ചോദ്യം : ഗുരുവിന്റെ സഹായമില്ലാതെ സാധനയും സത്സംഗവുംകൊണ്ടുമാത്രം ലക്ഷ്യത്തിലെത്താമോ? (തുടർച്ച)

ഏതു സാധനാക്രമമാണു നമുക്കു വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്നതു ഗുരുവാണു്. നിത്യാനിത്യവിവേചനമാണോ, നിഷ്‌കാമസേവനമാണോ യോഗമാണോ, അതോ ജപവും പ്രാര്‍ത്ഥനയും മാത്രം മതിയോ ഇതൊക്കെ തീരുമാനിക്കുന്നതു ഗുരുവാണു്. ചിലര്‍ക്കു യോഗസാധന ചെയ്യുവാന്‍ പറ്റിയ ശരീരക്രമമായിരിക്കില്ല. ചിലര്‍ അധികസമയം ധ്യാനിക്കുവാന്‍ പാടില്ല. ഇരുപത്തിയഞ്ചുപേരെ കയറ്റാവുന്ന വണ്ടിയില്‍ നൂറ്റിയന്‍പതുപേരെ കയറ്റിയാല്‍ എന്താണു സംഭിക്കുക? വലിയ ഗ്രൈന്‍ഡറുപോലെ ചെറിയ മിക്‌സി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയില്ല. അധികസമയം തുടര്‍ച്ചയായി പ്ര വര്‍ത്തിപ്പിച്ചാല്‍ ചൂടുപിടിച്ചു എരിഞ്ഞുപോകും. ഓരോരുത്തരുടെയും ശരീരമനോബുദ്ധികളുടെ നിലയനുസരിച്ചാണു ഗുരു സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു്.
നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും സ്വഭാവം നമ്മളെക്കാള്‍ നന്നായറിയാവുന്നതു ഗുരുവിനാണു്. അധികാരിഭേദമനുസരിച്ചാണു ഗുരു ഉപദേശങ്ങള്‍ നല്കുന്നതു്. ഇതൊന്നും ശ്രദ്ധിക്കാതെ, എവിടെനിന്നെങ്കിലും കിട്ടിയ അറിവുവച്ചു്, യാതൊരു നിയന്ത്രണവുമില്ലാതെ സാധന തുടങ്ങിയാല്‍, ചിലപ്പോള്‍ ബുദ്ധിഭ്രമംവരെ സംഭവിച്ചെന്നിരിക്കും.

ധ്യാനം ക്രമത്തിലധികമായാല്‍ തല ചൂടാകും. ഉറക്കം നഷ്ടമാകും. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലാണു ധ്യാനിക്കേണ്ടതെന്നും എത്രസമയം ധ്യാനിക്കണമെന്നും ഓരോരുത്തരുടെയും സ്വഭാവം അനുസരിച്ചു ഗുരു പറയും. ഒരു സ്ഥലത്തേക്കു പുറപ്പെടുമ്പോള്‍ അവിടെ സ്ഥിരമായി താമസിക്കുന്ന എല്ലാ വഴികളും അറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ വേഗം അവിടെയെത്തുവാന്‍ സാധിക്കും. അല്ലെങ്കില്‍, ഒരു മണിക്കൂര്‍ യാത്ര വേണ്ട സ്ഥാനത്തു പത്തു മണിക്കൂര്‍ എടുത്തെന്നിരിക്കും. ‘മാപ്പു’ണ്ടെങ്കിലും ദിക്കുകളറിയാതെ വഴിതെറ്റി അലഞ്ഞെന്നിരിക്കും. ചിലപ്പോള്‍ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും സങ്കേതത്തില്‍ അകപ്പെട്ടെന്നും വരാം. എന്നാല്‍ വഴിയറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ ഒന്നും ഭയപ്പെടേണ്ടതില്ല. ഇതു പോലെയാണു് ആദ്ധ്യാത്മികസാധനയില്‍ ഗുരുവും. എല്ലാ വഴികളും നന്നായറിയാവുന്ന ആളാണു ഗുരു. സാധനയുടെ ഏതു ഘട്ടത്തിലും പ്രതിബന്ധങ്ങളുണ്ടാകാം. ആ സമയങ്ങളില്‍ ഗുരുവില്ലാതെ സാധന തുടരുക പ്രയാസമാണു്. അതിനാല്‍ സദ്ഗുരുവിന്റെ സാമീപ്യംതന്നെയാണു യഥാര്‍ത്ഥ സത്സംഗം. സര്‍വ്വതും ഗുരുവില്‍ ഒതുങ്ങിനില്ക്കുന്നു. അതുപോലെ ഒരു സദ്ഗുരുവില്‍നിന്നുമാണു ദീക്ഷ കിട്ടിയിട്ടുള്ളതെങ്കില്‍ സാധനയില്‍ വളരെവേഗം പുരോഗതി കൈവരിക്കുവാന്‍ കഴിയും. പാലില്‍ പാലൊഴിച്ചുവച്ചാല്‍ തൈരാകില്ല; അല്പം തൈരുതന്നെ ഒഴിക്കണം. അതുപോലെയാണു യഥാര്‍ത്ഥ സദ്ഗുരുവില്‍നിന്നും നേടുന്ന മന്ത്രോപദേശം. അതു സാധകന്റെ ആത്മീയശക്തിയെ ഉണര്‍ത്തുന്നു.