ചോദ്യം : ദൈവികശക്തിയുള്ള അനേകം മഹാത്മാക്കള്‍ ഇന്നു നമ്മുടെ രാജ്യത്തു ജീവിച്ചിരിപ്പുണ്ടെന്നു പറയുന്നു. അവരെക്കൊണ്ടു സാധിക്കാത്തതായി ഒന്നുമില്ല എന്നു കരുതപ്പെടുന്നു. നാട്ടില്‍ ജനങ്ങള്‍ വെള്ളപ്പൊക്കവും വരള്‍ച്ചയുംകൊണ്ടു കഷ്ടപ്പെടുകയും മരണമടയുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടു് ഈ മഹാത്മാക്കള്‍ അവരെ രക്ഷിക്കുന്നില്ല?
അമ്മ: മക്കളേ, അവരുടെ ലോകത്തില്‍ ജനനവും മരണവും സുഖവും ദുഃഖവും ഒന്നുമില്ല. ജനങ്ങള്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതവരുടെ പ്രാരബ്ധമാണു്. കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കുന്നു. പിന്നെ മഹാത്മാക്കളുടെ കരുണകൊണ്ടു് അനുഭവിക്കേണ്ട പ്രാരബ്ധങ്ങളെ കുറയ്ക്കാം. പക്ഷേ, അവരുടെ കരുണയ്ക്കു നമ്മള്‍ പാത്രമാകണം. മഹാത്മാക്കളുണ്ടു്, അവരെ വേണ്ടവിധം നമ്മള്‍ പ്രയോജനപ്പെടുത്തുന്നില്ല. അമ്പുണ്ടു്, പക്ഷേ, അതു തൊടുത്തുവിട്ടാലല്ലേ ഫലമുണ്ടാകൂ. മഹാത്മാക്കള്‍ നല്ല മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുന്നു. അതു സ്വീകരിക്കാതെ അവരെ പഴി പറഞ്ഞിട്ടെന്തു കാര്യം?
ഭൂമിയില്‍ എത്രയോ പേരു ജനിക്കുന്നു. അതിനനുസരിച്ചു മരിക്കുകയും വേണ്ടേ? മരണം ശരീരത്തിനാണു്, ആത്മാവിനല്ല. മണ്ണില്‍ നിന്നും വന്നു. മണ്ണായിത്തന്നെ പോകുന്നു. ഒരു കുശവനോടു ചെളി പറയുകയാണു്. ”നീ എന്നെക്കൊണ്ടു് ഇപ്പം കുടമുണ്ടാക്കിക്കൊള്ളൂ, നാളെ നിന്നെ ഞാന്‍ കുഴയ്ക്കും” നീ എന്നെ ഇപ്പോള്‍ കുഴച്ചോ നാളെ നിന്നെ ഞാന്‍ കുഴയ്ക്കുമെന്നു്. അവനവൻ്റെ കര്‍മ്മത്തിനനുസരിച്ചുള്ള ഫലം കിട്ടുകതന്നെ ചെയ്യും. മക്കളേ, ഞാനെന്ന ഭാവമുള്ളിടത്തേ മരണമുള്ളൂ. ‘ഞാന്‍’ ഉള്ളവര്‍ക്കു ജീവിതകാലം അന്‍പതും അറുപതും വര്‍ഷം മാത്രമാണു്. എന്നാല്‍ അതിനുപരിയായി ഒരു ലോകമുണ്ടു്. ആനന്ദം മാത്രമാണവിടെ ഉള്ളതു്. പക്ഷേ, അവിടെ എത്തണമെങ്കില്‍ ഇന്നു കിട്ടിയ ജന്മത്തെ വേണ്ടവണ്ണം ഉപയോഗിക്കണം. ഇക്കാണുന്നതെല്ലാം തോന്നലാണെന്നു ചിന്തിക്കാതെ സത്കര്‍മ്മങ്ങള്‍ ചെയ്തു നല്ല ഗുണങ്ങളെ സമ്പാദിക്കാന്‍ നോക്കണം. അപ്പോള്‍ ആ ആനന്ദക്കമ്പോളത്തിലെത്താം. അവിടെ സ്ഥിരമായി കഴിയാം.