അമ്മയ്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ പരിഭാഷ
അമ്മയ്ക് പ്രണാമം
വേദിയിലുള്ള വിശിഷ്ട അതിഥികളെ, നമസ്‌ക്കാരം !
ഈ പുണ്യവും വിശുദ്ധവുമായ മുഹൂര്‍ത്തത്തില്‍ ഞാന്‍ അമ്മയ്ക്ക് എന്റെ അഗാധമായ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു. ഭക്തലക്ഷങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായ അമ്മയ്ക്ക് സര്‍വശക്തന്‍ ദീര്‍ഘായുസും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എത്രയോ ഭക്തര്‍ക്ക് സ്വന്തം ജീവിതത്തിന്റെ പര്യായപദം തന്നെയാണ് അമ്മ. ഒരു യഥാര്‍ത്ഥ അമ്മയെപ്പോലെ അവര്‍ അവരുടെ ഭക്തരെ പരിപാലിക്കുന്നു; നേരിട്ടും പരോക്ഷവുമായ ഇടപെടലുകളിലൂടെ, ദൃശ്യവും അദൃശ്യവുമായ കരങ്ങള്‍കൊണ്ട്.
അമ്മയുടെ അനുഗ്രഹങ്ങളും ഉപാധികളില്ലാത്ത സ്‌നേഹവും ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഞാനും. മൂന്നു വര്‍ഷം മുമ്പ് അവരുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഞാന്‍ അമൃതപുരിയില്‍ പോയിരുന്നു. ഇന്നത്തെ ഈ ആഘോഷത്തില്‍ നേരിട്ടു പങ്കെടുക്കാനാകാത്തത് നിര്‍ഭാഗ്യകരവുമാണെങ്കിലും, സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് അമ്മയെ ആശംസകള്‍ അറിയിക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ കേരളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മടങ്ങിയിട്ടേയുള്ളു. അവിടുത്തെ ജനങ്ങളുടെ സ്‌നേഹവാല്‍സല്യങ്ങള്‍ എന്നെ സ്പര്‍ശിച്ചു.
സര്‍വ ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന നിരവധി മഹാത്‌മാക്കളെ അനുഗ്രഹീതമാണ് ഇന്ത്യ. മനുഷ്യനാണ് സൃഷ്ടികളില്‍ ഏറ്റവും മുഖ്യം എന്നാണ് അവരൊക്കെയും തിരിച്ചറിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ മാനവസേവനമായിരുന്നു അവരുടെയൊക്കെ പ്രധാന ജീവിതലക്ഷ്യവും. കുട്ടിക്കാലത്തു തന്നെ സ്വന്തം ഭക്ഷണം മറ്റുള്ളവര്‍ക്ക് നല്‍കാനായിരുന്നു അമ്മയ്ക്ക് ഇഷ്ടം എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വയോധികരെ സേവിക്കുക, അര്‍ഹര്‍ക്കു നേരേ സഹായഹസ്തം നീട്ടുക തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരുന്നു അവരുടെ ബാല്യകാല ഇഷ്ടങ്ങള്‍. മാത്രമല്ല, അക്കാലത്തുതന്നെ അവര്‍ വലിയ കൃഷ്ണഭക്തയുമായിരുന്നു. ഈ രണ്ട് ഗുണമേന്മകളാണ് അവരുടെ കരുത്ത്. ഈശ്വരനോടുള്ള ഭക്തിയും പാവപ്പെട്ടവരോടുള്ള സമര്‍പ്പണ മനോഭാവവും. അമ്മയോടൊപ്പമുള്ള എന്റെ വ്യക്തിപരമായ ഇടപഴകലില്‍ എനിക്ക് മനസിലാക്കാനായത് അതാണ്. ലോകമെന്പാടുമുള്ള ദശലക്ഷക്കണത്തിന് ഭക്തരും അതുതന്നെ വിശ്വസിക്കുന്നു.
അമ്മയുടെ നേതൃത്വത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന സാമൂഹിക, ദരിദ്രസേവന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മനുഷ്യരുടെ അടിസ്ഥാനപരമായ അഞ്ച് ആവശ്യങ്ങള്‍ നിറവേറ്റാനാണ് അമ്മ എപ്പോഴും ആഹ്വാനം ചെയ്യുന്നതും സ്വയം ഇടപെടുന്നതും. ഭക്ഷണം, കിടപ്പാടം, ആരോഗ്യശുശ്രൂഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയാണ് അവ.
ശുചിത്വം, കുടിവെള്ളം, ഭവന നിര്‍മാണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ അവര്‍ ചെയ്യുന്ന സവിശേഷ പ്രവര്‍ത്തനങ്ങളെയും സംഭാവനകളെയും കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരം ചില പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അതിന്റെ രേഖകള്‍ ഈ സന്ദര്‍ഭത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. കക്കൂസുകള്‍ നിര്‍മിച്ച് നല്‍കുന്നതിനുള്ള അമ്മയുടെ പ്രത്യേക താല്‍പര്യം നമ്മുടെ ശുചിത്വ ഭാരത പദ്ധതിക്ക് വലിയ സഹായമാണു നല്‍കുന്നത്. നൂറുകോടി രൂപ കേരളത്തിലെ പൊതുശുചിത്വ നിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് അമ്മ അറിയിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് 15000 കക്കൂസുകള്‍ നിര്‍മിച്ചു നല്‍കാന്‍ അവരുടെ ഈ തീരുമാനം സഹായകമാകും. അമ്മയുടെ ആശ്രമം സംസ്ഥാനത്തുടനീളം രണ്ടായിരം കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിക്കഴിഞ്ഞു എന്നാണ് എനിക്ക് ലഭിച്ച വിവരം.
പരിസ്ഥിതി സംരക്ഷണ, സുസ്ഥിര വികസന മേഖലകളില്‍ നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിത്. ഒരു വര്‍ഷം മുന്പ് നമാമി ഗംഗേ പദ്ധതിക്ക് നൂറുകോടി രൂപയാണ് അമ്മ ഉദാരമായി സംഭാവന ചെയ്തത്. പ്രകൃതി ദുരന്തങ്ങളുടെ ഇരകളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ സഹായ ഹസ്തം നീളാറുണ്ട് എന്നത് മുന്പെ മനസിലാക്കാന്‍ സാധിച്ച കാര്യമാണ്. ഇപ്പോഴാകട്ടെ, ലോകത്തെ അലട്ടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അമൃതാ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തുന്ന പുതിയ ശ്രമങ്ങള്‍ ആഹ്ലാദകരമാണ്.
എനിക്ക് ഈ ആഘോഷ പരിപാടികളുടെ ഭാഗമാകാന്‍ അവസരം നല്‍കിയതിലുള്ള ആത്മാര്‍ത്ഥമായ നന്ദി അറിയിക്കട്ടെ.
ഒരിക്കല്‍ക്കൂടി അമ്മയെ ഞാന്‍ ഹൃദയംഗമമായ സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു.
27 -9-2016