ചോദ്യം : അമ്മ ചെറുപ്പത്തിൽ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ളതായി പലരും പറഞ്ഞു കേട്ടു. കഷ്ടതയനുഭവിക്കുന്നവരെ ഇന്നു കാണുമ്പോൾ, ആ പഴയ കാലം ഓർക്കാറുണ്ടോ?

അമ്മ: ആരുടെ ജീവിതത്തിലാണു കഷ്ടപ്പാടുകൾ ഇല്ലാതിരുന്നിട്ടുള്ളതു്? അമ്മയ്ക്കു ചെറുപ്പത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു എന്നതു ശരിയാണു്. എന്നാൽ അതൊന്നും ഒരു കഷ്ടപ്പാടായി തോന്നിയിരുന്നില്ല.

ദമയന്തിയമ്മയ്ക്കു സുഖമില്ലായിരുന്നു. ഒരു ജോലിയും ചെയ്യാൻ കഴിയില്ല. ആ സാഹചര്യത്തിൽ ഒരാളുടെ പഠിത്തം മുടങ്ങിയാലും മറ്റു സഹോദരങ്ങൾക്കു വിദ്യാഭ്യാസം തുടരാൻ കഴിയുമല്ലോ എന്നു് അമ്മ ആശ്വസിച്ചു. അമ്മയ്ക്കു വീട്ടുജോലികളുടെ മുഴുവൻ ഭാരവും വഹിക്കേണ്ടി വന്നു; പഠനം നിർത്തേണ്ടി വന്നു. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സഹോദരങ്ങൾക്കു ഭക്ഷണം തയ്യാറാക്കി പൊതികെട്ടി കൊടുക്കണം, വസ്ത്രം അലക്കിക്കൊടുക്കണം. പശു, ആടു്, താറാവു്, കോഴി മുതലായവയുടെ എല്ലാ കാര്യങ്ങളും നോക്കണം. ദമയന്തിയമ്മയെ ശുശ്രൂഷിക്കണം. പശുവിനുള്ള പുല്ലു കൊണ്ടുവരാൻ പോകണം. അങ്ങനെ രാവിലെ നാലുമണി മുതൽ പാതിരാവാകുന്നതുവരെ ഓരോതരം ജോലിയുണ്ടു്. ഇതെല്ലാം കാരണം കഷ്ടത എന്തെന്നു ചെറുപ്പത്തിൽതന്നെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. പശുവിനു കൊടുക്കാനുള്ള ചീനിത്തൊലി ശേഖരിക്കുന്നതിനായി പത്തിരുപതു വീടുകളിൽ പോകണം. ഒരു വീട്ടിൽ ചെല്ലുമ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. അടുത്ത വീട്ടിൽ ചെല്ലുമ്പോൾ അവിടെ കഴിക്കാൻ ഒന്നും ഇല്ല. വെറും പട്ടിണി. കുട്ടികൾ വിശന്നു തളർന്നു കിടക്കുന്നു.

ഒരിടത്തു കുട്ടികൾ പ്രാർത്ഥിക്കുന്നു, ‘അമ്മയ്ക്കു ദീർഘായുസ്സു കിട്ടണേ’ എന്നു്. മറ്റൊരു വീട്ടിൽ ചെന്നാൽ മുത്തശ്ശിക്കു പറയാനുള്ളതു കഷ്ടപ്പാടിന്‍റെയും അവഗണനയുടെയും കഥ മാത്രം, ‘ആരും എന്നെ നോക്കുന്നില്ല. ഭക്ഷണം നായ്ക്കൾക്കു കൊടുക്കുന്നതുപോലെയാണു തരുന്നതു്. വസ്ത്രം കഴുകിത്തരാൻ ആരുമില്ല. എല്ലാവരുടെയും ആട്ടും തല്ലും മാത്രമേയുള്ളൂ.’ ജീവിതകാലം മുഴുവൻ മക്കൾക്കു വേണ്ടി കഷ്ടപ്പെട്ടു. അവർക്കു വേണ്ടി അദ്ധ്വാനിച്ചു് ആരോഗ്യം നഷ്ടമായി. എന്നാൽ വാർദ്ധക്യത്തിലെത്തി അവശരായി കിടക്കുമ്പോൾ സഹായത്തിനാരുമില്ല. ഒരിറ്റു വെള്ളം നല്കാൻ ആരുമില്ല. അവരുടെ കഷ്ടത കണ്ടിട്ടു്, അമ്മ ഭക്ഷണം വീട്ടിൽനിന്നും എടുത്തു കൊണ്ടുചെന്നു കൊടുക്കും. പല മുത്തശ്ശിമാരുടെയും കാര്യം ഇതുപോലെതന്നെ.

അച്ഛനമ്മമാരുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിച്ച മക്കൾക്കു്, പിന്നീടു് കുടുംബവും ബാദ്ധ്യതയും വന്നു ചേർന്നാൽ, പിന്നെ പ്രായംചെന്ന അവർ ഒരു ശല്യമാണു്. എങ്ങിനെയും ഒഴിവായി കിട്ടിയാൽ മതി എന്നാണു്. എന്തെങ്കിലും കിട്ടാനുണ്ടെങ്കിലല്ലേ അവർക്കു സ്‌നേഹം വരൂ. പശുവിനെ സ്‌നേഹിക്കുന്നതു പാലിനു വേണ്ടിയാണു്. പാലില്ലെങ്കിൽ പശുവിനെ തള്ളും. ലോകത്തിലെ സ്‌നേഹമെല്ലാം സ്വാർത്ഥതയ്ക്കു വേണ്ടിയാണു് എന്നു മനസ്സിലായി. വീടിനടുത്തു് ഒരു കുളമുണ്ടായിരുന്നു. അമ്മ വയസ്സായ തള്ളമാരെ അവിടെ കൂട്ടിക്കൊണ്ടുവന്നു കുളിപ്പിക്കും, വസ്ത്രം നനച്ചു കൊടുക്കും. വിശന്നു കരയുന്ന കുട്ടികളെ എടുത്തു കൊണ്ടുവന്നു വീട്ടിൽനിന്നും ഭക്ഷണം കൊടുക്കും. ഇതൊന്നും അച്ഛനു് ഇഷ്ടമല്ലായിരുന്നു, ”നീ എന്തിനാണു് ഈ മൂക്കൊലിപ്പിച്ചുകൊണ്ടു നടക്കുന്ന കണ്ണിൽ കണ്ട പിള്ളാരെ എടുത്തു കൊണ്ടുവരുന്നതു്” എന്നും പറഞ്ഞു വഴക്കു പറയും.

ഈ കഷ്ടതകൾ ഒക്കെ നേരിൽ കാണാൻ കഴിഞ്ഞതിലൂടെ ജനങ്ങളുടെ ജീവിതം പഠിക്കാൻ സാധിച്ചു. ആശുപത്രിയിൽ ചെന്നാൽ, രോഗിയുടെ പേരും വയസ്സും മറ്റും എഴുതി ചീട്ടു വാങ്ങണം. മരുന്നിനു കുറിപ്പെഴുതി കിട്ടിയാൽതന്നെ വാങ്ങാൻ പണം എവിടെ? എന്തിനു്, കുറിപ്പെഴുതുവാനുള്ള ചീട്ടിനുപോലും പൈസയില്ലാതെ വിഷമിക്കുന്ന സാധുക്കളെ അമ്മ കണ്ടിട്ടുണ്ടു്. അന്നന്നു ജോലിക്കുപോയി, കിട്ടുന്ന പൈസകൊണ്ടു കഷ്ടിച്ചു് ഓരോ ദിവസവും തള്ളി നീക്കുന്നവരാണു് ഇവിടത്തുകാർ. ഒരു ദിവസം ജോലിക്കു പോയില്ലെങ്കിൽ കുടുംബം മുഴുപ്പട്ടിണിയിൽതന്നെ. ഒരു ദിവസം രോഗം വന്നു്, കിടപ്പായാൽ മരുന്നിനും പണമില്ല ആഹാരത്തിനും പണമില്ല. ഗുളിക വാങ്ങാൻ പണമില്ലാതെ വേദന കൊണ്ടു പുളയുന്നവരെ കാണാം. ഒരു ഗുളിക കഴിച്ചാൽ മതി. ഏതാനും മിനിട്ടുകൾകൊണ്ടു വേദന മാറും. എന്നാൽ അതിനുപോലും പണമില്ല. അതുകൊണ്ടു ദിവസം മുഴുവൻ വേദനകൊണ്ടു കിടന്നു പിടയുന്നു.

പരീക്ഷയ്ക്കു പേപ്പറു വാങ്ങാൻ പൈസയില്ലാതെ എത്രയോ കുട്ടികൾ കരയുന്നതു കണ്ടിട്ടുണ്ടു്. ഉടുപ്പിന്‍റെ ബട്ടൺ പോയിട്ടു പകരം വാങ്ങിവയ്ക്കാൻ പൈസയില്ലാത്തതിനാൽ മുള്ളുകുത്തിക്കൊണ്ടാണു പലരും സ്‌കൂളിൽ പോകുന്നതു്. ഈ കഷ്ടതകളൊക്കെ നേരിൽ കാണാനും കേൾക്കാനും അനുഭവിക്കാനും അമ്മയ്ക്കു ചെറുപ്പത്തിൽ കഴിഞ്ഞിരുന്നു. ലോകത്തിന്‍റെ സ്വഭാവം അറിയാൻ കഴിഞ്ഞു. എന്നിലേക്കു നോക്കാൻ അതു പ്രേരണ നല്കി. ലോകത്തിലുള്ളതെല്ലാം എന്‍റെ ഗുരുവായി മാറി. ഒരു ഉറുമ്പാണെങ്കിലും അതെന്‍റെ ഗുരുവാണു്. അന്നു് അവരോടൊപ്പം വിഷമതകൾ പങ്കിട്ടതുകൊണ്ടു് ഇന്നും സാധുക്കളെ കാണുമ്പോൾ, പറയാതെതന്നെ അവരുടെ വേദനകൾ അമ്മയ്ക്കു മനസ്സിലാക്കാൻ പറ്റുന്നു. ഇന്നു്, ഇതേപോലെ കഷ്ടതകകൾ അനുഭവിക്കുന്ന എത്രയോ ആളുകളാണു് അമ്മയെ കാണാൻ വരുന്നതു്. സമ്പത്തുള്ള മക്കൾ വിചാരിച്ചാൽ ഈ സാധുക്കളുടെ കഷ്ടപ്പാടുകൾ ഒരളവുവരെ പരിഹരിക്കാൻ കഴിയും. ഇവിടെ വരുന്ന പണക്കാരു മക്കളോടു് അമ്മ ഇതാവർത്തിച്ചു പറയാറുണ്ടു്.