന്നതു്. ആ ആദര്‍ശത്തെയാണു നമിക്കുന്നതു്. നമുക്കും ആ തലത്തിലെത്തുന്നതിനു വേണ്ടിയാണതു്. വിനയത്തിലൂടെയേ ഉന്നതി ഉണ്ടാവുകയുള്ളൂ. വിത്തില്‍ വൃക്ഷമുണ്ടു്. പക്ഷേ, അതും പറഞ്ഞു പത്തായത്തില്‍ കിടന്നാല്‍ എലിക്കാഹാരമാകും. അതു മണ്ണിന്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ അതിന്റെ സ്വരൂപം വെളിയില്‍ വരുന്നു. കുടയുടെ ബട്ടണ്‍ താഴ്ത്തിക്കൊടുക്കുമ്പോള്‍ അതു നിവരുന്നു. മറ്റുള്ളവരെ വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കാന്‍ കഴിയുന്നു.

മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിര്‍ന്നവരെയും അനുസരിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ നമ്മള്‍ വളരുകയായിരുന്നു. അറിവു നേടുകയായിരുന്നു. നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളര്‍ത്തുകയായിരുന്നു. അതു പോലെ ഗുരുവിന്റെ മുന്നിലെ ശിഷ്യന്റെ അനുസരണമൂലം അവന്‍ വിശാലതയിലേക്കു് ഉയരുകയാണു ചെയ്യുന്നതു്. നാളെ രാജാധിരാജനാകുന്നതിനു വേണ്ടിയാണതു്. മാവിനു വേലി കെട്ടി, വെള്ളവും വളവും നല്കി വളര്‍ത്തുന്നതു മാങ്ങയ്ക്കുവേണ്ടിയാണു്. ഗുരുവിനെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതു് ആ തത്ത്വത്തിലെത്തുന്നതിനുവേണ്ടിയാണു്. ത്യാഗത്തിന്റെ മൂര്‍ത്തരൂപമാണു ഗുരു. സത്യം, ധര്‍മ്മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്നു നമുക്കറിയാന്‍ കഴിയുന്നതു ഗുരുക്കന്മാര്‍ അതില്‍ ജീവിക്കുന്നതുകൊണ്ടാണു്. അവയുടെ ജീവന്‍ ഗുരുവാണു്. അവരെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മിലും ആ ഗുണങ്ങള്‍ വളരുന്നു.

വിമാനത്തില്‍ കയറുമ്പോള്‍ ബെല്‍റ്റിടാന്‍ പറയും. അതവരുടെ വലുപ്പം കാട്ടുവാനല്ല, നമ്മുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണു്. അതുപോലെ യമനിയമങ്ങളും മറ്റു ചിട്ടകളും പാലിക്കുവാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നതു്, ശിഷ്യന്റെ ഉയര്‍ച്ചയ്ക്കു വേണ്ടിയാണു്. ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളില്‍നിന്നും അവനെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണു്. ഞാനെന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പു്, അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നു ഗുരുവിനറിയാം. ട്രാഫിക്ക്‌പോലീസു് ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടി കൈകള്‍ കാണിക്കുമ്പോള്‍ നമ്മള്‍ അനുസരിക്കുന്നില്ലേ? അതുമൂലം എത്രയോ അപകടങ്ങള്‍ ഒഴിവായിക്കിട്ടുന്നു. ഞാനെന്നും എന്റെതെന്നും ഉള്ള ഭാവംവച്ചു നമ്മള്‍ സ്വയം നശിക്കാന്‍ പോകുന്ന സാഹചര്യങ്ങളില്‍ സദ്ഗുരു നമ്മളെ രക്ഷിക്കുന്നു. ഭാവിയില്‍ ആ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ തക്കവണ്ണം പരിശീലനം നല്കുന്നു. അവരുടെ സാമീപ്യംതന്നെ നമുക്കു ശക്തി പകരുന്നു.

ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല. ശിഷ്യന്റെ സുരക്ഷിതത്വം അതുമാത്രമാണവരുടെ ലക്ഷ്യം. യഥാര്‍ത്ഥ വഴി കാട്ടിയാണു ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്നേഹം മാത്രമാണവര്‍ക്കുള്ളതു്. സ്വയം പരാജയപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നതു കാണുവാനാണു് അവര്‍ ആഗ്രഹിക്കുന്നതു്. ഉത്തമനായ ഗുരുവാണു യഥാര്‍ത്ഥ മാതാവു്.