ചോദ്യം : ആത്മാവു സര്‍വ്വവ്യാപിയാണെങ്കില്‍ മരിച്ചു കിടക്കുന്ന ആളിലും ചൈതന്യം നിലനിലേ്ക്കണ്ടതല്ലേ? പിന്നെ എന്തുകൊണ്ടാണു മരണം സംഭവിക്കുന്നതു്?
അമ്മ : ബള്‍ബ്ബു ഫ്യൂസാകുന്നതുകൊണ്ടോ, ഫാന്‍ കേടായി കറങ്ങാത്തതുകൊണ്ടോ, കറണ്ടില്ലാതാകുന്നില്ല. വീശിക്കൊണ്ടിരുന്ന വിശറി മാറ്റിവച്ചപ്പോള്‍ കാറ്റു കിട്ടുന്നില്ല എന്നു കരുതി, കാറ്റില്ലാതാകുന്നില്ല. എഞ്ചിന്‍ കേടായി വണ്ടി ഓടാതായതിനു പെട്രോളിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വണ്ടി നിന്നെങ്കില്‍ പെട്രോളിന്റെ കുറ്റമല്ല എഞ്ചിന്റെ തകരാറാണു്. ഊതിവീര്‍പ്പിച്ചു കെട്ടിപ്പറത്തി വിട്ട ബലൂണ്‍ പൊട്ടി എന്നു കരുതി അതിലെ വായു ഇല്ലാതാകുന്നില്ല. അതു് അവിടെത്തന്നെയുണ്ടു്. അതുപോലെ, ആത്മാവു സര്‍വ്വവ്യാപിയാണു്. അവിടുന്നു എല്ലായിടവും ഉണ്ടു്. മരണം സംഭവിക്കുന്നതു് ആത്മാവിന്റെ അഭാവംകൊണ്ടല്ല; ശരീരമാകുന്ന ഉപാധിയുടെ തകരാറുകൊണ്ടാണു്. ഉപാധിയുടെ നാശമാണു മരണം; ആത്മാവിന്റെ ന്യൂനതയല്ല.