ചോദ്യം : അമ്മയുടെ ചിരിക്കു് എന്തോ ഒരു പ്രത്യേകത ഉള്ളതായി തോന്നുന്നു. അതിൻ്റെ കാരണമെന്താണു്?
അമ്മ: അമ്മ വേണമെന്നു വിചാരിച്ചു ചിരിക്കുകയല്ല, സ്വാഭാവികമായി വരുന്നതാണു്. ആത്മാവിനെ അറിഞ്ഞാല്‍ ആനന്ദമേയുള്ളൂ. അതിൻ്റെ സ്വാഭാവികമായ പ്രകടനമാണല്ലോ പുഞ്ചിരി. പൂര്ണ്ണചന്ദ്രന് ഉദിച്ചുനില്ക്കുമ്പോഴുള്ള നിലാവു് അതു പ്രകടിപ്പിക്കുന്നതാണോ?
ചോദ്യം : അമ്മയുടെ മുന്നില്‍ ദുഃഖിതരായവര്‍ എത്തുമ്പോള്‍, അവരോടൊപ്പം അമ്മയുടെ കണ്ണുകളും നിറഞ്ഞു കാണാറുണ്ടല്ലോ?
അമ്മ: അമ്മയുടെ മനസ്സു് ഒരു കണ്ണാടിപോലെയാണു്. മുന്പില് വരുന്നതിനെ കണ്ണാടി പ്രതിഫലിപ്പിക്കും. മക്കള്‍ അമ്മയുടെ അടുത്തുവന്നു കരയുമ്പോള്‍ അവരുടെ ദുഃഖം അമ്മയില്‍ പ്രതിഫലിക്കുന്നു. അവര്‍ക്കു ശാന്തി ലഭിക്കാനായി അമ്മ ആഗ്രഹിക്കുന്നു. അപ്പോള്‍ ദുഃഖിക്കുന്നതായി തോന്നാം. എന്നാല്‍ അന്തരാത്മാവില്‍ അമ്മയ്ക്കു ദുഃഖമില്ല.