14 സെപ്തംബര്‍ 2016 – ഓണാഘോഷം, അമൃതപുരി –
അമ്മയുടെ തിരുവോണ സന്ദേശത്തില്‍ നിന്ന്
കഷ്ടകാലം കഴിഞ്ഞ് നല്ല കാലം വരുന്നതിന്റെ ശുഭസൂചനയായിട്ടാണ് നമ്മള്‍ തിരുവോണത്തെ കാണുന്നത്. മൂടിക്കെട്ടിയ കര്‍ക്കിടകം കഴിഞ്ഞ് ഐശ്വര്യത്തിന്റെ സന്ദേശവുമായാണ് ചിങ്ങം വരുന്നത്. ആ പൊന്നിന്‍ ചിങ്ങത്തിന്റെ തിലകക്കുറിയാണ് പൊന്നോണം. മലയാളനാടിന്റെ സംസ്‌ക്കാരത്തിന്റെ മഹോത്സവം. ഒരു നല്ല നാളെയുടെ പ്രതീക മാണത്. എല്ലാ സൃഷ്ടിയും ആദ്യം നടക്കുന്നത് മനസ്സിലാണല്ലോ. മനസ്സില്‍ ഒരു നല്ല സങ്കല്പം വിരിഞ്ഞാല്‍ പിന്നെ അത് യാഥാര്‍ത്ഥ്യമാകാന്‍ അധികം താമസമില്ല. അതാണ് ശുഭാപ്തി വിശ്വാസത്തിന്റെ പ്രാധാന്യം. അതേ ശുഭാപ്തി വിശ്വാസം തിരുവോണത്തിന്റെ ഐതീഹ്യത്തിലും ഉണ്ട്. മാവേലീയുടെ കാലത്തെപ്പോലെ ഐശ്വര്യപൂര്‍ണ്ണമായ ഒരു കാലം ഇനിയും വരുമെന്നുള്ള ഒരു ശുഭാപതി വിശ്വാസമാണത്.
ശുഭാപ്തി വിശ്വാസമാണ് ജീവിതത്തെ സുന്ദരമാക്കുന്നത്. ഇക്കഴിഞ്ഞ ഒളിമ്പിക്ക്‌സില്‍ ഗുസ്തിയില്‍ ഓട്ടുമെഡല്‍ നേടിയ ഭാരതീയ വനിതയുടെ ഉദാഹരണമെടുക്കുക. ഏകദേശം തോല്‍ക്കുന്ന സ്ഥിതിയിലെത്തിയതാരുന്നു അവര്‍. എന്നാല്‍ ആത്മ വിശ്വാസം നഷടപ്പെടാതെ ഒന്നുകൂടി വീറോടെ അവര്‍ പൊരുതി. അതാണ് അവരെ വിജയത്തിലെത്തിച്ചത്. എപ്പോഴാണോ പരാജയം നമ്മെ തുറിച്ചു നോക്കുന്നത് ആ നിമിഷത്തില്‍ പോലും ഒരല്പം കൂടി കിണഞ്ഞു പരിശ്രമിച്ചാല്‍, തീര്‍ച്ചയായും നമുക്കു വിജയിക്കാന്‍ കഴിയും. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിന്റെ സ്വഭാവമാണ്. ഹാര്‍ട്ടിന്റെ ഇ.സി.ജി യെടുക്കുമ്പോള്‍ അതില്‍ ഉയര്‍ച്ചകളും താഴ്ചകളും കാണും. അതുകാണുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം പ്രാണന്‍ പോയി എന്നാണ്. ജീവിതത്തില്‍ വീഴ്ചകള്‍ വരുമ്പോള്‍ നമ്മള്‍ തളരാതിരിക്കണം.
ഭരണകര്‍ത്താക്കളും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഒരു മാതൃകാ ചിത്രം ഓണം നമുക്കു നല്‍കുന്നു. പ്രജകളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി ജീവിച്ച മഹാബലി. ആ ചക്രവര്‍ത്തിയെ സ്‌നേഹിച്ച ജനങ്ങള്‍. അവര്‍ തമ്മിലുള്ള ഐക്യം സ്‌നേഹം സമത്വം എല്ലാം ഓണം നമ്മുടെ മുന്‍പില്‍ തുറന്നു കാട്ടുന്നു.
ഓണം മനുഷ്യബന്ധങ്ങളുടെ ആഘോഷമാണ്. കുടുംബാംഗങ്ങള്‍ തമ്മിലും സുഹൃത്തുക്കള്‍ തമ്മിലുമെല്ലാം ബന്ധങ്ങള്‍ ദൃഡമാകുന്ന അവസരം. എല്ലാ മാനുഷീക ബന്ധങ്ങളും ശിഥിലമാകുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ഇന്ന് ഭാര്യയും ഭര്‍ത്താവും തമ്മില്‍ അകലുകയാണ്. അതുപോലെ അമ്മയോടുള്ള ബന്ധം അച്ഛനോടുള്ള ബന്ധം മക്കളോടുള്ള ബന്ധം, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം അയല്‍വാസികള്‍ തമ്മിലുള്ള ബന്ധം എല്ലാം ശിഥിലമാകുന്ന ഒരു കാലഘട്ടമാണിത്. ആ ബന്ധങ്ങളെ വീണ്ടെടുക്കാനും ഉട്ടിയുറപ്പിക്കാനുമുള്ള സന്ദേശവുമായാണ് ഓണം വന്നെത്തുന്നത്. ഓണം ഓണമാകുന്നത് അതു സാധിക്കുമ്പോള്‍ മാത്രമാണ്. മറ്റുള്ളവര്‍ക്ക് നമ്മുടെ സ്‌നേഹവും സഹായവും ഒക്കെ ഏറ്റവും ആവശ്യമുള്ള ചില നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാകാം. ആ നിമിഷങ്ങളില്‍ അവര്‍ക്ക് അതു നല്‍കാന്‍ കഴിഞ്ഞാല്‍ അത്രകണ്ട് നമ്മുടെ ജീവിതം ധന്യമായി.
എന്നാല്‍ ഓണം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷം മാത്രമല്ല. മനുഷ്യനും പ്രകൃതിയും തമ്മിലു ള്ള ബന്ധത്തിന്റെ കൂടി ആഘോഷമാണ്. മാത്രമല്ല മനുഷ്യനും ഈശ്വരനും തമ്മിലുള്ള ബന്ധത്തിന്റെയും ആഘോഷമാണ്. ഓണത്തെ മറ്റ് ആഘോഷത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ പൂര്‍ണ്ണതയാണ്. എല്ലാം തികഞ്ഞ ഒരു ഉത്സവമാണ് തിരുവോണം. അതില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും അവരുടേതായ പങ്കുണ്ട്. ഓണാഘോഷ ത്തിന് കുടുംബതലത്തിലും സമൂഹതലത്തിലും ഒരു പോലെ പ്രസക്തിയുണ്ട്. അതു പോലെ തന്നെ ആധിദൈവികമായ തലത്തിലും ആധിഭൗതികമായ തലത്തിലും ആദ്ധ്യാത്മീകമായ തലത്തിലും അതിനു പ്രസക്തിയുണ്ട്. മൂല്യങ്ങളുടെയും കലകളുടെയും ഉത്സവമാണ് ഓണം.
മഹാബലി ചക്രവര്‍ത്തിക്ക് സംഭവിച്ച ഒരു പരിവര്‍ത്തനത്തിന്റെ കഥകൂടിയാണ് ഓണം. ധര്‍മ്മിഷ്ഠനായിരുന്നെങ്കിലും സ്വന്തം കഴിവിലും ഗുണഗണങ്ങളിലും ബലി അഭിമാനിച്ചിരുന്നു. വരം ചോദിച്ചു വന്ന വാമനന്‍ വാസ്തവത്തില്‍ മഹാവിഷ്ണുവാണെന്ന് ശ്രുക്രാചാര്യര്‍ വെളിപ്പെടുത്തി. അപ്പോള്‍ ബലിയുടെ ഉള്ളില്‍ ഒരു യുദ്ധം നടന്നു. ഒന്നുകില്‍ സത്യം പാലിച്ച് സ്ഥാന മാനങ്ങള്‍ എല്ലാം നഷ്ടപ്പെടുത്തുക. അല്ലെങ്കില്‍ സത്യത്തെ വെടിഞ്ഞ് സ്ഥാനമാനങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുക. മഹാബലി സ്വീകരിച്ചത് ആദ്യത്തെ മാര്‍ഗ്ഗമാണ്. ത്യാഗത്തിന്റെ മാര്‍ഗ്ഗമാണ്. ഒടുവില്‍ വാമനന്‍ മഹാവിഷ്ണുവായി വളര്‍ന്ന് രണ്ടടി കൊണ്ട് മൂന്നു ലോകങ്ങളും അളന്നപ്പോള്‍ മഹാബലിയുടെ അഹങ്കാരം തകര്‍ന്നടിഞ്ഞു. സത്യം പാലിക്കുവാന്‍ അദ്ദേഹം തന്നെത്തന്നെ സമര്‍പ്പിച്ചു. എന്നാല്‍ ആ പരാജയം അദ്ദേഹത്തിന്റെ വിജയമായി മാറി. എല്ലാം ത്യജിക്കുന്നവന്‍ എല്ലാം നേടുമെന്നത് പ്രകൃതിയുടെ മാറ്റമില്ലാത്ത നിയമമാണ്. അഗ്‌നിശുദ്ധിവരുത്തിയ സ്വര്‍ണ്ണം പോലെയായി മഹാബലി. അദ്ദേഹം പൂര്‍ണ്ണതയിലേക്ക് ഉയര്‍ന്നു. അനശ്വരമായ കീര്‍ത്തിയെ പ്രാപിച്ചു.
ബലിയുടെ ഉള്ളില്‍ നടന്ന സങ്കര്‍ഷം വാസ്തവത്തില്‍ ഓരോ ജീവന്റെയും ഉള്ളില്‍ നടക്കുന്നുണ്ട്. നന്മയും തിന്മയും തമ്മിലുള്ള സങ്കര്‍ഷം അധമ വികാരങ്ങളും ശ്രേഷ്ഠ വികാരങ്ങളും തമ്മിലുള്ള സങ്കര്‍ഷം സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും തമ്മിലുള്ള സങ്കര്‍ഷം. അതില്‍ നന്മയുടെ മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. സ്വന്തം കഴിവിലും ശക്തിയിലും അഹങ്കരിക്കുകയും എന്നാല്‍ പ്രതിസന്ധികള്‍ക്കു മുന്‍പില്‍ ഉത്തരം കാണാതെ പതറുകയും ചെയ്യുന്ന ആധുനിക മനുഷ്യനുള്ള സന്ദേശം കൂടിയാണ് മഹാബലിയുടെ കഥ.
മഹാബലി അസുരനായിരുന്നു. പ്രഹ്ളാദനും അസുരനായിരുന്നു. വിഭീഷണനാവട്ടെ രാക്ഷസനായിരുന്നു. എന്നിട്ടും അവരെല്ലാം ഉത്തമരായി. എല്ലാവരുടെ ഉള്ളിലും നന്മയുണ്ടെന്നും ശ്രമിച്ചാല്‍ അതിനെ ഉണര്‍ത്താന്‍ കഴിയുമെന്നും ഇതു തെളിയിക്കുന്നു.
മറ്റുള്ളവരുടെ ദൗര്‍ബ്ബല്യങ്ങളിലേയ്ക്ക് മനസ്സുകൊടുക്കാതെ, അവരിലുള്ള നല്ല വശങ്ങളെ എടുത്തുകാണിക്കുവാന്‍ നമുക്കു കഴിയണം. അപ്പോള്‍ മഹാബലിയ്ക്കു സാധിച്ചതുപോലെ സ്‌നേഹവും, ശാന്തിയും നന്മയും കളിയാടുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ നമുക്കും സാദ്ധ്യമാകും. കുറവുകള്‍ ഉണ്ടാവുക എന്നത് മനുഷ്യസഹജമാണ്. ഒരു സാധകന്‍ എപ്പോഴും തന്റെ ഉള്ളിലേക്കു നോക്കി തന്റെ കുറവുകള്‍ കണ്ടെത്തണം. അതു പരിഹരിക്കാന്‍ ശ്രമിക്കണം.
ഭൗതിക സമ്പത്തിന്റെയും അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും വലിപ്പച്ചെറുപ്പം അനുസരിച്ചാണ് ഓരോരുത്തരേയും മഹത്വമുള്ളവരെന്നും അല്ലാത്തവരെന്നും നമ്മള്‍ വിലയിരുത്തുന്നത്. അവ നഷ്ടമായാല്‍ മഹത്വവും നഷ്ടമാകും. അത് ഭൗതിക നിയമം. എന്നാല്‍ ആത്മീയതയില്‍ അങ്ങനെയല്ല. “ഞാന്‍, എന്റെത്” എന്നുള്ള ഭാവങ്ങള്‍ – മമത, ഇല്ലാതാകുമ്പോളാണ് ഒരാള്‍ മഹത്വമുള്ളവനാകുന്നത്. അപ്പോ ഴാണ് മനുഷ്യന്‍ ഈശ്വരനാകുന്നത്. എല്ലാം സര്‍വ്വവ്യാപിയായ വിഷ്ണുചൈതന്യത്തില്‍ ആത്മസമര്‍പ്പണം ചെയ്തപ്പോള്‍, മഹാബലി “ഞാന്‍, എന്റെത്” എന്നീ അതിര്‍വരമ്പുകള്‍ക്ക് അതീതമായിപോയി. അപ്പോള്‍, പരമപദം അണഞ്ഞു എന്നതാണ് തത്വം.
കള്ളവും ചതിയും പൊളിവചനവും ഇല്ലാത്ത ഒരു കാലഘട്ടമായിരുന്നു മഹാബലിയുടെത്. എന്നാല്‍ ഇന്ന് സമൂഹത്തിന്റെ സ്ഥിതി നേരെ തിരിച്ചാണ്. സ്വന്തം സുഖം സ്വന്തം ലാഭം എന്നാണ് ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യം. എന്നാല്‍ ഈ മനോ ഭാവം നമ്മളെ നയിക്കുന്നത് അന്ധകാരത്തിലേക്കും ദുഃഖത്തിലേക്കും മാത്രമായിരിക്കും. മാവേലി ഓണദിവസം തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ വരുമെന്ന വിശ്വസമുണ്ടല്ലോ. യഥാര്‍ത്ഥത്തില്‍ സ്വാര്‍ത്ഥതയാകുന്ന നിദ്രയില്‍ നിന്ന് ഉണര്‍ന്ന് മാവേലിയുടെ കണ്ണുകളിലൂടെ സമൂഹത്തെ കാണുക എന്നുള്ളതാണ് ഇതിന്റെ തത്വം. സഹജീവികളോടു സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്ന കൊച്ചുകൊച്ചു പ്രവൃത്തികളാണ് നമ്മുടെ ജീവിതത്തില്‍ ആനന്ദം നിറയ്ക്കുന്നത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ തനിക്കെന്തുചെയ്യാനാകും എന്ന് ഓരോരുത്തരും ചിന്തിക്കുമ്പോള്‍, സ്വാഭാവികമായും എല്ലാവരുടെയും ഹൃദയങ്ങളില്‍ സന്തോഷംനിറയും.
തിരുവോണത്തിന് ഓണക്കോടി ഉടുക്കുന്ന പതിവുണ്ടല്ലോ. അതോടൊപ്പം സമൂഹ നന്മയ്ക്കുവേണ്ടിയുള്ള പുതിയ തീരുമാന ങ്ങളാകുന്ന ഓണക്കോടികളും ധരിക്കാന്‍ നമുക്കു ശ്രമിക്കാം. ഓണപ്പാട്ടിലും ഓണ ക്കളികളിലും മക്കള്‍ ആഹ്ളാദിക്കാറുണ്ടല്ലോ. ആത്മീയതത്വങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിച്ച് ഈ ആഹ്ളാദം ശാശ്വതമാക്കാന്‍ ശ്രമിക്കാം. ഓണത്തിന് വിശാലമായ പൂക്കളങ്ങള്‍ ഉണ്ടാക്കാന്‍ നമ്മള്‍ മത്സരിക്കാറുണ്ട്. ഒപ്പം നമ്മുടെ ഹൃദയത്തിലും സ്‌നേഹപുഷ്പം, ക്ഷമാപുഷ്പം, ത്യാഗപുഷ്പം, വിനയ പുഷ്പം തുടങ്ങിയ പുഷ്പങ്ങളാല്‍ പൂക്കളം തീര്‍ക്കാം. കാരുണ്യത്തിന്റെ വൃത്തം ഇനിയും വികസിപ്പിക്കാന്‍ നമുക്കു ശ്രമിക്കാം. അങ്ങനെയായാല്‍ ജീവിതം തന്നെ ഒരു വലിയ ഓണാഘോഷമാക്കി മാറ്റുവാന്‍ കഴിയും.