മക്കളെ,
ഭാരതം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരമാണല്ലോ ഇത്. പിന്നിട്ടകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. എന്നാൽ വലിയൊരുവിഭാഗം ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യവും നിരക്ഷരതയും പൊതുവെയുള്ള മൂല്യശോഷണവും വിഭാഗീയതയും പ്രശ്നങ്ങളായി അവശേഷിക്കുന്നു.

ജനങ്ങളിൽ ആത്മവിശ്വാസവും പ്രയത്നശീലവും ഉണർത്തുകയാണ് ഇതിനുള്ള പരിഹാരം. അതിന് ആദ്യം നമ്മുടെ സംസ്കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമുള്ള അറിവും അഭിമാനവും ജനങ്ങളിൽ വളരണം. ഋഷിമാരുടെ നാടാണ് ഭാരതം. ലോകത്തിനു മുഴുവൻ നന്മയും ശ്രേയസ്സും നൽകുന്ന സംസ്കാരമാണ് അവർ നമുക്കുനൽകിയത്. ഉന്നതമായ തത്ത്വദർശനവും മഹത്തായ മാനുഷികമൂല്യങ്ങളും ആ സംസ്കാരത്തിന്റെ മുഖമുദ്രയാണ്. സർവചരാചരങ്ങളെയും ഈശ്വരതുല്യം ആദരിക്കാനും സ്നേഹിക്കാനും സേവിക്കാനും അതുനമ്മെ പഠിപ്പിച്ചു. നമുക്ക് വ്യത്യസ്തങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും വീക്ഷണങ്ങളുമുണ്ടാകാം. എന്നാൽ അവയെല്ലാം നിലനിൽക്കുമ്പോൾത്തന്നെ അതിനെയെല്ലാം വിലയിപ്പിക്കാൻകഴിയുന്ന ഒരു ഏകതയെ, രാഷ്ട്രബോധത്തെ ഉള്ളിലുണർത്താൻ നമുക്കു കഴിയണം. രാജ്യത്തിന്റെ സംസ്കാരം തന്നെയാണ് ആ ഏകതയ്ക്ക് അടിസ്ഥാനം.

ഒരു കഥ ഓർക്കുകയാണ്. വൈദേശിക ഭരണകർത്താക്കളുടെ ക്രൂരമായ പീഡനത്തിനിരയായ ഒരു രാജ്യത്തെ ജനങ്ങൾ അഭയാർഥികളായി ഭാരതത്തിലെ ഒരു നാട്ടുരാജ്യത്തെത്തി. അവരെ സ്വീകരിച്ചിരുത്തിയ രാജാവ് ഒരു വെള്ളിപ്പാത്രം നിറഞ്ഞുതുളുമ്പുംവിധം പാൽനിറച്ച് അവർക്ക് നല്കിക്കൊണ്ടു പറഞ്ഞു, ‘‘ഇതു ഞങ്ങളുടെ രാജ്യത്തിന്റെ പ്രതീകമാണ്. ഇവിടെ എങ്ങനെ നിങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്നു പറയൂ.’’ അപ്പോൾ അഭയാർഥികളുടെ നേതാവ് പാൽപ്പാത്രത്തിൽ ഒരു കരണ്ടി പഞ്ചസാരയിട്ടു. അത് ഉടൻ തന്നെ പാലിൽ ലയിച്ചുചേർന്നു. ഒരു തുള്ളി പാൽപോലും തുളുമ്പിയില്ല. തങ്ങൾക്ക് അഭയംനല്കുന്ന രാജ്യത്ത് അല്പംപോലും അസ്വസ്ഥത സൃഷ്ടിക്കാതെ, അവിടത്തെ ജനങ്ങളുടെ ജീവിതത്തിന് ആനന്ദവും മാധുര്യവും പകർന്നുകൊണ്ട് ജീവിച്ചുകൊള്ളാം എന്നായിരുന്നു അതിന്റെ പൊരുൾ. അതു മനസ്സിലാക്കിയ രാജാവ് അഭയാർഥികൾക്ക് തന്റെ രാജ്യത്ത് സസുഖം കഴിയുന്നതിന് ആവശ്യമായ സ്ഥലവും സമ്പത്തും നല്കി.

ആനയുടെ കാല്പാടിൽ മറ്റേതൊരു മൃഗത്തിന്റെ കാല്പാടും അടങ്ങുന്നതുപോലെ വ്യത്യസ്ത വീക്ഷണങ്ങളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളാനുള്ള വിശാലത ഭാരതസംസ്കാരത്തിനുണ്ട്. ആ പൈതൃകത്തെക്കുറിച്ചുള്ള അഭിമാനം നമ്മിൽ ഉണർത്തിയാൽ എല്ലാ വിഭാഗീയചിന്തകളെയും മൂല്യശോഷണത്തെയും ദാരിദ്ര്യത്തെയും നമുക്കു ജയിക്കാൻകഴിയും. അതോടൊപ്പം എവിടെനിന്നും നന്മയെ ഉൾക്കൊള്ളാനും തിന്മയെ എവിടെക്കണ്ടാലും തിരസ്കരിക്കാനും നമുക്കുസാധിക്കും. നമ്മുടെ സംസ്കാരവും ജനിച്ച നാടും നമുക്കമ്മയാണ്. ആ സംസ്കാരവുമായുള്ള ബന്ധം നഷ്ടപ്പെട്ടാൽ നാം നൂലുപൊട്ടിയ പട്ടങ്ങൾപോലെയാകും. ആ സംസ്കാരത്തെ ഉൾക്കൊണ്ടു ജീവിച്ചാൽ ശാന്തിയും ഐശ്വര്യവുംപുലരുന്ന ഒരു രാഷ്ട്രവും ഒരു ലോകവും പടുത്തുയർത്താൻ നമുക്കു കഴിയും.
-അമ്മ.