ചോദ്യം : ഈശ്വരന്‍ എന്തിനാണു് ഇങ്ങനെ ഒരു ഭൂമിയും അതില്‍ കുറെ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നതു്?
അമ്മ: ഈശ്വരന്‍ ആരെയും സൃഷ്ടിച്ചിട്ടില്ല. ഇതു നമ്മുടെ സൃഷ്ടിയാണു്.
അനേകം സ്വര്‍ണ്ണവും രത്‌നങ്ങളും സൂക്ഷിക്കുന്ന ഒരു ക്ഷേത്രക്കലവറ സൂക്ഷിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തി. അയാള്‍ രാത്രി ഉറക്കമൊഴിച്ചിരിക്കേണ്ടതിനു പകരം കിടന്നുറങ്ങി; ആ തക്കത്തിനു കുറെ കള്ളന്മാര്‍ കലവറയിലുണ്ടായിരുന്നതെല്ലാം മോഷ്ടിച്ചു. ഉണര്‍ന്നപ്പോഴാണു സൂക്ഷിപ്പുകാരന്‍ മോഷണത്തെക്കുറിച്ചറിയുന്നതു്. അയാള്‍ക്കു് ആധിയായി. ‘എന്നെ പോലീസു പിടിക്കുമോ! എൻ്റെ കുട്ടികള്‍ക്കിനി ആരുമില്ലേ!’ അയാള്‍ കിടന്നു നിലവിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഉറങ്ങിയ സമയത്തു് ഈ വക ചിന്തകളൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല. സ്വര്‍ണ്ണത്തെക്കുറിച്ചോ കള്ളനെക്കുറിച്ചോ പോലീസിനെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ഉണര്‍ന്നു കഴിഞ്ഞപ്പോഴാണു് എല്ലാം എത്തിയതു്. അപ്പോള്‍ അയാളുടെ സൃഷ്ടിയാണു് അതു മുഴുവനും.
നമ്മുടെ അറിവുകേടു കൊണ്ടുണ്ടായതാണു് ഈ സൃഷ്ടി. ഒരാള്‍ അബദ്ധം കാട്ടിയെന്നു കരുതി എല്ലാവരും അതിനെ അനുകരിക്കണമെന്നുണ്ടോ? ഒരാള്‍ കള്ളനായതുകൊണ്ടു മറ്റുള്ളവരും മോഷ്ടിക്കണം എന്നാണോ പറയുന്നതു്? അഥവാ മോഷ്ടിച്ചാലവനു ശിക്ഷ കിട്ടും. അതിനാല്‍ എത്രയും വേഗം നമ്മള്‍ അറിവുകേടു മാറ്റിയെടുക്കുവാന്‍ ശ്രമിക്കുക. അതിനുവേണ്ടി നമുക്കു ലഭിച്ച ഒരു അനുഗ്രഹമാണു് ഈ ജന്മം. എള്ളുകൃഷി ചെയ്തുകൊണ്ടിരുന്നിടത്തു ഏലയ്ക്കാ വിളയുന്നെങ്കില്‍ പിന്നീടു കൃഷി ചെയ്യേണ്ടതു് എള്ളാണോ ഏലയ്ക്കായാണോ? എള്ളിനുള്ളതിനെക്കാള്‍ എത്രയോ മടങ്ങു വില ഏലക്കായ്ക്കുണ്ടു്. അതിനാല്‍ ഇനിയെങ്കിലും മനസ്സില്‍ നിത്യമായ ആത്മാവിനു സ്ഥാനം കൊടുക്കുക. അപ്പോള്‍ അതിനെ അറിയാനുള്ള സാഹചര്യങ്ങളുണ്ടാകും. ജീവതത്തില്‍ ആനന്ദം അനുഭവിക്കാന്‍ കഴിയും. ഉന്മേഷകരമായ ഒരു ജീവിതം നയിക്കുവാന്‍ സാധിക്കും. അല്ലെങ്കില്‍ എന്നും ഈ ചെറിയ കൃഷികൊണ്ടു ദരിദ്രനായി കഴിയേണ്ടി വരും.