ചോദ്യം : തെറ്റും ശരിയുമെല്ലാം ചെയ്യിക്കുന്നതു് ഈശ്വരനല്ലേ?
അമ്മ: എല്ലാം ഈശ്വരന് ചെയ്യിക്കുന്നുവെന്നു ബോധമുണ്ടെങ്കില്‍ ഇതു ശരിയാണു്. ശരി ചെയ്തു് അതിൻ്റെ ഗുണം കിട്ടുമ്പോഴും, തെറ്റു ചെയ്തു ശിക്ഷ ലഭിക്കുമ്പോഴും സമഭാവത്തില്‍ ‘എല്ലാം ഈശ്വരന് തരുന്നു’ എന്നു കാണുവാന്‍ കഴിയണം.
തെറ്റുകള്‍ക്കുത്തരവാദി ഈശ്വരനല്ല; നമ്മളുതന്നെയാണു്. ടോണിക് ശരീരപുഷ്ടിക്കുള്ളതാണു്; ദിവസം എത്രനേരം എത്ര സ്പൂണ്‍ വീതം കഴിക്കണമെന്നു ഡോക്ടര്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ടു്. അതനുസരിക്കാതെ മുഴുവനും ഒറ്റ പ്രാവശ്യമായി കഴിച്ചു് ഉള്ള ആരോഗ്യംകൂടി നഷ്ടമാകുമ്പോള്‍ ഡോക്ടറെ പഴി പറഞ്ഞിട്ടു കാര്യമുണ്ടോ? അശ്രദ്ധയോടെ വണ്ടിയോടിച്ചു് എവിടെയെങ്കിലും കൊണ്ടിടിച്ചിട്ടു പെട്രോളിനെ കുറ്റം പറയുന്നതു പോലെയാണു നമ്മുടെ അറിവുകേടുകൊണ്ടുണ്ടാകുന്ന കുഴപ്പങ്ങള്‍ക്കു് ഈശ്വരനെ പഴി പറയുന്നതു്. എങ്ങനെ ഈ ലോകത്തു ജീവിക്കണം എന്നു് അവിടുന്നു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ടു്. അതനുസരിക്കാത്തതു മൂലമുള്ള ഭവിഷ്യത്തുകള്‍ക്കു് ഈശ്വരനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.