സ്നേഹം: കൈയിലിരുന്നിട്ടും കാണാതെ പോകുന്ന ധനം

അതിര്‍വരന്പുകളും വേര്‍തിരിവുകളും ഇല്ലാത്ത അഖണ്ഡമായ ഏകത്വമാണീശ്വരന്‍. ആ ഈശ്വരശക്തി പ്രകൃതിയിലും അന്തരീക്ഷത്തിലും മൃഗങ്ങളിലും മനുഷ്യരിലും ചെടികളിലും വൃക്ഷങ്ങളിലും പക്ഷികളിലും ഓരോ അണുവിലും നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്നു. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം ഈശ്വരമയമാണ്. ഈ സത്യമറിഞ്ഞാല്‍, നമുക്കു നമ്മെത്തന്നെയും മറ്റുള്ളവരേയും ഈ ലോകത്തെയും സ്നേഹിക്കാന്‍ മാത്രമേ കഴിയൂ.

സ്നേഹത്തിന്റെ ആദ്യത്തെ കുഞ്ഞല നമ്മില്‍ നിന്നുതന്നെയാണ് ഉടലെടുക്കേണ്ടത്. നിശ്ചലമായിരിക്കുന്ന തടാകത്തിലേക്കൊരു കല്ലെടുത്തെറിഞ്ഞാല്‍, ആദ്യത്തെ ചെറുതിര ആ കല്ലിനു ചുറ്റിനുമാണ് പ്രത്യക്ഷപ്പെടുന്നത്. ക്രമേണ ആ തിരയുടെ വൃത്തം വലുതായി വലുതായി അതങ്ങു തീരംവരെയെത്തും. അതുപോലെ, സ്നേഹവും നമ്മുടെ ഉള്ളില്‍ നിന്നാണ് തുടങ്ങേണ്ടത്. അവനവന്റെയുള്ളില്‍ കുടികൊള്ളുന്ന സ്നേഹത്തെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍, ക്രമേണ അതു വളര്‍ന്നു വലുതായി ഈ ലോകത്തെ മുഴവന്‍ ആശ്ലേഷിക്കും.

ഒരു അരിപ്രാവിന്റെ കഴുത്തില്‍ ഭാരമുള്ളൊരു കല്ല് കെട്ടിയിട്ടാല്‍ അതിനു പറക്കാന്‍ കഴിയില്ല. അതുപോലെ, സ്നേഹമാകുന്ന അരിപ്രാവിന്റെ കഴുത്തില്‍ നമ്മളിന്നു ബന്ധങ്ങളുടെയും കെട്ടുപാടുകളുടേയും കല്ലുകള്‍ കെട്ടിയിട്ടിരിക്കുകയാണ്. അതിന് സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തിലൂടെ പറന്നുനടക്കാന്‍ കഴിയില്ല. അന്ധമായ മമതയുടെ ചങ്ങലകള്‍കൊണ്ട് ഉള്ളിലുള്ള സ്നേഹത്തെ നമ്മള്‍ അവിടെത്തന്നെ ബന്ധിച്ചിട്ടിരിക്കുകയാണ്. സ്നേഹമില്ലെങ്കില്‍ ജീവിതമില്ല. ഒരു രംഗത്തും സേവനം ചെയ്യാനും കഴിയില്ല.

രണ്ടുവ്യക്തികള്‍ ഒന്നിച്ചുജീവിക്കാന്‍ തുടങ്ങുന്പോള്‍, സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികമാണ്. പരസ്പരം വിട്ടുവീഴ്ച്ചയില്ലെങ്കില്‍, കുറച്ചെങ്കിലും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍, നമ്മുടെ കുടുംബ ബന്ധങ്ങള്‍ തകരും. ജീവിതത്തിന്റെ പൂക്കാലം ക്ഷമയിലും സഹനശക്തിയിലുമാണ്. ഈ ഗുണങ്ങളില്ലെങ്കില്‍, ജീവിതം എന്നും വേനലിന്റെ ചൂടേറ്റു വിണ്ടു വരണ്ടുകിടക്കുന്ന മണ്ണിനെ പോലെയാകും. ആവിടെ പൂക്കളും മരങ്ങളും നദികളുടെ കളകളാരവവും പക്ഷികളുടെ കളകൂജനവും ഒന്നും ഉണ്ടാകില്ല. സ്നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാള്‍ സന്തോഷം നല്‍കുന്ന ധനം. കൈയിലിരുന്നിട്ടും കാണാതെ പോകുന്ന ധനം. സ്നേഹത്തിന്റെ കാല്‍പാടുകള്‍ മാത്രമാണ് കാലത്തിന്റെ പാതയില്‍ എന്നും മായാതെ കിടക്കുന്നത്. തന്നേക്കാള്‍ ശക്തനായ ശത്രുവിനെയും ഹനിക്കുന്ന ആയുധവും സ്നേഹം തന്നെ. നിത്യമുക്തനായ ഈശ്വരനെയും പിടിച്ചുകെട്ടുന്നതാണ് സ്നേഹം. മായയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള മന്ത്രവും സ്നേഹം തന്നെ.എല്ലാ രാജ്യത്തും എല്ലാക്കാലത്തും വിലയുള്ള നാണയവും സ്നേഹമൊന്നേ ഉള്ളൂ.

സ്നേഹം പോക്കറ്റില്‍ ഒളിപ്പിക്കാനുള്ളതല്ല, കര്‍മ്മത്തില്‍ പ്രകാശിപ്പിക്കാനുള്ളതാണ്. നമ്മള്‍ സ്നേഹമായിത്തീരുന്പോള്‍ പഞ്ചേന്ദ്രിയങ്ങളും സ്നേഹത്തിന്റെ പാലങ്ങളായി മാറുന്നു. ആരുടെ അഹന്തയ്ക്കും എതിര്‍ത്ത് തോല്‍പ്പിക്കാനാകാത്തതായി സ്‌നേഹമൊന്നേയുള്ളൂ. സ്നേഹം ദുഃഖങ്ങള്‍ക്കുള്ള ഒറ്റമൂലിയും ഏകാന്തതയുടെ ഊന്നുവടിയുമാണ്. നമ്മുടെ ജീവിതവിജയത്തിന്റെ ശരിയായ അളവുകോലും സ്നേഹമൊന്നു മാത്രം!

 

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്