ചോദ്യം : അമ്മേ, എല്ലാവരും ആദ്ധ്യാത്മികജീവിതം നയിച്ചു സന്ന്യാസികളായാല്‍ ലോകം എങ്ങനെ നിലനില്ക്കും? സന്ന്യാസംകൊണ്ടുള്ള നേട്ടം എന്താണു്?
അമ്മ: മോനേ, എല്ലാവര്‍ക്കും സന്ന്യാസിയാകുവാന്‍ കഴിയുകയില്ല. കോടിപ്പേരു ശ്രമിച്ചാല്‍ വളരെക്കുറച്ചു പേര്‍ക്കു സാധിച്ചെന്നു വരാം. ഐ.എ.എസ്സും എം.ബി.ബി.എസ്സും മറ്റും എല്ലാവര്‍ക്കും കിട്ടുകയില്ല എന്നു കരുതി, അതിനുള്ള ശ്രമം ഉപേക്ഷിക്കേണ്ട ആവശ്യമില്ലല്ലോ. എല്ലാവരും സന്ന്യാസിയാകണമെന്നു് അമ്മ പറയുന്നില്ല. ആ തത്ത്വം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ദുഃഖം ഒഴിവാക്കാം. ഏതു പ്രതിബന്ധത്തെയും നിസ്സംഗനായി അതിജീവിക്കുവാന്‍ കഴിയും. ഞാനെന്നും എൻ്റെതെന്നുമുള്ള ഭാവം വിടണം. അതാണമ്മ പറയുന്നതു്.
ഏതൊരു വസ്തു ആഗ്രഹിക്കുന്നതും അതിനു ജീവിതത്തിലുള്ള സ്ഥാനം മനസ്സിലാക്കിവേണം. പ്രതീക്ഷ വച്ചുകൊണ്ടു് ഒന്നും ചെയ്യാന്‍ പാടില്ല. പ്രതീക്ഷയാണു ദുഃഖത്തിനു കാരണം. ഒരാള്‍ പിരിവിനുവേണ്ടി ഒരു വീട്ടില്‍ ചെന്നു. ആയിരം രൂപയാണു് അവിടെനിന്നും പ്രതീക്ഷിച്ചതു്. പക്ഷേ, വീട്ടുകാര്‍ നല്കിയതു് അഞ്ചു രൂപ മാത്രം. അതയാള്‍ സ്വീകരിച്ചില്ല. വീട്ടുകാരോടു കടുത്ത ദേഷ്യവും തോന്നി. ആ സംഭവം നടന്നിട്ടു് ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേഷ്യം മാറിയില്ല. വിദ്വേഷം ഉള്ളില്‍ വച്ചുകൊണ്ടിരുന്നു. പ്രതീക്ഷ വച്ചു കൊണ്ടു പോയിട്ടല്ലേ ദേഷ്യം വന്നതു്. പ്രതീക്ഷിച്ചത്ര ലഭിക്കാത്തതു കാരണം നല്കിയതു വാങ്ങുവാനും കഴിഞ്ഞില്ല. തള്ളിക്കളഞ്ഞു, ദുഃഖമായി, നൈരാശ്യമായി, അശാന്തിയായി. പ്രതീക്ഷ ഇല്ലായിരുന്നു എങ്കില്‍ ദുഃഖവും അതില്‍നിന്നുള്ള ദേഷ്യവും വിദ്വേഷവും അശാന്തിയും ഒഴിവാക്കാമായിരുന്നു. ലഭിച്ചതുകൊണ്ടു തൃപ്തിയടയുമായിരുന്നു. ഒരു യാചകനെപ്പോലെയാണു നമ്മുടെ യാത്രയെങ്കില്‍ ഈ ദുഃഖം ഒഴിവാക്കാം. ഭിക്ഷ കിട്ടിയില്ല എന്നു കരുതി യാചകന്‍ ദുഃഖിക്കുന്നില്ല. കാരണം താനൊരു യാചകനാണെന്നു് അവനറിയാം. ഒന്നും കിട്ടിയില്ലെങ്കിലും അവനു ദുഃഖമില്ല. അടുത്ത സ്ഥലത്തുനിന്നും എന്തെങ്കിലും കിട്ടുമെന്നവനറിയാം. കൈ നിറയെ ഭിക്ഷ കിട്ടുന്നതും വെറും കൈയോടെ മടങ്ങുന്നതും തൻ്റെ ജീവിതയാത്രയിലെ അനുഭവങ്ങളാണെന്നു് അവനറിയാം. അതിനാല്‍ ശരിയായ യാചകനാണെങ്കില്‍ അയാള്‍ക്കു് ആരോടും ദേഷ്യമില്ല. അതുപോലെ എല്ലാം അവിടുത്തെ ഇച്ഛയെന്നു കാണുക. ബന്ധം അവിടുത്തോടാകട്ടെ. അതുമാത്രമേ അമ്മ പറയുന്നുള്ളൂ. ആദ്ധ്യാത്മികജീവികള്‍ക്കു ജീവിതത്തില്‍ ദുഃഖമില്ല.
ഇന്നു നമ്മള്‍ ബാഹ്യവിഷയങ്ങളിലാണു ബന്ധിച്ചിരിക്കുന്നതു്. ഇവരെൻ്റെ കുടുംബാംഗങ്ങളാണു്, ഇവരെൻ്റെ ബന്ധുക്കളാണു് ഈ രീതിയിലാണു് ഇന്നു നമ്മള്‍ ജീവിതം നയിക്കുന്നതു്. ദിവസവും ഉറക്കമൊഴിച്ചു ഇരുപത്തിനാലു മണിക്കൂറും അദ്ധ്വാനിക്കുന്നതു് അവര്‍ക്കു വേണ്ടിയാണു്. പക്ഷേ, നമ്മള്‍ സ്വയം മറക്കുന്നു; ജീവിത ധര്‍മ്മം എന്തെന്നറിഞ്ഞു് അതനുസരിച്ചു ജീവിക്കുവാന്‍ മറക്കുന്നു. ഈശ്വരനെ മറക്കുന്നു. അങ്ങനെയുള്ള ജീവിതംകൊണ്ടു ഭൂമിയിലും ശാന്തിയില്ല, മരിച്ചു കഴിഞ്ഞാലും ശാന്തിയില്ല. ഇതിനര്‍ത്ഥം കര്‍മ്മങ്ങള്‍ ചെയ്യരുതു് എന്നല്ല. കര്‍മ്മം ചെയ്തുകൊള്ളൂ, പക്ഷേ, പ്രതീക്ഷയും ആഗ്രഹവും വളര്‍ത്താന്‍ പാടില്ല. ആനന്ദം ബാഹ്യവസ്തുവിലല്ല; ഉള്ളിലാണു്. നമുക്കു് ഏറ്റവും ഇഷ്ടപ്പെട്ട പാല്പായസം കുറെ കഴിച്ചു കഴിയുമ്പോള്‍പ്പിന്നെ കുടിക്കുവാന്‍ തോന്നുകയില്ല. വെറുക്കും. അടുത്തുകൊണ്ടുവച്ചാല്‍ കൂടി മാറ്റിവയ്ക്കും. യഥാര്‍ത്ഥത്തില്‍ പാല്പായസമായിരുന്നു ആനന്ദം തന്നിരുന്നതെങ്കില്‍ അങ്ങനെ മാറ്റിവയേ്ക്കണ്ട ആവശ്യമുണ്ടോ? വീണ്ടും എടുത്തു കഴിക്കണ്ടെ? അപ്പോള്‍ മനസ്സാണാധാരം. മനസ്സിനു തൃപ്തി വന്നപ്പോള്‍ വസ്തുവിനോടു് വെറുപ്പായി. എല്ലാം മനസ്സിനെയാണു് ആശ്രയിച്ചിരിക്കുന്നതു്. പട്ടി എല്ലില്‍ കടിക്കും. അതിൻ്റെ രുചി ആസ്വദിക്കും. പക്ഷേ, തൻ്റെ മോണ കീറി വന്ന രക്തമാണു താന്‍ നുണഞ്ഞതെന്നു് അതറിയുന്നില്ല. നമ്മുടെ ഉള്ളിലാണാനന്ദം, പുറത്തല്ല. അതിനെ അന്വേഷിക്കൂ. പുറമെ കാണുന്ന ബന്ധുക്കളിലും വസ്തുക്കളിലും ആനന്ദം അന്വേഷിച്ചു പോയാല്‍ ജന്മം പാഴാകും. ഇതിനര്‍ത്ഥം അലസന്മാരായിരിക്കണമെന്നല്ല. കിട്ടുന്ന സമയം സ്വാര്‍ത്ഥത വെടിഞ്ഞു കര്‍മ്മം ചെയ്യുക. ബാക്കിയുള്ള സമയം ഈശ്വര നാമം ജപിച്ചു് ആ തത്ത്വത്തില്‍ ജീവിക്കുക.