വാസ്തവത്തിൽ ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കില്ല, നിരവധി സ്ത്രീകൾ ശബരിമലയിൽ പോകുകയും ദർശനം നടത്തുകയും ചെയ്തുവരുന്നുണ്ട്. വ്രതനിഷ്ഠയുടെ ഭാഗമായി ഒരു പ്രത്യേക പ്രായപരിധിയിൽപ്പെട്ട സ്ത്രീകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അമ്മയുടെ സങ്കൽപ്പത്തിലെ ഈശ്വരൻ സ്ത്രീപുരുഷ ഭേദങ്ങൾക്കതീതനാണ്. എന്നാൽ ക്ഷേത്രത്തക്കുറിച്ച് ചിന്തിക്കുമ്പോൾ ഈശ്വരസങ്കൽപ്പവും ക്ഷേത്രത്തിലെ ദേവതാ സങ്കൽപ്പവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കണം. ഈശ്വരൻ അനന്തമായ ചൈതന്യമാണ്. എന്നാൽ ക്ഷേത്രദേവത അങ്ങനെയല്ല. സമുദ്രത്തിലെ മത്സ്യവും, കണ്ണാടിക്കൂട്ടിൽ വളർത്തുന്ന മത്സ്യവും തമ്മിലുള്ള വ്യത്യാസം ഇവ തമ്മിലുണ്ട്, കണ്ണാടിക്കൂട്ടിലെ മീനിന് സമയത്തിന് ഭക്ഷണം ലഭിച്ചില്ലെങ്കില്‍
അതിന് നിലനില്ക്കാനാവില്ല. എന്നാല്‍ സമുദ്രത്തിലെ മീനിന് നമ്മളാരും ഭക്ഷണം നല്‍കേണ്ട കാര്യമില്ല. അതുപോലെ ഒരു ക്ഷേത്രത്തില്‍ നിത്യപൂജകളും വിശേഷാല്‍ പൂജകളും യഥാവിധി നടന്നില്ലെങ്കില്‍ ക്ഷേത്രചൈതന്യം ക്ഷയിച്ചുപോകാനിടയാകും. എന്നാല്‍ സര്‍വ്വവ്യാപിയും, നിര്‍ഗുണനും, നിരാകാരനുമായ ഈശ്വരനെ ആരെങ്കിലും ആരാധിച്ചാലും ഇല്ലെങ്കിലും അത് അവിടുത്തെ ബാധിക്കുകയില്ല. കണ്ണാടികൂട്ടിലെ മത്സ്യങ്ങൾക്ക് ഓക്സിജനും, പ്രത്യേക തീറ്റയുമൊക്കെ വെച്ചിരിക്കുന്നതുപോലെ ക്ഷേത്രത്തിൽ ഓരോ ദേവതയ്ക്കും, ഓരോ ഭാവത്തിനനുസരിച്ച് മന്ത്രങ്ങളിലും ആചാരങ്ങളിലും വ്യത്യാസമുണ്ട്. ചിരിച്ചുകൊണ്ടിരിക്കുന്ന ദേവന് ഒരു മന്ത്രമായിരിക്കും, അതെ ദേവൻ തന്നെ രൗദ്രഭാവത്തിലാണെങ്കിൽ മറ്റൊന്നായിരിക്കും മന്ത്രം. ഒരേ ശക്തിതന്നെയാണ് എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നതെങ്കിലും ക്ഷേത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് അങ്ങനെയൊരു രീതിയിലാണ്.
ശബരിമലയുടെ കാര്യമെടുത്താൽ നിത്യബ്രഹ്മചാരിയായിരുന്നു അയ്യപ്പസ്വാമി എന്നും, സമാധിയാകുന്നതിനു മുൻപ് അന്ത്യാഭിലാഷമെന്ന പോലെ നിർദ്ദേശിച്ച രീതിയിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ എന്നുമാണ് അയ്യപ്പ ഭക്തർ വിശ്വസിച്ച് പോരുന്നത്. മാളികപ്പുറത്തമ്മ കാത്തിരിക്കുന്നതും, വ്രതമനുഷ്ഠിച്ച് ഭക്തർ ശബരിമലയിൽ ദർശനത്തിനെത്തുന്നതും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. അങ്ങനെ ഭക്തർ വ്രതമെടുത്ത് പോകുന്നതിനാൽ യുവതീ പ്രവേശനം വേണമെന്നോ, ആചാരം മാറ്റണമെന്നോ ആധികാരമായി പറയുവാൻ സാധിക്കുകയില്ല.
ക്ഷേത്രത്തിലെ ആചാരങ്ങളെല്ലാം തള്ളിക്കളയണമെന്ന് പറയാൻ കഴിയില്ല. ആചാരങ്ങൾ ധർമ്മത്തിനെ താങ്ങി നിർത്തുന്ന തൂണുകളാണ്. അയ്യപ്പഭക്തരായ സ്ത്രീകൾ തന്നെയാണ് ഈ വിഷയത്തിൽ നിലപാടെടുക്കേണ്ടത്, സ്ത്രീകളുടെ അഭിപ്രായം സ്വീകരിച്ച്, സർക്കാരും, ആചാര്യന്മാരും, തന്ത്രിമാരുമൊക്കെ കൂടി ആലോചിച്ച് തീരുമാനം എടുക്കണം. ആവശ്യമുള്ള പക്ഷം ആചാരങ്ങളിൽ മാറ്റം വരുത്താവുന്നതാണ് പക്ഷെ അത് കുളിപ്പിച്ച് കുളിപ്പിച്ച് വെള്ളത്തിന്റെ കൂടെ കുഞ്ഞിനെക്കൂടെ കളയുന്നതുപോലെയാകരുത് എന്ന് മാത്രം.
26-07-2016, അമൃതപുരി
അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അമ്മ പറഞ്ഞത്