അമ്മയോടൊത്തുള്ള ഓരോ അവസരങ്ങളും പ്രത്യേകിച്ച് ധ്യാനദിനങ്ങൾ, നമ്മൾക്കെന്നും ഓർത്തുവയ്ക്കുവാൻ തക്കവണ്ണം വിജ്ഞാനപ്രദങ്ങളും, ആനന്ദദായകങ്ങളുമാണ്. അവിടുത്തെ മൊഴികളോരോന്നും തന്നെ എന്നെന്നും നമ്മുടെ ഓർമച്ചെപ്പിനുള്ളിൽ കാത്തുസൂക്ഷിക്കേണ്ട അമൂല്ല്യ രത്നങ്ങളുമാണ്. എന്നാൽ ആ മൊഴിമുത്തുകളുടെ വിലയും ശരിയായ മഹത്വവും മനസ്സിലാക്കണമെങ്കിൽ അൽപ്പം ശാസ്ത്ര സംസ്കാരം കൂടി വേണം. ഇനി അതെന്നും അവിടെത്തന്നെ ഇരുന്നാൽ മതിയോ..? പോരാ അവയെ എടുത്ത് ഭംഗിയുള്ള ആഭരണമാക്കി അണിയണം. അതായത് അവയെ മനനത്തിനു വിധേയമാക്കി (നിരന്തര ചിന്തനത്തിനു വിധേയമാക്കി) നമ്മുടെ വിവേകമാക്കി മാറ്റണം. അതല്ലെങ്കിൽ താനിരിയ്ക്കുന്ന ഭൂമിയുടെ അടിയിലുള്ള നിധിയെ അറിയാതെ ജീവിതം മുഴുവൻ പിച്ചയെടുത്തു കഴിയുന്നവൻ്റെ അവസ്ഥയാകും നമ്മുടെയും ജീവിതവും.
ഈയിടെ ഒരു ധ്യാന ദിനത്തിൽ അമ്മ പറയുകയുണ്ടായി “നമുക്കെല്ലാം അറിവുണ്ടെന്നുള്ള അഹംകാരമുണ്ട്. എന്നാൽ അഹംകാരമുണ്ടെന്നുള്ള അറിവില്ലെന്ന്.” ചിന്തിക്കുകയാണെങ്കിൽ സകല വേദസാരവും ഇതിൽത്തന്നെയുണ്ട്. ആദ്യമായി നാം ചിന്തിക്കേണ്ടത് അറിവെന്നതിനെക്കുറിച്ചു സാധാരണയായി നാം ചിന്തിക്കുന്നെതെന്തിനെക്കുറിച്ചെന്നാണ്? ലോകത്തിലെ നാനാവിഷയങ്ങളെക്കുറിച്ചുള്ള വിവരത്തെയാണ് ഇന്ന് നമ്മൾ അറിവെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുവനിൽ അതെത്രയധികമുണ്ടോ അത്രയും വിവരമുള്ളവനാണവൻ എന്ന് അവനെക്കുറിച്ചു നമ്മൾ കരുതും. ഉദാഹരണത്തിന് ഒരു ഡോക്ടർ ശരീരശാസ്ത്രത്തിൽ നിപുണനാണെങ്കിൽ ഒരു എഞ്ചിനീയർ തൻ്റെ മേഖലയിൽ വൈദഗ്ധ്യം നേടിയവനായിരിക്കും. സ്വാഭാവികമായും അവർ ചിന്തിക്കുന്നത് മറ്റുള്ളവരെ അപേക്ഷിച്ചു തൻ്റെ വിഷയത്തിൽ താൻ വിവരമുള്ളവനെന്നാണ്. അതിൽ തെറ്റില്ല. എന്നാൽ ഈ അറിവ് തൻ്റെ ദൈനംദിന വ്യവഹാരത്തിൽ എത്രത്തോളം പ്രയാജനം ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്നു നമ്മളിന്ന് നേടുന്ന ഈ അറിവുകൊണ്ട് സമ്പത്തും, സ്ഥാനമാനങ്ങളും നേടാമെന്നതു നേരാണ്. പക്ഷെ സംതൃപ്തയും, ശാന്തിയുമെല്ലാം നേടുന്നതിന് ഈ അറിവെത്രത്തോളം പ്രയോജനപ്പെടുന്നുവെന്നത് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് അശാന്തിയും, സ്വാർത്ഥതയുമെല്ലാം ഗ്രാമീണ ജനഹൃദയങ്ങളിലുള്ളതിനേക്കാൾ കൂടുതലും കണ്ടുവരുന്നത് വിദ്യാസമ്പന്നരെന്നു സ്വയം കരുതുന്ന ഇക്കുട്ടരിലാണ്. ഇതിനെന്താണ് കാരണം..? ലോകത്തെ അറിയാൻ ശ്രമിക്കുമ്പോഴും താനാരെന്നറിയാൻ ആരും ശ്രമിക്കാറില്ല. അല്ലെങ്കിൽ അങ്ങനെയൊരറിവുണ്ടെന്നതിനെക്കുറിച്ചു നമുക്കറിയില്ല. ആത്മവിദ്യയൊന്നു മാത്രമാണ് യഥാർഥത്തിൽ ശരിയായ വിവേകത്തെ നമുക്ക് തരുന്നത്.
നാം ജനിച്ചശേഷം അച്ഛനമ്മമാർ വാത്സല്യത്തോടുകൂടി നമുക്കൊരു പേരിടുന്നു. അങ്ങനെ നമുക്കൊരു മേൽവിലാസം കിട്ടുന്നു. തുടർന്ന് മുന്നോട്ടുള്ള ജീവിതത്തിലുടനീളം ഈ വിലാസത്തോടുകൂടിയാണ് നമ്മൾ ജീവിക്കുന്നത്. അതായത് ഈ ശരീരത്തിൻ്റെ രൂപത്തോടും നാമത്തോടും താദാത്മ്യപ്പെട്ടാണ് (സ്ത്രീ / പുരുഷൻ) നമ്മൾ ജീവിക്കുന്നത്. ഞാനെന്ന ഈ നാമരൂപത്തോടുള്ള താദാത്മ്യത്തെയാണ് അഹംകാരം എന്ന് പറയുന്നത്. ഇതു തന്നെയാണ് നമ്മിലുള്ള ജീവഭാവവും. ഈ തദാത്മ്യത്തിലധിഷ്ഠിതമായി ലോകവ്യവഹാരത്തിലേർപ്പെടുന്ന ആർക്കുംതന്നെ ജീവിതത്തിൽ യഥാർത്ഥ ആനന്ദമോ, ശാന്തിയോ നേടാൻ സാധ്യമല്ല. കാരണം ഈ ബോധത്തോടു കൂടിയ വ്യവഹാരങ്ങളെല്ലാം ഇരുളിൻ്റെ അവ്യക്തതയിൽ നിന്നു കൊണ്ട് കാര്യങ്ങൾ ഗ്രഹിക്കുന്നതുപോലെയാണ്. ഇനി വെറും മൂഢനാണെങ്കിലോ കൂരാക്കൂരിരുട്ടിൽ നിന്നുകൊണ്ട് കാര്യങ്ങൾ ഗ്രഹിയ്ക്കാൻ ശ്രമിക്കുന്നത് പോലെയും. ഇവിടെ വ്യക്തതയ്ക്കെന്താണ് വേണ്ടത്? നല്ല പകൽ വെളിച്ചം. പോരാ…നട്ടുച്ചനേരത്തെ വെട്ടം. അവിടെ ഇരുളില്ല, നിഴലില്ല, അവ്യക്തതകളില്ല. അവിടെയാണ് വ്യവഹാരത്തിനു പൂർണ്ണത, വ്യക്തത കൈവരുന്നത്. ഇതാണ് മഹാത്മക്കളുടെ നില. അവിടെ ദേഹതാദാത്മ്യത്തിൽ നിന്നുള്ള അഹംകാരം പൂർണമായി നശിച്ചിരിക്കുന്നു. അല്ലെങ്കിൽ അവിടെ ജീവഭാവം പൂർണമായി നശിച്ചിരിക്കുന്നു. അവർ തങ്ങളുടെ സ്വരൂപത്തിൽ (തന്നെക്കുറിച്ചുള്ള യഥാർത്ഥ അറിവിൽ) ഉണർന്നിരിക്കുന്നു ഇതിനെയാണ് ആത്മജ്ഞാനമെന്നു പറയുന്നത്. ഈ അറിവാണ് യഥാർത്ഥത്തിൽ നാം നേടേണ്ടത്. അപ്പോൾ മാത്രമേ ജീവിതത്തിനു പൂർണ്ണതയും, ആനന്ദവും കൈവരുകയുള്ളൂ. മറിച്ചു ലൗകിക വിഷയജ്ഞാനം നേടിയതു കൊണ്ടു മാത്രമോ, അതിലഹങ്കരിച്ചതുകൊണ്ടുമാത്രമോ നമുക്ക് യഥാർത്ഥ ശാന്തിയും, സംതൃപ്തിയും നുകരാൻ കഴിയുകയില്ല.
ഇനി ആത്മീയ വിഷയത്തിലുള്ള കേവല അറിവുകൊണ്ടുമാത്രം പ്രശ്നം തീരുമോ? ഇല്ല. അങ്ങനെയാണെങ്കിൽ ആത്മീയ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്ത, ഡോക്ടറേറ്റെടുത്ത എത്രയോപേരുണ്ട് എന്നും, പരാതിയും പരവശവുമായിക്കഴിയുന്നവർ. അപ്പോൾ കുറച്ചു ആത്മീയ പുസ്തകങ്ങൾ വായിച്ചതുകൊണ്ടോ, പ്രഭാഷണങ്ങൾ കേട്ടതുകൊണ്ടോ മാത്രം ആരും ആത്മജ്ഞാനിയാകുന്നില്ല. തൻ്റെ പ്രശ്നങ്ങൾക്ക് ആത്യന്തിക പരിഹാരമുണ്ടാകുന്നില്ല. തന്നിലെ അഹംകാരത്തേക്കുറിച്ചു ഏവരും ബോധവാന്മാരാകണം. ഇതില്ലാത്തതുകൊണ്ടാണ് നമുക്കിന്നു ധാരാളം പ്രശ്നങ്ങളും പരാതികളുമെല്ലാമുള്ളത്. ഇവയെല്ലാംതന്നെ മറ്റുള്ളവരെകുറിച്ചാണെന്നതാണ് ഏറെരസകരം. തന്നെക്കുറിച്ച് പരാതിയൊന്നുമില്ല. താൻ പൂർണ്ണനാണെന്നാണല്ലോ ശാസ്ത്രത്തിൽനിന്നു മനസ്സിലാക്കിയിരിയ്ക്കുന്നത്. ഇതു തന്നെയാണ് നമ്മിൽ അജ്ഞത (അഹംകാരം) ഉണ്ടെന്നുള്ളതിൻ്റെ ഒന്നാമത്തെ ലക്ഷണം. കാരണം തന്നെ അറിഞ്ഞവൻ, തൻ്റെ യഥാർത്ഥ സ്വരൂപത്തെ ബോധിച്ചവന്, തന്നിൽനിന്നന്യമായി രണ്ടാമതൊന്നില്ലാത്തതിനാൽ പ്രശ്നങ്ങളില്ല. അതുകൊണ്ടുതന്നെ അവ പരിഹരിക്കേണ്ട ആവശ്യവുമില്ല അവർ മാത്രമേ ലോകത്തെ അതിൻ്റെ യഥാർത്ഥ രൂപത്തിലും ഭാവത്തിലും കാണുന്നുള്ളൂ. മറിച്ചറിവുണ്ടെന്നു ധരിച്ചിരിക്കുന്ന നമ്മൾ കാണുന്ന ലോകം നമ്മൾ തന്നെ നിറം പിടിപ്പിച്ചിരിയ്ക്കുന്ന കണ്ണാടിയിൽ കുടിയുള്ളതാണ്. അപ്പോൾ ഇവിടെ കുറ്റങ്ങളും കുറവുകളും മാത്രമേ കാണാൻ സാധിയ്ക്കു. സാധാരണ നമ്മൾക്ക് സംഭവിക്കുന്ന ഒരു ദോഷമിതാണ്. കുറച്ചുനാൾ ആശ്രമത്തിൽ നിന്നുകഴിയുമ്പോൾ ചിത്തശുദ്ധി വരുന്നതിനായി ഗുരുക്കന്മാർ ചില ഉത്തരവാദിത്വങ്ങളൊക്കെ ഏൽപ്പിക്കും. അൽപ്പം അധികാരമൊക്കെ കിട്ടിക്കഴിയുമ്പോൾ, അല്ലെങ്കിൽ കുറച്ചുനാൾ പ്രഭാഷണങ്ങളൊക്കെ ചെയ്തങ്ങനെ കഴിയുമ്പോൾ, നമുക്കുചുറ്റും കുറച്ചാരാധകരൊക്കെ വന്നുകൂടും. അപ്പോൾ നാം സ്വയം ഗുരുവായതായി തോന്നിത്തുടങ്ങും. പിന്നെ മറ്റുള്ളവരൊക്കെ നമ്മെക്കാൾ നിലയിലുള്ളവരാണെന്നും തോന്നിത്തുടങ്ങും. അടുത്തതായി നമ്മുടെ കിഴിലുള്ളവരേയോ, നമ്മോടൊപ്പമുള്ളവരെയോ ഒക്കെ നന്നാക്കി എടുക്കാൻവേണ്ട പാഠങ്ങൾ ആസൂത്രണം ചെയ്തു തുടങ്ങും.
എന്നാൽ മഹാത്മാക്കൾ (ലോകഗുരുക്കന്മാർ) എങ്ങനെയാണെന്ന് നോക്കൂ. അവർ ആരെയും പഠിപ്പിക്കുന്നില്ല. സ്വയം ജീവിച്ചു കാണിച്ചുതരുന്നു. അവരുടെ ജീവിതം തന്നെ അവരുടെ സന്ദേശം. ആരുടെയും സ്വാതന്ത്ര്യത്തെ അവർ ചോദ്യം ചെയ്യാറില്ല. കാരണം അവർക്ക് ലോകസ്വഭാവം നന്നായി അറിയാം, മനസ്സാകുന്ന കള്ളനെ അവർക്കു നന്നായി അറിയാം. മനസ്സിനെ (അഹംകാരം) അതിജീവിച്ചവരാണവർ. അവരിലെ ജീവഭാവം നശിച്ചിരിക്കുന്നതിനാൽ കർതൃത്വബുദ്ധിയോടെ (ഞാൻ ചെയ്യുന്നു എന്ന ഭാവം) ഒന്നും തന്നെ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അവരിൽ നിന്നും വരുന്ന കർമ്മങ്ങളുടെ ഫലങ്ങളോട് അവർക്കു യാതൊരാവകാശവാദവുമില്ല. തന്നിൽ ശരണാഗതി അടയുന്നവരോടുമാത്രം വേണ്ട നിർദ്ദേശങ്ങളോ, ഉപദേശങ്ങളോ നൽകുന്നു. സത്യത്തിൽ അവരുടെ സാന്നിധ്യത്തിൽ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നു. സൂര്യൻ്റെ സാന്നിധ്യത്തിൽ ഈ പ്രപഞ്ചഗതി നിർവിഘ്നം നടക്കുന്നതുപോലെ. എല്ലാത്തിനെയും പവിത്രീകരിച്ചുകൊണ്ട് ഒഴുകുന്ന നദിയെപ്പോലെയാണവർ. വേണ്ടവർക്ക് ആ വെള്ളം കുടിച്ചു ദാഹം ശമിപ്പിയ്ക്കാം. അല്ലെങ്കിൽ കുളിച്ചു തന്നിലെ മാലിന്യത്തെ കഴുകിക്കളയാം. എന്നാൽ നമ്മളിന്ന് നമുക്കൊരു ഗുരുവുണ്ടെന്നു അവകാശപ്പെടുമ്പോഴും പലപ്പോഴും നമ്മുടെ മനസ്സിനെത്തന്നെയാണ് അനുസരിയ്ക്കാറ്. നമ്മുടെ മനസ്സുതന്നെ ഇപ്പോഴത്തെ നമ്മുടെ ഗുരു. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കാണ് നമ്മളിന്ന് പ്രാധാന്യം കൊടുക്കാറ്. ദുർബല സാഹചര്യങ്ങൾക്ക് അടിമപ്പെട്ടു പോകുകയാണിപ്പോൾ. ഒരു കുഞ്ഞു നടക്കാൻ പഠിക്കുമ്പോൾ പലപ്രാവിശ്യവും മറിഞ്ഞുവീഴും. എന്നാൽ ഉടനെണീറ്റു വീണ്ടും ശ്രമിക്കും. അതിനുള്ള ഉത്സാഹം അതിനുണ്ട്. എന്നാൽ നമ്മൾ നമ്മുടെ അഹംകാരത്തിനു അടിമയായിരുന്ന വിവരംതന്നെ പലപ്പോഴും അറിയാറില്ല. അധികാരത്തിലും, മറ്റു അനുകൂല്യങ്ങളിലും മുഴുകിയങ്ങനെ കഴിഞ്ഞുകൂടുന്നു. ലോകരെ നന്നാക്കാനായി വെമ്പൽ കൊള്ളുന്നു. താനെവിടെയെത്തി എന്ന് മനസ്സിലാക്കാനുള്ള അന്തർമുഖതയേയും, വിവേകത്തേയും നമ്മുടെതന്നെ അഹംകാരം കീഴ്പ്പെടുത്തിയിരിക്കുന്നു. തത്ക്കാല സുഖങ്ങൾക്കായി അവയെ പണയപ്പെടുത്തിയിരിക്കുന്നു. അമ്മ പറയുന്നതുപോലെ അഹംകാരമുണ്ടെന്നുള്ള അറിവില്ലാതായിരിക്കുന്നു.
ചുരുക്കത്തിൽ താനറിവുള്ളവനെന്നുള്ള തോന്നലാണ് അറിവില്ലായ്മയുടെ (അഹംകാരത്തിൻ്റെ) പ്രാഥമിക ലക്ഷണം. അവൻ്റെ പുരോഗതി തടയപ്പെട്ടിരിക്കുന്നു. കമഴ്ത്തിവച്ചിരിക്കുന്ന കുടം പോലെയാണ് അവൻ്റെ ഹൃദയം. അതിലിനി ഒന്നും നിറയ്ക്കാൻ സാധ്യമല്ല. മറിച്ചു ശരിയായ അറിവുള്ളവൻ്റെ മുഖമുദ്ര വിനയമാണ്. ഈ ലോകം അവനെന്നും ഒരു പാഠപുസ്തകമാണ്. തന്നിലഹംകാരമുണ്ടെന്നുള്ള അറിവ് വന്നുകഴിയുമ്പോൾ മാത്രമേ നമ്മൾ നമ്മെക്കുറിച്ചുള്ള യഥാർത്ഥ അറിവിലേയ്ക്ക് ഉണരാൻ തുടങ്ങുകയുള്ളു.
യഥാർത്ഥത്തിൽ നമുക്ക് നമ്മെക്കുറിച്ചറിയാൻ, സ്വരൂപബോധത്തിലേക്കുണരാൻ എന്താണ് ചെയ്യാനുള്ളത് ? ആദ്യമായി വേണ്ടത് ആ സത്യത്തെ (തത്വത്തെ) അറിഞ്ഞ ഗുരുവിലേക്കുള്ള സമർപ്പണ മനോഭാവമാണ് (ശരണാഗതിയാണ്). ഗുരുവാക്യത്തെ നിരന്തരം മനനം ചെയ്യുക, ഗുരുവിൻ്റെ ഇച്ഛയ്ക്കൊത്തു മുന്നോട്ടു പോകുവാൻ പരമാവധി ശ്രമിയ്ക്കുക. ആത്മാർത്ഥമായ പ്രാർഥനയും, പ്രയത്നവുമുണ്ടെങ്കിൽ തീർച്ചയായും ഗുരുകൃപ നമ്മെ രക്ഷിക്കും. നമ്മുടെ അഹംകാരത്തെക്കുറിച്ചുള്ള ബോധം നമ്മിൽ തെളിയും. ക്രമേണ അതിൻ്റെ പിടിയിൽ നിന്നും മോചിതനാകും. അങ്ങനെയാകുമ്പോൾ പരാതികൾ കുറയും. പ്രശ്നങ്ങൾക്കുപരിയായിനിന്നു അവയെക്കാണാനും, അവയെ അതിജീവിയ്ക്കുവാനും കഴിയും. അപ്പോൾ നമുക്കിവിടെ നേടാനല്ല ഉള്ളത്. കളയാനാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ. അതിലൂടെ നാം സ്വയം സൃഷ്ടിച്ച നമ്മുടെ അഹംകാരത്തെ.
അമ്മ പറയാറുണ്ട് “ഈശ്വര സൃഷ്ടിയിൽപ്പെടാത്ത ഒന്ന് മാത്രമേയുള്ളൂ. അത് അഹംകാരമാണ്. അത് നമ്മുടെ സ്വന്തം സൃഷ്ടിയാണെന്ന് ”. ആത്മാവ് നിത്യാസിദ്ധവും, നിത്യമുക്തവുമാണ്. ഒരാൾ തൻ്റെ അഹംകാരത്തിൻ്റെ (മനസ്സിൻ്റെ) പിടിയിൽ നിന്ന് മുക്തനായാൽ മതി. ജീവിതം സുന്ദരവും, ആനന്ദവും, അർത്ഥപൂർണ്ണവുമാകാൻ.
_ അഭേദാമൃത ചൈതന്യ