(തുടർച്ച…. )
അമ്മയുടെ ആശ്രമത്തിൽ സേവനത്തിനു വളരെയേറെ പ്രാധാന്യം നല്കുന്നുണ്ടല്ലോ. ശരിയായ ആത്മവിചാരത്തിനു കർമ്മം തടസ്സമല്ലേ?
അർജ്ജുനനോടു കൃഷ്ണൻ പറഞ്ഞതു്, ”അർജ്ജുനാ, എനിക്കു മൂന്നു ലോകത്തിലും നേടാനായി ഒന്നുമില്ല. എന്നാലും അർജ്ജുനാ, ഞാൻ കർമ്മം ചെയ്യുന്നു; ബന്ധമില്ലാത്ത കർമ്മം.” മക്കളേ, നിങ്ങളുടെ മനസ്സു് ശരീരതലത്തിൽ നില്ക്കുകയാണു്. അവിടെനിന്നും അതിനെ ഉദ്ധരിക്കേണ്ടതുണ്ടു്. നമ്മുടെ മനസ്സു് വിശ്വമനസ്സായിത്തീരണം. അതിനുള്ള മുളപൊട്ടിക്കുന്നതു ലോകത്തോടുള്ള കാരുണ്യമാണു്. വേദാന്തികൾ എന്നു് സ്വയം അഭിമാനിക്കുന്നവർക്കു താൻ മാത്രം ബ്രഹ്മവും മറ്റെല്ലാം മായയുമാണു്. എന്നാൽ ഈ ഭാവന അവർക്കു നിലനിർത്താൻ കഴിയുന്നുണ്ടോ? അതുമില്ല. കൃത്യം 12 മണിയാകുമ്പോൾ ഭക്ഷണം ഒരുക്കികൊടുക്കണം. രോഗം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകണം. അപ്പോൾ ആശുപത്രി മായയല്ല, അതാവശ്യമാണു്. ഭക്ഷണവും അവർക്കാവശ്യമാണു്. മറ്റുള്ളവരുടെ സേവനവും അവർക്കാവശ്യമാണു്. ഈ മായയും ശുദ്ധബോധവും പറയുന്നവർക്കു് ഇതൊക്കെ എങ്ങനെ ആവശ്യമാണോ, അതുപോലെ ലോകത്തിനും ഇതൊക്കെ ആവശ്യമാണെന്നു് അവർ ചിന്തിക്കണം. തനിക്കു് എല്ലാവരുടെയും സേവവേണം; എന്നാൽ ലോകത്തിനു സേവ ചെയ്യേണ്ട സമയം വരുമ്പോൾ ബ്രഹ്മവിചാരവും ഇതു മടിയന്മാരുടെ ലക്ഷണമാണു്.
ഈ ആശ്രമത്തിൽ എൻജിനീയർമാരുണ്ടു്, ഡോക്ടർമാരുണ്ടു്. എല്ലാവരും അവരവർക്കറിവുള്ള ജോലികൾ അവരവരുടെ കഴിവിനനുസരിച്ചു ചെയ്യുന്നു. ഒപ്പം, ധ്യാനിക്കുകയും ശാസ്ത്രം പഠിക്കുകയും എല്ലാം ചെയ്യുന്നുമുണ്ടു്. കർമ്മം ബന്ധമില്ലാതെ ചെയ്യാനാണു് അവർ പഠിക്കുന്നതു്. സ്വാർത്ഥതയും ശരീരാഭിമാനവും കളയാൻ ബന്ധമില്ലാത്ത കർമ്മം സഹായിക്കും. മമതയില്ലാതെ കർമ്മം ചെയ്യുമ്പോൾ അതു ബന്ധകാരണമല്ല, മുക്തിമാർഗ്ഗമാണു്. ഇവിടെ സ്വർഗ്ഗം വേണമെന്നാഗ്രഹിക്കുന്നവർ ആരും ഇല്ല. തൊണ്ണൂറു ശതമാനവും ലോകത്തെ സേവിക്കണമെന്നു് ആഗ്രഹിക്കുന്നവരാണു്. അവരുടെ പിന്നാലെ സ്വർഗ്ഗം ചെന്നാൽപോലും അവർ സ്വർഗ്ഗത്തോടു ‘റ്റാറ്റാ’ പറയും. കാരണം സ്വർഗ്ഗം അവരുടെ ഹൃദയത്തിലുണ്ടു്. പിന്നെ ഒരു സ്വർഗ്ഗത്തിലും പോകേണ്ട ആവശ്യം അവർക്കു വരുന്നില്ല. കാരുണ്യമുള്ള മനസ്സുതന്നെ അവരുടെ സ്വർഗ്ഗം. ഈ ഒരു ഭാവമാണു് ഇവിടെ കുഞ്ഞുങ്ങൾക്കു കൂടുതലുള്ളതു്.
പണ്ടുണ്ടായിരുന്ന പലരും, താൻ ശുദ്ധബോധമാണെന്നു പറഞ്ഞു കൊണ്ടു്, മാറിയിരുന്നതല്ലാതെ, ജനങ്ങളുടെ ഇടയിലേക്കിറങ്ങി പ്രവർത്തിക്കുവാൻ തയ്യാറായില്ല. അതുകാരണമാണു നമ്മുടെ സംസ്‌കാരം ഇത്രയും അധഃപതിച്ചതു്. അതിന്റെ ദുരിതമാണു് ഇന്നുള്ളവർ അനുഭവിക്കുന്നതു്. ഇനിയും നമ്മുടെ സംസ്‌കാരത്തെ നിർവീര്യമാക്കണമെന്നാണോ പറയുന്നതു്. അദ്വൈതം ജീവിതമാണെന്നാണു ഞങ്ങൾ പഠിച്ചിട്ടുള്ളതു്. തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന അവസ്ഥയാണതു്. കുരുക്ഷേത്രയുദ്ധത്തിന്റെ അർത്ഥം എന്താണു്? അനേകം പാറക്കല്ലുകൾ മിഷ്യനിലിട്ടു് ഒന്നിച്ചു കറക്കിയാൽ, അതിന്റെ കൂർത്തമുനകൾ നഷ്ടമായി, മിനുസമുള്ളതായിത്തീരുന്നു. അതുപോലെ ലോക സേവനകർമ്മം ചെയ്യുന്നതിലൂടെ നമ്മുടെ വ്യക്തിമനസ്സു് വ്യാപ്ത ചൈതന്യവുമായി ഒന്നുചേരുന്നു. മനസ്സിന്റെ വൈരൂപ്യം മാറി ആത്മസ്വരൂപമായിത്തീരുന്നു. അതുകൊണ്ടാണു ഭഗവാൻ അർജ്ജുനനോടു യുദ്ധംചെയ്യാൻ പറഞ്ഞതു്. ഇതൊക്കെ പറഞ്ഞുകൊടുത്തു പഠിപ്പിക്കുന്നതിനെക്കാൾ പ്രവൃത്തിയിൽ കാട്ടിക്കൊടുത്താൽ മറ്റുള്ളവർക്കും എളുപ്പം ഉൾക്കൊള്ളുവാൻ കഴിയും. അതാണു് അമ്മയുടെ ലക്ഷ്യം.