ചോദ്യം : മന്ത്രജപം എങ്ങനെ നടത്താം?

അമ്മ: മന്ത്രജപം നടത്തുമ്പോള്‍ ഒന്നുകില്‍ ഇഷ്ടദേവതയുടെ രൂപത്തിലോ അല്ലെങ്കില്‍ മന്ത്രശബ്ദത്തിലോ മാത്രം ശ്രദ്ധിക്കുക. ജപിക്കുന്നതോടൊപ്പം മന്ത്രങ്ങളുടെ ഓരോ അക്ഷരവും മനസ്സില്‍ ഭാവന ചെയ്യുന്നതു നല്ലതാണു്. മന്ത്രം ജപിക്കുമ്പോഴുള്ള ശ്രുതിയില്‍ മനസ്സിനെ നിര്‍ത്താം. നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനാണു മന്ത്രജപം ഏറെയും ഉപകരിക്കുന്നതു്. പരമാത്മതത്ത്വത്തിലെത്തുന്നതിനുള്ള തുഴയാണു മന്ത്രം. ഇന്നു നമ്മുടെ

മനസ്സു് നാനാത്വത്തില്‍ ബന്ധിച്ചിരിക്കുകയാണു്. അതിനെ അവിടെനിന്നും വിടുവിച്ചു് ഈശ്വരനില്‍ നിര്‍ത്തുവാന്‍ മന്ത്രജപം സഹായിക്കും. മന്ത്രം ജപിക്കുമ്പോള്‍ ഇഷ്ടരൂപത്തിനെ കാണുവാന്‍ കഴിയുന്നില്ലെന്നു പറഞ്ഞു പലരും വിഷമിക്കുന്നതു കണ്ടിട്ടുണ്ടു്. അവിടുത്ത രൂപം കണ്ടില്ലെങ്കിലും അവിടുത്തെ നാമത്തെ ഓര്‍ത്താല്‍ മതി. മന്ത്രജപം തുടര്‍ന്നാല്‍ മതി. അക്ഷരത്തിലോ ആ ശ്രുതിയിലോ ശ്രദ്ധ നിര്‍ത്തുക. ധ്യാനസമയത്തു രൂപത്തില്‍ മാത്രം മനസ്സിനെ നിര്‍ത്താന്‍ കഴിയുമെങ്കില്‍ അതുമതി, മന്ത്രം ജപിക്കണം എന്നില്ല. എന്നാല്‍ പ്രവൃത്തികള്‍ ചെയ്യുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും ഒക്കെയും മനസ്സില്‍ മന്ത്രജപം തുടരണം. അപ്പോള്‍ സൂക്ഷ്മമായി നമ്മുടെ മനസ്സു് ഈശ്വരനില്‍ വിശ്രമിക്കും. ഏകാഗ്രത വേണ്ടത്ര കിട്ടുന്നില്ലെങ്കില്‍ വേണ്ട, മന്ത്രശബ്ദത്തിലെങ്കിലും ശ്രദ്ധ വയ്ക്കാമല്ലോ.

ഓരോ മന്ത്രം ജപിക്കുമ്പോഴും ഓരോ പുഷ്പം അവിടുത്തെ പാദങ്ങളില്‍ അര്‍ച്ചിക്കുന്നതായി ഭാവന ചെയ്യാം. കണ്ണിനു കാഴ്ചയില്ലാത്തവര്‍ തപ്പിത്തപ്പിയാണു് ഓരോ വസ്തുവും എടുക്കുന്നതു്. അതുപോലെ കണ്ണടച്ചു ഹൃദയത്തില്‍നിന്നു പുഷ്പം എടുത്തു ഭഗവാന്റെ ആ പാദങ്ങളില്‍ത്തന്നെ കൊണ്ടുവയ്ക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ മന്ത്രശബ്ദത്തിലോ അക്ഷരങ്ങള്‍ ഭാവന ചെയ്തു് അതിലോ മനസ്സിനെ നിര്‍ത്തണം. ഏതു രീതിയിലായാലും മനസ്സിനെ അലയാന്‍ വിടരുതു്. ഭഗവാനില്‍ത്തന്നെ ബന്ധിച്ചു നിര്‍ത്തണം.