ചോദ്യം : മറ്റുള്ളവർ തൊട്ടാൽ ശക്തി നഷ്ടമാകും എന്നും മറ്റും ചിലർ പറയാറുണ്ടല്ലോ. ഇതു് എത്രമാത്രം ശരിയാണു്?

അമ്മ: ‘ഞാൻ ബാറ്ററി’ എന്നു ചിന്തിക്കുമ്പോൾ ശക്തി നഷ്ടമാകാം. എന്നാൽ കറന്‍റിനോടു ബന്ധിപ്പിച്ചിരിക്കുകയാണെങ്കിൽ ശക്തി ഒരിക്കലും നഷ്ടമാകുന്നില്ല.

അതുപോലെ ഞാൻ എന്ന ഭാവത്തിൽ കഴിയുമ്പോൾ നമ്മുടെ ശക്തി നഷ്ടമാകും. ഉപയോഗിക്കുന്തോറും ഒരു ബാറ്ററിയുടെ ശക്തി നഷ്ടമാകുന്നു. കാരണം അതിൽ പരിമിതമായ ശക്തിയേ ശേഖരിച്ചിട്ടുള്ളൂ. മറിച്ചു്, കറന്‍റിനോടു് ഈശ്വരനോടു് ബന്ധിച്ചിരിക്കുകയാണെങ്കിൽ, ശക്തി എങ്ങനെ നഷ്ടമാകാനാണു്? പൂർണ്ണത്തിൽനിന്നു പൂർണ്ണമല്ലേ ഉണ്ടാവുകയുള്ളൂ. ഒരു തിരിയിൽനിന്നു് ആയിരം തിരികൾ കത്തിച്ചാലും, ആദ്യത്തെ തിരിയുടെ ശോഭയ്ക്കു് ഒരു കുറവും സംഭവിക്കില്ല.

പിന്നെ, ശക്തി ക്ഷയിക്കുകയെന്നതു് ഒരു സാധകനെ സംബന്ധിച്ചു്, ശരിയാണു്. അവൻ വളരെ ശ്രദ്ധിക്കണം. അഭ്യാസകാലത്തു് ഓരോ ചുവടു വയ്ക്കുമ്പോഴും ശ്രദ്ധിക്കണം. കാരണം അവൻ ഇപ്പോഴും ശരീരമനോബുദ്ധിതലത്തിലാണു്. ശരീരമനോബുദ്ധിതലത്തിൽ നില്ക്കുമ്പോൾ എല്ലാത്തിലും ശ്രദ്ധ വേണം. മനസ്സു് സ്വന്തം കൈയിൽ കിട്ടുന്നതുവരെയും സ്വന്തം അധീനതയിലാകുന്നതുവരെയും യമനിയമങ്ങൾ എല്ലാം പാലിച്ചു നീങ്ങേണ്ടതാവശ്യമാണു്. പിന്നീടു് നമ്മളെ ഒരാൾ തൊട്ടെന്നു കരുതി ഭയക്കേണ്ട കാര്യമില്ല. തൊടുന്നതു ജനങ്ങളല്ലെ, അവരെ ഈശ്വരനായിട്ടു കണ്ടാൽ മതി. അപ്പോൾ ശക്തി നഷ്ടമാവുകയല്ല, നേടുകയാണു ചെയ്യുന്നതു്.