ചോദ്യം : അമ്മയുടെ ആശ്രമത്തിൽ ഭക്തിക്കാണോ പ്രാധാന്യം? ഈ പ്രാർത്ഥനയും മറ്റും കാണുമ്പോൾ ഒരു ‘ഷോ’പോലെ തോന്നുന്നു.

അമ്മ: മോനു് ഒരു കാമുകി ഉണ്ടെന്നു കരുതുക, ആ കാമുകിയോടു സംസാരിക്കുന്നതു മോനു് ഒരു ‘ഷോ’ ആകുമോ? ശരിയായ സ്‌നേഹമുണ്ടെങ്കിൽ ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. എന്നാൽ മറ്റൊരുവനു് അതൊരു ‘ഷോ’ ആയി തോന്നാം. ഇതുപോലെയാണു് ഇവിടെയും.

ഞങ്ങൾക്കു് ഇതൊരിക്കലും ഒരു ‘ഷോ’ അല്ല. ഞങ്ങൾക്കു് അവിടുത്തോടുള്ള ബന്ധമാണു പ്രാർത്ഥന. പ്രാർത്ഥനയുടെ ഓരോ നിമിഷവും ഞങ്ങൾ അനുഭവിക്കുന്നതു് ആനന്ദമാണു്. കാമുകൻ കാമുകിയോടു സംസാരിച്ചാലും കാമുകി കാമുകനോടു സംസാരിച്ചാലും അവർക്കതിൽ ആനന്ദമാണു്. അസംതൃപ്തി തോന്നുകയില്ല. എത്ര മണിക്കൂറായാലും വിരസത അനുഭവപ്പെടില്ല. ഇതുപോലെയുള്ള ഒരു ആസ്വാദനമാണു പ്രാർത്ഥനയിലൂടെ ലഭിക്കുന്നതു്. പ്രാർത്ഥന എന്നതു ശരിക്കും ഉള്ളിലെ കാമുകിയുമായുള്ള സംഭാഷണമാണു്. ‘നീ ആത്മാവാണു്, നീ ഒരിക്കലും ദുഃഖിക്കേണ്ടവനല്ല, നീ ജീവാത്മാവല്ല, പരമാത്മാവുതന്നെ. നിന്റെ സ്വരൂപം ആനന്ദമാണു്.’ ഇതാണു പ്രാർത്ഥനയുടെ അർത്ഥം, അല്ലാതെ വെറും പാഴ്‌വാക്കുകളല്ല ശരിയായ പ്രാർത്ഥന.

പ്രാർത്ഥനയും നാമസങ്കീർത്തനവുമാണു മോൻ ഭക്തി എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതെങ്കിൽ അതു് എല്ലാ മതങ്ങളിലും കാണുവാൻ കഴിയും. മുസ്ലീംമതത്തിൽ പ്രാർത്ഥനയുണ്ടു്, നിസ്‌കാരമുണ്ടു്. അവർ മെക്കയെ ലക്ഷ്യമാക്കിയല്ലേ, നിസ്‌കരിക്കുന്നതു്? ക്രിസ്തുമതത്തിലും പ്രാർത്ഥനയുണ്ടു്. അവർ ക്രിസ്തുരൂപത്തിനു മുന്നിലോ, കത്തിച്ച മെഴുകുതിരിക്കു മുന്നിലോ ആണു പ്രാർത്ഥിക്കുന്നതു്. ജൈനമതത്തിലും, ബുദ്ധമതത്തിലും, ഹിന്ദുമതത്തിലും പ്രാർത്ഥനയുണ്ടു്. ഈ മതങ്ങളിലെല്ലാം ഗുരുശിഷ്യബന്ധവുമുണ്ടു്. പരമ്പരയാ പ്രവാചകരെ കാണുന്നുണ്ടു്. അതുതന്നെ ഭക്തിയല്ലെ? ശാസ്ത്രങ്ങൾ പഠിച്ചവർ വേദാന്തതത്ത്വങ്ങൾ മനനം ചെയ്തു മുന്നോട്ടു പോകുന്നു. ഇതിനു കഴിയുന്നതു് അതിനോടുള്ള ഭക്തികൊണ്ടല്ലേ? മോനേ, സകലരിലും ഈശ്വരനെ ദർശിക്കുന്നതാണു്, സകലരോടുമുള്ള ആദരവാണു ശരിയായ ഭക്തി. അത്തരം ഒരു മനസ്സിനെ സമ്പാദിക്കണം. അതിനുവേണ്ടി മനസ്സിനെ ഉദ്ധരിച്ചെടുക്കുകയാണു വേണ്ടതു്.

ഇവിടെ ഈശ്വരനായി കാണുന്നതു സ്വർഗ്ഗത്തിൽ വസിക്കുന്ന ഒരു ഈശ്വരനെയല്ല. ഈശ്വരചൈതന്യം സർവ്വവ്യാപ്തമാണു്. അവിടുത്തെ അറിയുക എന്നതാണു മുഖ്യം. ശ്രവണമനനനിദിദ്ധ്യാസനങ്ങളുടെ ലക്ഷ്യവും ആ പരമാത്മസ്വരൂപത്തെ അറിയുക എന്നതാണു്, അതിനുള്ള ഒരു സാധനയാണു ഭക്തി. പല ദിക്കുകളിൽ അലഞ്ഞു തിരിയുന്ന മനസ്സിനെ അന്തർമുഖമാക്കുക എന്നതു് എല്ലാവർക്കും അത്ര എളുപ്പമല്ല. ശാസ്ത്രമെല്ലാം പഠിച്ചവർക്കു ‘നേതി, നേതി’ മാർഗ്ഗം ഇഷ്ടപ്പെട്ടേക്കാം. എന്നാൽ ശാസ്ത്രമൊന്നും പഠിക്കാത്ത സാധാരണക്കാരായ എത്രയോ ജനങ്ങൾ ഉണ്ടു്. അവർക്കും ആത്മസ്വരൂപത്തെ അറിയേണ്ടേ? ചിലർക്കു രോഗത്തിനു കുത്തിവച്ചാൽ അലർജിയാകും. മരണംതന്നെ സംഭവിക്കാം. അവർക്കു രോഗം മാറണമെങ്കിൽ ഗുളിക കൊടുക്കണം. അവരുടെ ശരീരപ്രകൃതത്തിനു് അതേ പറ്റുകയുള്ളു. അതുപോലെ ഓരോരുത്തരുടെയും സംസ്‌കാരമനുസരിച്ചുള്ള സാധനാക്രമങ്ങളാണു് ഇവിടെ നിർദ്ദേശിച്ചിരിക്കുന്നതു്. ഇന്നതാണു് ഇവിടെ മുഖ്യം എന്നു പറയുവാൻ പറ്റില്ല. ചെയ്യുന്നതൊക്കെയും ജനങ്ങളുടെ നന്മയെ മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നു പറയാം.

നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നതുകൊണ്ടാണു് അക്കരെ ഇക്കരെ എന്നു പറയുന്നതു്, രണ്ടു കരയുള്ളതായി തോന്നുന്നതു്. വെള്ളം വറ്റിയാൽ എല്ലാം ഒരേ മണൽപ്പരപ്പുതന്നെ. എല്ലാം ഒന്നു തന്നെ. അതുപോലെ നമ്മളിൽ വ്യക്തിബോധം നിലനില്ക്കുന്നതു കൊണ്ടാണു ഞാനും നീയും വരുന്നതു്. അതു നഷ്ടമായാൽ എല്ലാം ഒന്നുതന്നെ. എല്ലാം പൂർണ്ണംതന്നെ. ‘നേതി, നേതി’ മാർഗ്ഗം പോലെ ഭക്തിയിലൂടെയും നാം ആത്മാനുഭവത്തിൽതന്നെയാണു് എത്തുന്നതു്. ഒരു കുട്ടി രോഗമായി കിടക്കുന്ന അച്ഛനു മരുന്നും കൊണ്ടു വരികയാണു്. മുറിക്കടുത്തു് എത്തിയപ്പോഴേക്കും കറന്റുപോയി. ഒന്നും കാണാൻ വയ്യ. കുട്ടി ഭിത്തിയിൽ തപ്പി, ഇതല്ല. വാതിലിൽ തപ്പി, ഇതല്ല. മേശയിൽ തപ്പി, ഇതല്ല. കട്ടിലിൽ തപ്പി, ഇതല്ല. അവസാനം അച്ഛനെ തൊട്ടു. ‘ങാ അച്ഛൻ’. ഇതല്ല, ഇതല്ല എന്നു പറഞ്ഞുപറഞ്ഞു്, അവസാനം അച്ഛനെ കണ്ടെത്തുന്നു. ഇതുപോലെ തന്നെയാണു ഭക്തിയിലും. ഭഗവാനെയല്ലാതെ ഭക്തൻ യാതൊന്നും സ്വീകരിക്കുന്നില്ല. ഭഗവാൻ എന്ന ഒരേ ചിന്ത മാത്രം. ‘ഞാൻ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല, ആത്മാവാണു്. ശരീരമനസ്സുകൾ സുഖദുഃഖങ്ങൾക്കു കാരണമാണു്’ എന്നു് ഒരു കൂട്ടർ പറയുമ്പോൾ, മറ്റവർ ‘ഞാനീശ്വരന്റെതാണു്, എനിക്കു് അവിടുത്തെ മാത്രംമതി. എല്ലാമായിത്തീർന്നിരിക്കുന്നതു് അവിടുന്നാണു്’ എന്നു പറയുന്നു. ഇതു മാത്രമാണു വ്യത്യാസം.

സർവ്വതും അവിടുന്നു മാത്രമാണെന്നു കാണാനുള്ള ഒരു കണ്ണിനെ വളർത്തിയെടുക്കുകയാണു ചെയ്യുന്നതു്. അതു ജീവിതമായി മാറണം. ‘എല്ലാം അവിടുന്നാണു്’ എന്നു കാണുവാൻ കഴിയണം. അതാണു യഥാർത്ഥ ഭക്തി. സർവ്വതിലും ദർശിക്കുന്നതു് അവിടുത്തെ മാത്രമാണു്. ഈ മാർഗ്ഗത്തിലൂടെയും നാം നമ്മെതന്നെ മറക്കുന്നു. നമ്മുടെ വ്യക്തിത്വം പാടെ നഷ്ടമാകുന്നു. ഭക്തിയിലൂടെ ആകാശത്തിനപ്പുറം ഇരിക്കുന്ന ഒരീശ്വരനെയല്ല തേടുന്നതു്. സർവ്വതിലും ഈശ്വരനെ ദർശിക്കുകയാണു ചെയ്യുന്നതു്. ഭക്തൻ ഈശ്വരനെ തേടി എങ്ങും അലയുന്നില്ല, അവന്റെ ഉള്ളിൽതന്നെ ഈശ്വരൻ പ്രകാശിക്കുന്നു. കാരണം, അവൻ ഈശ്വര ഭിന്നമായി യാതൊന്നും കാണുന്നില്ല. അതു സാക്ഷാത്കരിക്കാനാണു പ്രാർത്ഥന. പ്രാർത്ഥനയിലൂടെ ആ സത്യവസ്തുവിനെയാണു കീർത്തിക്കുന്നതു്. ശരീരമനോബുദ്ധിതലത്തിലുള്ള മനസ്സിനെ ആത്മതലത്തിലേക്കുയർത്തുകയാണു് ആവശ്യം.

നൂറു വാട്ടിന്റെ ബൾബു് അടുക്കളയിൽ തൂക്കിയിട്ടിരുന്നതു കാരണം, അതിൽ കരി പറ്റിപ്പിടിച്ചു. അവസാനം സീറോ വാട്ടു ബൾബിൽനിന്നുള്ള പ്രകാശംപോലുമില്ല. അതിലെ കരി തുടച്ചുനീക്കിയാൽ, വേണ്ട പ്രകാശം ലഭിക്കും. ഇതുപോലെ നമ്മിലെ മാലിന്യങ്ങളെ നീക്കുന്ന ഒരു ക്രിയയാണു സാധന. നമ്മളിലെ ഈശ്വരത്വത്തെ മറച്ചിരിക്കുന്ന മറകൾ നീക്കം ചെയ്താൽ നമ്മളിലെ അനന്തശക്തി നമുക്കനുഭവമാകും. നമ്മൾ ദുഃഖിക്കാൻ വേണ്ടി പിറന്നവരല്ല; ആനന്ദസ്വരൂപികളാണെന്നു് അറിയാൻ കഴിയും. പക്ഷേ, ഇതു വാക്കാൽ പറഞ്ഞിട്ടു കാര്യമില്ല, സാധന വേണം. നീന്താൻ എല്ലാവർക്കും ശേഷിയുണ്ടെങ്കിലും വെള്ളത്തിലിറങ്ങി അഭ്യാസം ചെയ്താലെ ആ കഴിവു സ്വായത്തമാകൂ. തന്നിലെ ഈശ്വരത്വത്തെ ഉണർത്താനുള്ള മാർഗ്ഗമാണു ഭക്തിയും പ്രാർത്ഥനയും.