അമ്മയുടെ ആശ്രമത്തിൽ സേവനത്തിനു വളരെയേറെ പ്രാധാന്യം നല്കുന്നുണ്ടല്ലോ. ശരിയായ ആത്മവിചാരത്തിനു കർമ്മം തടസ്സമല്ലേ?
അമ്മ: മുകളിലേക്കുള്ള പടികൾ കെട്ടിയിരിക്കുന്നതു സിമന്റും കട്ടയും ഉപയോഗിച്ചാണു്. മുകൾത്തട്ടു വാർത്തിരിക്കുന്നതും സിമന്റും കട്ടയും കൊണ്ടാണു്. മുകളിൽ എത്തിയാലേ അതും ഇതും തമ്മിൽ വ്യത്യാസമില്ലെന്നു് അറിയാൻ കഴിയൂ. മുകളിൽ കയറാൻ പടികൾ എങ്ങനെ ആവശ്യമായി വന്നുവോ, അതുപോലെ അവിടേക്കു് എത്തുവാൻ ഈ ഉപാധികൾ ആവശ്യമാണു്.
ഒരാൾ, കുറെ വസ്തുവും കൊട്ടാരം പോലുള്ള വീടും വാടകയ്ക്കു് എടുത്തിട്ടു്, അവിടുത്തെ രാജാവായി അഭിമാനിച്ചു കഴിഞ്ഞു. ഒരു സാധു അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ, താൻ രാജാവാണെന്ന ഭാവത്തിൽ വളരെ അഹങ്കാരത്തിൽ പെരുമാറി. ആ സാധു ചോദിച്ചു, ”നീ നിന്റെ മനസ്സാക്ഷിയോടു ചോദിക്കു്, വാസ്തവമെന്താണെന്നു്.” എല്ലാം വാടകയ്‌ക്കെടുത്തതാണു്, സ്വന്തമായി യാതൊന്നുമില്ല. എന്നാൽ ഭാവമോ എല്ലാം തന്റെ സ്വന്തമാണെന്നും. ഇതുപോലെയാണു് ഇന്നുള്ള മിക്കവരും. അനേകം പുസ്തകങ്ങൾ വായിച്ചിട്ടു്, കടപ്പുറത്തിരുന്നു കാക്ക കരയുന്നതുപോലെ, കരഞ്ഞുകൊണ്ടിരിക്കുന്നതല്ലാതെ ജീവിതവുമായി അതിനു യാതൊരു സാമ്യവും കാണാനില്ല. ശാസ്ത്രം അല്പമെങ്കിലും മനസ്സിലാക്കിയവർ തന്നെ സമീപിക്കുന്നവർക്കു് ഉയരാനുള്ള മാർഗ്ഗം ഉപദേശിക്കുക മാത്രമേ ചെയ്യുകയുള്ളൂ. തർക്കിച്ചു സമയംകളയില്ല. ഓരോ വ്യക്തിക്കും, അവന്റെ സംസ്‌കാരം അനുസരിച്ചുള്ള മാർഗ്ഗമാണാവശ്യം. അതിനാലാണു ഹിന്ദുമതത്തിൽ അനേകം മാർഗ്ഗങ്ങൾ വന്നതു്. ഓരോരുത്തരെയും അവരവരുടെ തലത്തിൽ ചെന്നു് ഉദ്ധരിച്ചു കൊണ്ടുവരുവാനുള്ള വഴികളാണവ. അദ്വൈതം കാണാതെ പഠിക്കുവാനുള്ളതല്ല, ജീവിക്കുവാനുള്ളതാണു്. എങ്കിലേ അതനുഭവമാകൂ.
ഇവിടെ, ചിലർ വേദാന്തിയാണെന്നവകാശപ്പെട്ടുകൊണ്ടു വരാറുണ്ടു്. തങ്ങൾ ശുദ്ധബോധമാണെന്നാണു് അവർ വാദിക്കാറുള്ളതു്. അവർ ചോദിക്കാറുണ്ടു്, ”ആത്മാവു് ഏതാത്മാവിനെ സേവിക്കാനാണു്? ആശ്രമങ്ങളിൽ എന്തിനാണു സേവനം? പഠനം മാത്രം പോരേ? എന്നും മറ്റും. പണ്ടുള്ള മഹാത്മാക്കൾ ഗൃഹസ്ഥാശ്രമം കഴിഞ്ഞാണു വാനപ്രസ്ഥത്തിനും സന്ന്യാസത്തിനും പോയിരുന്നതു്. അവരുടെ കർമ്മങ്ങൾ മിക്കതും കഴിഞ്ഞിരുന്നു. പിന്നീടു ചുരുങ്ങിയ നാളുകളേ അവർക്കുള്ളൂ. പക്ഷേ, അവർ ചെന്നിരുന്ന ഗുരു കുലങ്ങളിൽ കർമ്മം ഉണ്ടായിരുന്നു. നല്ല സമർപ്പണത്തോടെതന്നെ അവിടെയുള്ള വേദാന്തികളായ ശിഷ്യർ, വേദാന്തികളായ ഗുരുക്കന്മാരെ സേവിച്ചിരുന്നു. ശിഷ്യർ വിറകു ശേഖരിക്കാൻ പോയിരുന്നു. പശുവിനെ മേയ്ക്കാൻ പോയിരുന്നു. വയലിൽ വെള്ളം കയറുന്നതു തടയാൻ പോയ ആരുണിയുടെ കഥ കേട്ടിട്ടില്ലേ? വയലിലെ വരമ്പു മുറിഞ്ഞു വെള്ളം കയറുന്നതു തടയാൻ താൻതന്നെ, വരമ്പിനോടു ചേർന്നു കിടന്നു് ഒഴുക്കു തടഞ്ഞു. ഇതൊന്നും അവർക്കു വേദാന്തത്തിൽനിന്നു ഭിന്നമായി തോന്നിയില്ല. ഇതു വരമ്പല്ലേ, ഇതു ചെളിയല്ലേ, ഇതു വെള്ളമല്ലേ, ഞാൻ ആത്മാവല്ലേ എന്നൊന്നും അവർ ചിന്തിച്ചില്ല. അങ്ങനെയായിരുന്നു അന്നുള്ള ശിഷ്യന്മാർ. അന്നും കർമ്മയോഗം ഉണ്ടായിരുന്നു. അന്നു മൂന്നോ നാലോ ശിഷ്യരേ ഒരു ഗുരുവിന്റെകൂടെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ ആശ്രമത്തിൽ ആയിരത്തിനടുത്തു് അന്തേവാസികൾ ഉണ്ടു്. ഇവർക്കെല്ലാം മുഴുക്കെ സമയവും ധ്യാനിക്കാൻ പറ്റുമോ? ഒക്കുകയില്ല. ചിന്തകൾ എന്തായാലും മനസ്സിൽ കടന്നു വരും. കർമ്മം ചെയ്താലും ഇല്ലെങ്കിലും ചിന്തകൾ ഉണ്ടാകും. എന്നാൽ, ആ ചിന്തകളെ നേർവഴിക്കു തിരിച്ചുവിട്ടു്, കൈകാലുകൾകൊണ്ടു കർമ്മം ചെയ്തു്, ജനങ്ങൾക്കു് ഉപകാരപ്രദമാക്കുന്നതാണോ തെറ്റു്?
(തുടരും…… )