ചോദ്യം : മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കള്‍ അവരെ വിട്ടു് ആശ്രമത്തില്‍ ചേരുന്നതു ശരിയാണോ? അതു സ്വാര്‍ത്ഥതയല്ലേ, വാര്‍ദ്ധക്യത്തില്‍ ആരവരെ ശുശ്രൂഷിക്കും?

അമ്മ: മക്കളില്ലാത്തവര്‍ ഈ ലോകത്തു ജീവിക്കുന്നില്ലേ; അവരെ വയസ്സുകാലത്തു് ആരാണു നോക്കുന്നതു്? ഇന്നു് ഒരു കുട്ടി ആശ്രമത്തില്‍ ചേരുന്നതു് അനേകം പേരെ രക്ഷിക്കുന്നതിനു വേണ്ടിയാണു്. ഒരച്ഛനും അമ്മയ്ക്കും വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞു വയ്ക്കുന്നതാണോ, അതോ ജീവിതം ലോകത്തിനു സമര്‍പ്പിക്കുന്നതാണോ സ്വാര്‍ത്ഥത? വീട്ടില്‍ താമസിച്ചാല്‍ ഒരു കുടുംബത്തെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. ഒരു കുട്ടിക്കു് എം.ബി.ബി.എസ്സിനു പഠിക്കാന്‍ അന്യസംസ്ഥാനത്തു പോകണം. പഠിത്തം കഴിഞ്ഞെത്തിയാല്‍ അനേകം പേരെ ശുശ്രൂഷിക്കാം. എന്നാല്‍ അച്ഛനെയും അമ്മയെയും നോക്കാന്‍ ആളില്ലെന്നു പറഞ്ഞു പോകാതിരുന്നാലോ? എന്തായാലും അച്ഛനെയും അമ്മയെയും മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയില്ല. പഠിത്തം തീര്‍ന്നെത്തിയാല്‍ രോഗപീഡയില്‍നിന്നെങ്കിലും രക്ഷിക്കാന്‍ കഴിയും. ആശ്രമത്തില്‍ ചേരുന്നതു സാധന ചെയ്തു ശക്തിനേടി ലോകോപകാരാര്‍ത്ഥം ജീവിക്കുവാന്‍ വേണ്ടിയാണു്. മാതാപിതാക്കള്‍ക്കു മാത്രമല്ല, ലോകത്തിനു മുഴുവന്‍ നല്ല മാര്‍ഗ്ഗം കാട്ടിക്കൊടുക്കുന്നതിനു വേണ്ടിയാണു്. പൂര്‍ണ്ണമായ ദുഃഖശാന്തിയുടെ മാര്‍ഗ്ഗമാണവര്‍ക്കു നല്കുവാനുള്ളതു്. പക്ഷേ, അതിനു മനോനിയന്ത്രണം വേണം. അതു നേടുന്നതിനുവേണ്ടി തുടക്കത്തില്‍ മമതാബന്ധം വിട്ടെറിയണം. പിന്നീടു് എല്ലാവരെയും ഒരുപോലെ സ്നേഹിക്കുവാനും സേവിക്കുവാനും കഴിയും. അങ്ങനെയുള്ളവരുടെ ഓരോ ശ്വാസവും ലോകമംഗളത്തിനുവേണ്ടി മാത്രമുള്ളതാണു്.