മക്കളേ,
ഈശ്വരൻ നമ്മളിൽത്തന്നെയാണ്, നമ്മളിൽ നിന്നു ഭിന്നമല്ല എന്നു ശാസ്ത്രം പറയുന്നു. അങ്ങനെയെങ്കിൽ ഗുരുവെന്തിനാണ്? എന്നു ചിലർ ചോദിക്കാറുണ്ട്. ഈശ്വരൻ നമ്മളിൽത്തന്നെയാണ്. എന്നാൽ ഈശ്വരനെ അനുഭവിച്ചറിയണമെങ്കിൽ ഒരു ഗുരുവിനെ സമാശ്രയിച്ച് നമ്മളിലെ അഹങ്കാരത്തെ ഇല്ലാതാക്കണം.
ഗാഢനിദ്രയിൽ കഴിയുന്ന ആളിനെ ഉണർത്തണമെങ്കിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ വേണം. തീ കൊളുത്തിപ്പിടിക്കാനുള്ള ഘടകങ്ങൾ തിരിയിലുണ്ടെങ്കിലും അതിൽ തീ കൊളു ത്തണമെങ്കിൽ കത്തുന്ന മറ്റൊരു തിരിയുടെ ആവശ്യമുണ്ട്. അതുപോലെ നമ്മുടെയുള്ളിൽത്തന്നെയുള്ള ഈശ്വരനെ അറിയുന്നതിനും ജ്ഞാനിയായ ഒരു ഗുരുവിന്റെ സഹായം ആവശ്യമാണ്. കിണർ കുഴിക്കുമ്പോൾ ചിലയിടത്ത് എത്രകുഴിച്ചാലും വെള്ളംകിട്ടില്ല. എന്നാൽ നദിയുടെ സമീപപ്രദേശങ്ങളിൽ അല്പം കുഴിച്ചാൽത്തന്നെ വെള്ളംകിട്ടും. അതുപോലെ ഗുരുസാമീപ്യത്തിൽ ശിഷ്യന്റെ ഉള്ളിലെ നല്ലഗുണങ്ങളും കഴിവുകളും വേഗം പ്രകടമാകുന്നു.
ശിഷ്യന്റെ അലസത മാറ്റാനും വാസനകളെ അതിജീവിക്കാൻ അവനെ പ്രാപ്തനാക്കാനുമായി ഗുരു പല സാഹചര്യങ്ങളും സൃഷ്ടിക്കും. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും തീർഥയാത്രകഴിഞ്ഞ് ആശ്രമത്തിലേക്ക് മടങ്ങുകയായിരുന്നു. യാത്രാമധ്യേ ശിഷ്യൻ പറഞ്ഞു, ‘‘ഗുരോ! എനിക്കിനി ഒരടി മുന്നോട്ടുവെക്കാൻ കഴിയില്ല. ഞാൻ കുറച്ചുനേരം ഈ ആൽച്ചുവട്ടിൽ വിശ്രമിക്കട്ടെ.’’ ഗുരു ഏറെ നിർബന്ധിച്ചെങ്കിലും ശിഷ്യൻ കൂടെ ചെന്നില്ല. ഗുരു ഒറ്റയ്ക്ക് യാത്രതുടർന്നു. വഴിയരികിൽ ഒരു പാടത്ത് കുറച്ചുപേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. അടുത്തുതന്നെ അവരുടെ കുട്ടികൾ കളിക്കുന്നു. ഒരു കൊച്ചുകുഞ്ഞ് നിലത്ത് കിടന്നുറങ്ങുന്നു. ഗുരു ആരുമറിയാതെ ആ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി മരച്ചുവട്ടിൽ ഉറങ്ങുകയായിരുന്ന ശിഷ്യന്റെ അടുത്തുകിടത്തി.എന്നിട്ട് ഗുരു ഒരിടത്ത് മറഞ്ഞുനിന്നു. കുഞ്ഞിനെ കാണാനില്ലെന്നറിഞ്ഞ് പാടത്ത് ആകെ ബഹളമായി. കുഞ്ഞിനെ അന്വേഷിച്ച് എല്ലാവരും ഓടിവന്നപ്പോൾ ബഹളം കേട്ട് ശിഷ്യൻ ഉറക്കത്തിൽനിന്ന് ഉണർന്നിരുന്നു. ‘നീയാണോടാ ഞങ്ങളുടെ കുഞ്ഞിനെ കൊണ്ടുപോയത്?’ എന്ന് ചോദിച്ചുകൊണ്ട് അവർ ശിഷ്യനെ തല്ലാനൊരുങ്ങി. അതു കണ്ടതും ശിഷ്യൻ ചാടി എഴുന്നേറ്റ് അതിവേഗം ഓടി ആശ്രമത്തിലെത്തി. ഗുരു പതുക്കെ നടന്ന് ആശ്രമത്തിൽ തിരിച്ചെത്തിയപ്പോൾ ശിഷ്യൻ തളർന്ന് കിടന്നുറങ്ങുന്നു. ഗുരു ചോദിച്ചു, ‘‘ഒരു ചുവട് മുന്നോട്ടുവെക്കാൻ കഴിയില്ലെന്നുപറഞ്ഞ നീ എന്നെക്കാൾ മുമ്പേ ഇവിടെ എത്തിയല്ലോ.’’ ഗുരുവിന്റെ വാക്ക് അനുസരിക്കാൻ ശിഷ്യൻ വിമുഖതകാട്ടുമ്പോൾ, ശിഷ്യനെ നേർവഴിക്കു കൊണ്ടുവരാൻ ഏതു മാർഗവും ഗുരു സ്വീകരിക്കും. ഇന്നു നമ്മൾ മനസ്സിനും ഇന്ദ്രിയങ്ങൾക്കും അടിമയാണ്. എന്നാൽ, ഗുരുവിന്റെ നിർദ്ദേങ്ങൾക്കൊത്തു നീങ്ങിയാൽ നമ്മൾ എന്നന്നേക്കുമായി ഈ അടിമത്ത്വത്തിൽനിന്ന് സ്വതന്ത്രരാകും.
-അമ്മ
(അമ്മയുടെ ഗുരുപൂർണ്ണിമ സന്ദേശത്തിൽ നിന്ന് 2016 )