ചോദ്യം : അമ്മേ, ലൗകികവാസനയെ എങ്ങനെ ഇല്ലാതാക്കുവാന്‍ കഴിയും?

അമ്മ: വാസനയെ എടുത്തു മാറ്റുവാന്‍ കഴിയുകയില്ല. വെള്ളത്തില്‍നിന്നു കുമിളയെ എടുത്തു നീക്കം ചെയ്യാം എന്നു വിചാരിച്ചാല്‍ സാധിക്കില്ല. എടുക്കാന്‍ ചെല്ലുമ്പോള്‍ കുമിള പൊട്ടും. വെള്ളത്തിലെ ഓളങ്ങള്‍കൊണ്ടാണു കുമിള വരുന്നതു്. അതിനാല്‍ കുമിളകള്‍ ഒഴിവാക്കാന്‍ ഓളങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സച്ചിന്തകൊണ്ടും മനനംകൊണ്ടും ലൗകികവാസനകള്‍ കാരണം മനസ്സിലുണ്ടാകുന്ന ഓളങ്ങള്‍ കുറയ്ക്കാന്‍ കഴിയും. നല്ല ചിന്തകള്‍കൊണ്ടു ശാന്തമായ മനസ്സില്‍ ലൗകികവാസനകള്‍ക്കു സ്ഥാനമില്ല. അല്ലാതെ വാസനയെ എടുത്തു മാറ്റുവാന്‍ പറ്റുന്നതല്ല.