ചോദ്യം : ആദ്ധ്യാത്മികമാർഗ്ഗത്തിൽ ഗുരു ആവശ്യമാണെന്നു പറയുന്നു. അമ്മയുടെ ഗുരു ആരാണു്?
അമ്മ: ഈ ലോകത്തിൽ കാണപ്പെടുന്ന ഓരോ വസ്തുവും അമ്മയ്ക്കു ഗുരുവാണു്. ഗുരുവും ഈശ്വരനും അവരവരുടെ ഉള്ളിൽത്തന്നെ ഉണ്ടു്. പക്ഷേ, അഹങ്കാരം ഇരിക്കുന്നിടത്തോളം കാലം, അവിടുത്തെ അറിയുവാൻ കഴിയില്ല. തന്നിലെ ഗുരുവിനെ മറയ്ക്കുന്ന മറയാണു് അഹങ്കാരം. അവനവനിൽത്തന്നെയുള്ള ഗുരുവിനെ കണ്ടെത്തിയാൽ പിന്നെ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിലും ഗുരുവിനെ കാണാൻ കഴിയും. തൻ്റെ ഉള്ളിൽത്തന്നെ അമ്മയ്ക്ക് ഗുരുവിനെ കാണാൻ കഴിഞ്ഞതിനാൽ, പുറമെയുള്ള ഒരു മൺതരിപോലും അമ്മയ്ക്കു ഗുരുവായിത്തീർന്നു. മക്കൾ ചിന്തിച്ചേക്കാം, അങ്ങനെയാണെങ്കിൽ ഒരു മുള്ളും അമ്മയ്ക്കു ഗുരുവാണോ എന്നു്. അതെ, ഒരു മുള്ളും അമ്മയ്ക്കു ഗുരുതന്നെയാണു്. മുള്ളു കാലിൽ കൊണ്ടതിൻ്റെ ഫലമായി തുടർന്നുള്ള പാത ശ്രദ്ധിക്കാൻ ഇടയായി. അങ്ങനെ വീണ്ടും മുള്ളു കൊള്ളാതിരിക്കാനും വലിയ കുഴികളിൽ വീഴാതിരിക്കാനും ആ മുള്ളു സഹായമായി. ഈ ശരീരത്തെയും അമ്മ ഗുരുവായിട്ടാണു കാണുന്നതു്. കാരണം ശരീരത്തിൻ്റെ നശ്വരതയെക്കുറിച്ചു ചിന്തിക്കുമ്പോൾ ആത്മാവു മാത്രമാണു നിത്യമായ സത്യം എന്നറിയുവാൻ കഴിയുന്നു. ചുറ്റുമുള്ള എന്തും അമ്മയെ നന്മയിലേക്കു മാത്രമേ നയിച്ചിട്ടുള്ളു. അതുകൊണ്ടു ജീവിതത്തിൽ സർവ്വതിനോടും അമ്മയ്ക്കു് ആദരവു മാത്രമേയുള്ളു.
ചോദ്യം : ആത്മസാക്ഷാത്കാരത്തിനു പ്രത്യേകിച്ചൊരു ഗുരു ആവശ്യമില്ലെന്നാണോ അമ്മ പറയുന്നതു്?
അമ്മ: അങ്ങനെ അമ്മ പറയുന്നില്ല. ജന്മനാ സംഗീതവാസനയുള്ള ഒരാള്‍ പ്രത്യേക പഠനമൊന്നും കൂടാതെ എല്ലാ രാഗങ്ങളും പാടിയെന്നിരിക്കും. അതിനെ അനുകരിച്ചു മറ്റുള്ളവരും പഠിക്കാതെ പാടാന്‍ തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? അതിനാല്‍ ഗുരു വേണ്ട എന്നു് അമ്മ പറയില്ല. വേണ്ടത്ര ശ്രദ്ധയുള്ള അപൂര്‍വ്വം ചിലര്‍ക്കു് അങ്ങനെയും ആകാമെന്നേ ഉള്ളൂ. ഏതൊന്നു കാണുമ്പോഴും വിവേകപൂര്‍വ്വം, ശ്രദ്ധാപൂര്‍വ്വം അവയെ വീക്ഷിക്കണം. ഒന്നിനോടും മമതയോ വിദ്വേഷമോവച്ചു പുലര്‍ത്താന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ ഏതില്‍നിന്നും നമുക്കു പാഠങ്ങള്‍ ഉള്‍ക്കൊണ്ടു നീങ്ങുവാന്‍ കഴിയും. പക്ഷേ, നമുക്കിടയില്‍ എത്രപേര്‍ക്കു് അതിനുള്ള വൈരാഗ്യവും ക്ഷമയും ഏകാഗ്രതയും ഉണ്ടു്? അതൊന്നുമില്ലാത്തവര്‍ക്കു ബാഹ്യഗുരുവിനെ ആശ്രയിക്കാതെ ലക്ഷ്യത്തിലെത്തുവാന്‍ പ്രയാസമാണു്.
ഉള്ളിലെ ജ്ഞാനം ഉണര്‍ത്തുന്ന ആളാണു യഥാര്‍ത്ഥ ഗുരു. നമ്മുടെ കണ്ണിനു് അജ്ഞാനതിമിരം ബാധിച്ചതിനാല്‍ ആ ഗുരുവിനെ കാണുവാന്‍ ഇന്നു കഴിയുന്നില്ല. കണ്ണു ശസ്ത്രക്രിയ ചെയ്തു്, ജ്ഞാനപ്രകാശം കാണാന്‍ യോഗ്യമാക്കണം. അതിനു് ഒരുവനെ സഹായിക്കുന്നതു്, അവനിലെ ‘ശിഷ്യന്‍’ എന്ന ഭാവമാണു്.
എപ്പോഴും തുടക്കക്കാരന്‍റെ ഭാവം വേണം എന്നു പറയും. കാരണം തുടക്കക്കാരനു മാത്രമേ എന്തും ഇരുന്നു പഠിക്കുവാനുള്ള ക്ഷമയുണ്ടാകൂ. ശരീരം വളര്‍ന്നു വലുതായെന്നു വച്ചു നമ്മുടെ മനസ്സു് വളര്‍ന്നിട്ടില്ല. മനസ്സു് വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ ആദ്യം നമുക്കു് ഒരു കുഞ്ഞിന്‍റെ ഭാവം വരണം. കുഞ്ഞിനേ വളരാന്‍ പറ്റുകയുള്ളൂ. നമ്മളില്‍ ഇപ്പോഴുള്ള ഭാവം അഹങ്കാരത്തിന്‍റെതാണു്. ശരീരമനോബുദ്ധികളുടെതാണു്. ഇതു വിട്ടു കുഞ്ഞിന്‍റെ നിഷ്‌ക്കളങ്കഭാവം നാം ഉള്‍ക്കൊണ്ടാലേ പറയുന്നതു കേള്‍ക്കാനുള്ള ശ്രദ്ധ കൈവരൂ. മലയുടെ മുകളില്‍ എത്ര വെള്ളം വീണാലും തങ്ങിനില്ക്കില്ല. എന്നാലൊരു കുഴിയില്‍ വെള്ളം താനെ ഒഴുകി വന്നു നിറയും. ഇതുപോലെ ഞാന്‍ ഒന്നുമല്ല എന്ന ഭാവമുണ്ടായാല്‍ എല്ലാം വന്നുചേരും എന്നാണു് അമ്മ പറയുന്നതു്.
ക്ഷമയും ശ്രദ്ധയും ആണു നമ്മുടെ ജീവിതത്തിന്‍റെ സമ്പാദ്യം. അതു നേടിയവന്‍ എവിടെയും വിജയിക്കും. ക്ഷമയ്ക്കും ശ്രദ്ധയ്ക്കും അത്ര മഹത്ത്വമുണ്ടു്. ക്ഷമയും ശ്രദ്ധയും വന്നു കഴിയുമ്പോള്‍, തന്നിലെ അഴുക്കു കണ്ടറിയാനും അതു നീക്കം ചെയ്യാനും സഹായിക്കുന്ന കണ്ണാടി അവനില്‍ തനിയെ തെളിയുന്നു. അവന്‍തന്നെ അവന്‍റെ കണ്ണാടിയായി മാറുന്നു. മറ്റാരുടെയും സഹായം കൂടാതെ സ്വയം അഴുക്കു കളയുവാനുള്ള മാര്‍ഗ്ഗം മനസ്സിലാക്കി അതിനുള്ള കഴിവു നേടുന്നു. അങ്ങനെയുള്ളവര്‍, സര്‍വ്വതിലും ഗുരുവിനെ മാത്രമേ കാണുന്നുള്ളൂ. തന്നെക്കാള്‍ കീഴെയായി ആരെയും അവര്‍ക്കു കാണുവാന്‍ കഴിയില്ല. അങ്ങനെ വളര്‍ന്നവര്‍, അനാവശ്യമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയില്ല. അവര്‍ ജീവിക്കുന്നതു നാക്കിലല്ല, അവരുടെ ജീവിതം പ്രവൃത്തിയില്‍ കാണാം.