ചോദ്യം : ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യൂ എന്നു ഗീതയില്‍ പറയുന്നു. ഫലം ഇച്ഛിക്കാതെ എങ്ങനെ കര്‍മ്മം ചെയ്യുവാന്‍ കഴിയും ?

അമ്മ: ദുഃഖം ഒഴിവാക്കിയ ഒരു ജീവിതം നയിക്കുന്നതിനു വേണ്ടിയാണു ഭഗവാന്‍ അങ്ങനെ പറഞ്ഞതു്. ഫലത്തെക്കുറിച്ചു ചിന്തിച്ചു വേവലാതിപ്പെടാതെ കര്‍മ്മം ശ്രദ്ധയോടെ ചെയ്യുക. ഫലം ലഭിക്കേണ്ടതു ലഭിക്കുകതന്നെ ചെയ്യും. പഠിക്കുമ്പോള്‍ ശ്രദ്ധിച്ചു പഠിക്കുക. ജയിക്കുമോ, തോല്ക്കുമോ എന്നോര്‍ത്തു വിഷമിക്കേണ്ട ആവശ്യമില്ല. കെട്ടിടം പണിയുമ്പോള്‍ അതു വീഴുമോ വീഴുമോ എന്നു് ആലോചിച്ചു തല പുണ്ണാക്കാതെ, കണക്കനുസരിച്ചു ഭംഗിയായി പണിയുവാനാണു ശ്രദ്ധിക്കേണ്ടതു്. നല്ല കര്‍മ്മം ചെയ്താല്‍ തീര്‍ച്ചയായും നല്ല ഫലം കിട്ടും. കല്ലില്ലാത്ത നല്ല പാകത്തിനുള്ള അരിയാണെങ്കില്‍ എല്ലാവരും വാങ്ങും. ശ്രദ്ധിച്ചു നെല്ലു പുഴുങ്ങി ഉണക്കിക്കുത്തി അരിയാക്കിയ ആ പ്രയത്‌നത്തിനുവേണ്ട ഫലം കിട്ടിയില്ലേ? എന്നാല്‍ അമിതലാഭം കൊതിച്ചു കൃത്രിമം ചെയ്തിരുന്നുവെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അതിനുള്ള ശിക്ഷ ലഭിക്കുകതന്നെ ചെയ്യും. മനസ്സിനും അശാന്തിയാകും. അതിനാല്‍ കര്‍മ്മം ശ്രദ്ധയോടെ, ഈശ്വരാര്‍പ്പണബോധത്തോടെ ചെയ്യുകയാണു വേണ്ടതു്. ഫലത്തെക്കുറിച്ചു ചിന്തിച്ചാലും ഇല്ലെങ്കിലും ചെയ്ത കര്‍മ്മത്തിനുള്ള ഫലം യാതൊരു കുറവും കൂടുതലും കൂടാതെ ലഭിക്കുകതന്നെ ചെയ്യും. പിന്നെ എന്തിനു ഫലത്തെക്കുറിച്ചു ചിന്തിച്ചു സമയം കളയണം. ആ സമയംകൂടി കര്‍മ്മം ഭംഗിയാക്കുന്നതില്‍ ശ്രദ്ധിച്ചുകൂടേ? സമയം നഷ്ടമാക്കാതെ ഈശ്വരചിന്ത ചെയ്തുകൂടേ?