8 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം 64
എല്ലാവര്ക്കും ഒരേ പോലെ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതും സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ രംഗത്ത് അമൃതാനന്ദമയി മഠം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. മഠം ഇതാണ് ചെയ്യുന്നത്, സാധാരണക്കാരുടെ ജീവിതത്തിനാണ് പരിവര്‍ത്തനം വരുത്തുന്നത്. അമ്മയുടെ 64 ാം ജന്മദിനത്തോടനുബന്ധിച്ച് അമൃതാനന്ദമയി മഠത്തിന്റെ മൂന്ന് സേവന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. അമൃതപുരിയിലെ ദര്‍ശന ഹാളില്‍ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മികച്ച സമൂഹം ഉണ്ടായാലേ ഐശ്യര്യ സമ്പൂര്‍ണ്ണമായ രാഷ്ട്രമുണ്ടാകൂ . അമൃതാനന്ദമയി മഠം നടത്തുന്ന ഇത്തരം സംരംഭങ്ങള്‍ ഈ ദിശയിലുള്ളതാണെന്ന് രാഷ്ട്രപതി പറഞ്ഞു.
കേരളം ആദ്ധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദിയാണ്. ശ്രീ ശങ്കരാചാര്യരും ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും ആധ്യാത്മികതക്കൊപ്പം സാമൂഹ്യ പരിഷ്കരണത്തിലും ഒരേ പോലെ പരിവര്‍ത്തനം സൃഷ്ടിച്ചവരാണ്. ആദിശങ്കരാചാര്യരും അയ്യങ്കാളിയും പോലെ അമ്മയുടെ പ്രവർത്തനം രാഷ്ട്ര നിർമാണത്തിന് സഹായിക്കുന്നു. സഹജീവികളെ സ്നേഹിക്കുകയും നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും തുല്യ അവസരം നല്‍കുകയും ചെയ്യുക എന്നത് അനിവാര്യമാണ്. ഈ ദിശയിലുള്ള അമൃതാനന്ദമയി മഠത്തിന്റെ പ്രവര്‍ത്തനവും മഠം 50000 വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സ്കോളര്‍ഷിപ്പും പാവപ്പെട്ടവര്‍ക്ക് നല്കുന്ന പെന്‍ഷനും തുല്യ അവസരം നല്കുന്നതില് നിര്‍ണ്ണായകമാണ്. അമൃത വിശ്വ വിദ്യാപീഠം രാജ്യത്തെ മികച്ച സര്‍വകലാശാലയെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രപതി ഒര്മ്മിച്ചു. ” വിദ്യാഭ്യാസം ഡിഗ്രി നേടുന്നതല്ല; നേടിയ ഡിഗ്രി രാഷ്ട്രനിര്‍മ്മാണത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്. അമ്മയും വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാട് ആണ് പുലര്‍ത്തുന്നത്.” ഗവേഷണത്തിന് പണം കിട്ടുന്നതോ എത്ര ഗവേഷണ പ്രബന്ധങ്ങള്‍
അവതരിപ്പിച്ചതോ അല്ല ബുദ്ധി ശക്തി അളക്കുന്നത്. അതിന് പകരം പാവപ്പെട്ട സാധാരണക്കാര്‍ക്ക് എത്ര പ്രയോജനമുണ്ടായി എന്നതാണ് ഇതിന്റെ മാനദണ്ഡം” അമ്മയുടെ ഈ വാക്കുകള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് അമ്മ പുലര്‍ത്തുന്ന ചിന്തയുടെ പ്രതിഫലനമാണ് രാഷ്ട്രപതി തുടര്‍ന്നു.
കൊച്ചിയിലെ അമൃത ആശുപത്രി 43 ലക്ഷം പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ ഒരുക്കി എന്നത് മഠത്തിന്റെ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ്. ഡല്‍ഹിക്കടുത്ത് ഫരീദാബാദില്‍ മഠത്തിന്റെ പുതിയ ആശുപത്രി വരുന്നത് സേവനത്തിന്റെയും സ്വാന്ത്വനത്തിന്റെയും രംഗത്ത് ഏറെ
നിര്‍ണ്ണായകമായാണ് ഞാന്‍ കാണുന്നത് എന്ന് രാഷ്ട്രപതി പറഞ്ഞു.
ദേശീയതലത്തില്‍ 5000 ഗ്രാമങ്ങളില്‍ ശുദ്ധ ജലം നല്‍കാനുള്ള ജീവാമൃതം പദ്ധതിയാണ് രാഷ്ട്രപതി ഇന്ന് സമര്‍പ്പിച്ചത്. നൂറു കോടി രൂപയാണ് പദ്ധതിയുടെ ചിലവ് കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.
വെളി സ്ഥലത്തെ വിസര്‍ജ്ജനം ഒഴിവാക്കിയ 12 ഗ്രാമങ്ങള്‍ക്ക് രാഷ്ട്രപതി സാക്ഷ്യപത്രം നല്കി. അമൃതാനന്ദമയി മഠം സ്വാശ്രയ ഗ്രാമവികസന പദ്ധതിയായ അമൃതാ സെര്‍വ്വിന്റെ ഭാഗമാണിത്.
കൊച്ചി അമൃത ഇന്‍സ്റ്റിട്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് നടത്തുന്ന 2000 ത്തോളം സൗജന്യ ശസ്ത്രക്രിയകളുടെ സാക്ഷ്യപത്രവും രാഷ്ട്രപതി നല്കി. 53 കോടി രൂപ ചിലവില്‍ 200 ഹൃദയ ശസ്ത്രക്രിയകളും 70 മസ്തിഷ്ക ശസ്ത്രക്രിയകളും 20 വൃക്ക മാറ്റ ശസ്ത്രക്രിയകളും ഇതില്‍ ഉള്‍പ്പെടുന്നു.
ദേശീയ ഗാനത്തിനു ശേഷം വേദിയില്‍ നിന്ന് ഇറങ്ങും മുന്‍പ് രാഷ്ട്രപതി അമ്മയുടെ അടുത്തെത്തി. പതിവു പോലെ സ്നേഹാശ്ലേഷത്തിലൂടെ അനുഗ്രഹിക്കുമ്പോഴാണ് രാഷ്ട്രപതി അമ്മയോട് ആഗ്രഹങ്ങൾ പറഞ്ഞത്. ആദ്യത്തേത് ‘തന്റെ എല്ലാവിധ കഴിവുകളും രാഷ്ട്ര സേവനത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയണമേ’ എന്ന് അദ്ദേഹം അമ്മയോടു പറഞ്ഞു. രണ്ടാമതായി എല്ലാ വിധത്തിലും ലോകത്തെ ഏറ്റവും ശക്തിശാലിയായ രാഷ്ട്രമാക്കാനാണ് അമ്മയുടെ അനുഗ്രഹം അദ്ദേഹം തേടിയത്. ”മോന്റെ ഈ ആഗ്രഹങ്ങള്‍ സഫലീകരിക്കട്ടെ” എന്ന അമ്മയുടെ അനുഗ്രഹവുമായാണ് കേരളത്തിലാദ്യമായെത്തിയ രാഷ്ട്രപതി മടങ്ങിയത്.