ഇന്ന് പല മേഖലകളിലും ഭാരതം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി പ്രതീക്ഷയ്ക് വകനല്‍കുന്നതാണ്. സാന്പത്തിക വികസനത്തിലും ശാസ്ത്ര പുരോഗതിയിലും നമ്മള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. മംഗള്‍യാന്‍ ഉപഗ്രഹവിജയം ലോകത്തിന്റെ മുഴുവന്‍ ആദരവിന് നമ്മളെ പ്രാപ്തരാക്കി. എന്നാല്‍ ഭാരതത്തിലെ ഓരോ പാവപ്പെട്ടവന്റേയും ജീവിതത്തില്‍ക്കൂടി മംഗളം ഭവിക്കുന്പോള്‍ മാത്രമേ നമ്മുടെ പുരോഗതി എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണതയിലെത്തുകയുള്ളൂ. കഴിഞ്ഞ രണ്ടു വര്‍ഷമായി ആശ്രമം ഭാരതമെന്പാടും നൂറോളം ഗ്രാമങ്ങള്‍ ദത്തെടുത്ത് അവിടെ സേവനം നടത്തിവരുന്നു. പല ഗ്രാമങ്ങളുടെയും സ്ഥിതി കാണുന്പോള്‍ വളരെ വിഷമം തോന്നും. നൂറ് വര്‍ഷം മുന്പെയുള്ള അതേ സ്ഥിതിയാണ് പലയിടത്തും. ഗ്രാമങ്ങളെ അവഗണിച്ചുള്ള വികസനം ശരീരത്തിന്റെ കൈയും കാലും വളരുകയും എന്നാല്‍ ഉടല്‍ വളരാതിരിക്കുന്നതുപോലെയുമാണ്.

 

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് നമ്മള്‍ മറക്കരുത്. നമ്മള്‍ ഗ്രാമങ്ങളുടെ സംസ്‌ക്കാരിക മൂല്യങ്ങള്‍ നിലനിര്‍ത്തുകയും എന്നാല്‍ ഒപ്പംതന്നെ കാലോചിതമായ ഭൗതിക പുരോഗതി കൈവരിക്കുകയും വേണം. ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ വിഷമിക്കുന്പോഴും സ്വന്തം ദുഃഖവും വേദനയുമൊക്കെ, ”മറ്റള്ളവര്‍ അറിയരുത്, അവര്‍ ബുദ്ധിമുട്ടാന്‍ ഇടവരരുത്.” എന്ന് ചിന്തിക്കുന്ന കുടുംബങ്ങളായിരുന്നു അമ്മയുടെ ഗ്രാമത്തില്‍. ഇതുപോലെയുള്ള കുടുംബങ്ങള്‍ ഇന്നും ഭാരതത്തില്‍ ധാരാളം ഉണ്ടെന്നുള്ളത് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കാന്‍ പോയ മക്കള്‍ പറഞ്ഞപ്പോള്‍ അറിയാന്‍ കഴിഞ്ഞു. മറ്റുള്ളവരുടെ ദുഃഖവും ദുരിതവും നമ്മള്‍ വിചാരിച്ചാല്‍ കുറെയൊക്കെ മാറ്റിയെടുക്കാന്‍ കഴിയും. ഉള്ളില്‍ കാരുണ്യം ജനിക്കുന്പോള്‍ മാത്രമാണ് മനുഷ്യന്‍ മനുഷ്യനാകുന്നത്.

UNESCO chair is being announced for Amrita University

 

തെളിമ പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസം
ജിമ്മില്‍ പോയി, കൈയുടെ മസില്‍ മാത്രം വളരാനുള്ള വ്യായാമം ചെയ്യുന്നപോലെയുള്ളതാണിന്നത്തെ വിദ്യാഭ്യാസ സന്പ്രദായം. അങ്ങനെ ചെയ്താല്‍, ആ ഭാഗത്തെ മസില്‍ മാത്രം വികസിക്കുകയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളെല്ലാം അനുപാതമില്ലാതെ വികൃതമായി തീരുകയും ചെയ്യും. ഇതുപോലെ, ബുദ്ധിയും ഓര്‍മ്മശക്തിയും വികസിപ്പിച്ച് മനുഷ്യനെ ഏറ്റവും ഉല്‍പാദനശേഷിയുള്ള യന്ത്രങ്ങളാക്കാനുള്ള വിദ്യാഭ്യാസമാണ് ഇന്ന് നിലവിലുള്ളത്.

വാക്കിലും ചിന്തയിലും പ്രവൃത്തിയിലും കാഴ്ച്ചപ്പാടിലും സംസ്‌കാരത്തിന്റെ തെളിമ പകര്‍ന്നു നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം. അത് സകലജീവരാശികളുടേയും അഖണ്ഡതയെക്കുറിച്ചുള്ള ബോധം മനുഷ്യനില്‍ ജനിപ്പിക്കുന്നതാകണം. ‘എനിക്കെപ്പോഴും വിജയിക്കണം’ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ‘ഞാന്‍, ഞാന്‍, ഞാന്‍’ ഇതാണ് എല്ലാവരുടേയും മുഖ്യമായ മതവും മുദ്രാവാക്യവും. ഈ വിധത്തില്‍ ഫലം മാത്രം കാംക്ഷിച്ചു കര്‍മ്മം ചെയ്യുന്പോള്‍ എന്തു ഹീനവൃത്തി ചെയ്യാനും മനുഷ്യന്‍ മടിക്കില്ല. കാരണം ‘ഞാനൊഴികെ’ ബാക്കിയെല്ലാവരും ശത്രുക്കളായി തീരുന്നു. എല്ലാം സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുള്ള മനുഷ്യന്റെ അന്ധമായ ഈ മത്സരബുദ്ധി അവന്റെ പ്രവര്‍ത്തികളെ ആത്മാര്‍ത്ഥയില്ലാത്തതും അപൂര്‍ണ്ണങ്ങളും ആക്കുന്നു. കര്‍മ്മത്തില്‍ ചെലുത്തുന്ന സന്തോഷവും പങ്കാളിത്തവുമാണ് ഫലത്തെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നത്.

ആത്മാര്‍ത്ഥമായ സഹകരണവും സൗഹൃദവുമാണ് ഉല്‍പാദശേഷിയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നത്. അന്ധമായ മത്സരമല്ല. അതാണ് വ്യക്തിയേയും സമൂഹത്തേയും ഉയരങ്ങള്‍ താണ്ടാന്‍ സഹായിക്കുന്നത്. മക്കള്‍ തേനീച്ചകളെ ശ്രദ്ധിച്ചിട്ടില്ലെ? അവയുടെ ഉല്‍പാദനശേഷിയുടെയും തേനിന്റെ ഗുണമേന്മയുടെയും പരിശുദ്ധിയുടെയും രഹസ്യമെന്താണ്? ആവയുടെ പരസ്പരസഹകരണം, സൗഹൃദം, ഐക്യബോധം. എല്ലാറ്റിലുമുപരി സ്വന്തം കര്‍മ്മത്തിനോട് ആ ജീവികള്‍ കാട്ടുന്ന അതിശയിപ്പിക്കുന്ന ശ്രദ്ധ.

-അമ്മയുടെ അറുപത്തിമൂന്നാം ജന്മദിനപ്രഭാഷണത്തിൽ നിന്ന്