ചോദ്യം : ആത്മസ്വരൂപം അമ്മയുടെ അനുഭവമാണല്ലോ? പിന്നെ എന്തിനാണു് അമ്മ പ്രാർത്ഥിക്കുന്നതു്? അമ്മയ്ക്കു സാധനയുടെ ആവശ്യമെന്താണു്?

അമ്മ: അമ്മ ശരീരം ധരിച്ചിരിക്കുന്നതു ലോകത്തിനുവേണ്ടിയാണു്; എനിക്കു വേണ്ടിയല്ല, അമ്മ ഈ ലോകത്തേക്കുവന്നതു്, ‘ഞാനൊരു അവതാരമാണു്’ എന്നും പറഞ്ഞു വെറുതെയിരിക്കാനല്ല. വെറുതെയിരിക്കണമെങ്കിൽ ജന്മമെടുക്കേണ്ട കാര്യമില്ലല്ലോ? ജനങ്ങൾക്കു മാർഗ്ഗദർശനം നല്കുക എന്നതാണു് അമ്മയുടെ ഉദ്ദേശ്യം. ലോകത്തെ ഉദ്ധരിക്കുവാനുള്ള മാർഗ്ഗം കാട്ടിക്കൊടുക്കാനാണു് അമ്മ വന്നതു്.

ചെവി കേൾക്കാത്തവരും നാക്കെടുക്കാത്തവരും മുന്നിൽ വന്നാൽ, നമ്മളും അവരോടു കൈകൊണ്ടു് ആംഗ്യം കാട്ടി വേണ്ട കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ശ്രമിക്കില്ലേ. എനിക്കു ചെവികേൾക്കാമല്ലോ പിന്നെ എന്തിനു ഞാൻ കൈക്രിയ കാട്ടണം എന്നു വിചാരിച്ചാൽ ചെവികേൾക്കാത്തവനു് ഒന്നും മനസ്സിലാക്കുവാൻ കഴിയില്ല. എന്തു പറഞ്ഞാലും അവർക്കു് ഈ ആംഗ്യം ആവശ്യംതന്നെയാണു്. അതുപോലെ, താനാരാണെന്നു് അറിയാതെ കഴിയുന്നവരെ ഉദ്ധരിക്കണമെങ്കിൽ അവരുടെ തലത്തിലേക്കിറങ്ങിച്ചെല്ലുകതന്നെ വേണം. അവരുടെ മുന്നിൽ ജീവിച്ചു കാട്ടിക്കൊടുക്കണം. അവർക്കു കീർത്തനവും ധ്യാനവും സേവനവും എല്ലാം ആവശ്യമാണു്. അവരെ ഉദ്ധരിക്കുവാൻ അമ്മ അനേകം വേഷങ്ങൾ സ്വീകരിക്കുന്നു. ഈ വേഷങ്ങളെല്ലാം ലോകത്തിനു വേണ്ടിയാണു്. ആശ്രമത്തിൽ വിമാനത്തിലും ട്രെയിനിലും കാറിലും ബസ്സിലും ബോട്ടിലും ആളുകൾ വരാറുണ്ടു്. പക്ഷേ, ”നീ ഏതു വാഹനത്തിലാണു വന്നതെന്നു്” അമ്മ ചോദിക്കാറില്ല. ”വിമാനത്തിലേ ഇവിടെ വരാവുള്ളൂ” എന്നു് ആവശ്യപ്പെടാറില്ല. ഓരോരുത്തരും അവരുടെ കഴിവനുസരിച്ചുള്ള വഴി കണ്ടെത്തുന്നു. അതു പോലെ ആത്മസ്വരൂപത്തെ അറിയുവാനും അനേകം മാർഗ്ഗങ്ങളുണ്ടു്. ഓരോരുത്തരുടെയും സംസ്‌കാരത്തിനനുസരിച്ചുള്ള മാർഗ്ഗമാണു് അമ്മ നിർദ്ദേശിക്കുന്നതു്.

കണക്കിനു മിടുക്കുള്ളവർ വേണം കോളേജിൽ ഫസ്റ്റ്ഗ്രൂപ്പ് എടുക്കേണ്ടതു്. കാരണം, മറ്റുള്ളവരെക്കാൾ വേഗത്തിൽ അതവർക്കു പഠിക്കുവാൻ കഴിയും. അതിൽ വേഗം മുന്നേറുവാൻ സാധിക്കും. ശാസ്ത്രഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കാൻ വേണ്ടത്ര ബുദ്ധിയുള്ളവർക്കു്, ബുദ്ധിതലത്തിൽ ‘നേതി നേതി’ എന്നു മനനം ചെയ്തു മുന്നോട്ടു പോകാൻ കഴിഞ്ഞെന്നിരിക്കും. ശാസ്ത്രപഠനവും സൂക്ഷ്മബുദ്ധിയുമുള്ളവർക്കേ ഇതിനു കഴിയൂ. സാധാരണക്കാരായ ജനങ്ങൾക്കു് ഇതു സാധിച്ചെന്നു വരില്ല. ആദ്യമായി ആശ്രമത്തിൽ വരുന്നവർ, ചിലപ്പോൾ ആദ്ധ്യാത്മികത എന്തെന്നുകൂടി കേട്ടിട്ടുണ്ടാവില്ല. ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ എന്തു ചെയ്യും? ഗീത പോലുള്ള ഗ്രന്ഥങ്ങൾ മനസ്സിലാക്കണമെങ്കിലും കുറച്ചു വിദ്യാഭ്യാസം വേണം. അല്ലെങ്കിൽ നിരന്തര സത്സംഗം വേണം. ഇതൊന്നുമില്ലാത്തവർക്കും മുന്നോട്ടു പോകണ്ടേ? വേണ്ടത്ര വിവേകബുദ്ധിയുള്ളവർക്കേ ‘നേതി നേതി’ മാർഗ്ഗത്തിലൂടെ പോകാൻ കഴിയുകയുള്ളൂ. ശാസ്ത്രം പഠിച്ചവർക്കേ ഓരോ സാഹചര്യത്തിലും ശാസ്ത്ര വാക്കെടുത്തു മനനം ചെയ്യാൻ കഴിയൂ. വളരെ ചുരുക്കം പേർക്കേ ഇതിനു സാധിച്ചു എന്നു വരികയുള്ളൂ. ബാക്കിയുള്ളവരെ തള്ളാനൊക്കുമോ! അവരെയും ഉദ്ധരിക്കണ്ടേ? ഓരോരുത്തരും ഏതു തലത്തിൽ നില്ക്കുന്നു എന്നു മനസ്സിലാക്കി അവരുടെ തലത്തിലേക്കിറങ്ങിച്ചെന്നു വേണം അവരെ ഉദ്ധരിക്കുവാൻ.

ഇവിടെ പുസ്തകം വായിക്കാൻ അറിയാത്തവർ വരാറുണ്ടു്. വായിക്കാനറിയാമെങ്കിലും പുസ്തകം വാങ്ങാൻ പണമില്ലാത്ത സാധുക്കളായ മക്കളും വരാറുണ്ടു്. അല്പസ്വല്പം മാത്രം വായിച്ചറിവുള്ളവരും വരാറുണ്ടു്. പലതും വായിച്ചു മനസ്സിലാക്കിയെങ്കിൽ കൂടി, അവ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയാത്തവരും വരാറുണ്ടു്. ഓരോരുത്തരും വളർന്നുവന്ന സംസ്‌കാരത്തിനനുസരിച്ചു് അവരെ നയിക്കണം. ‘ബ്രഹ്മം’ എന്നതു വാക്കാൽ പറയേണ്ടതല്ല. അതു് അനുഭവമാണു്, ജീവിതമാണു്. തന്നെപ്പോലെത്തന്നെ മറ്റുള്ളവരെയും കാണാൻ കഴിയുന്ന അവസ്ഥയാണതു്. അതു സ്വാഭാവികമായിത്തീരണം. പൂവെന്നു ചിന്തിക്കുന്നതിനേക്കാൾ പൂവായിത്തീരുകയാണു വേണ്ടതു്. നമ്മളെല്ലാം പൂവായിത്തീരാനാണു ശ്രമിക്കേണ്ടതു്. അതു ജീവിതമാക്കുവാൻ നമുക്കു കഴിയണം. പഠനം അതിനു വേണ്ടിയായിരിക്കണം. കാണാതെ പഠിക്കുവാനല്ല പ്രയാസം, പഠിച്ചതു പ്രവൃത്തിയിൽ കൊണ്ടുവരാനാണു്. പണ്ടുള്ള മഹാത്മാക്കൾ ജീവിച്ചുകാണിച്ച കാര്യങ്ങൾ ഇന്നുള്ളവർ, മനഃപാഠം പഠിച്ചിട്ടു തർക്കിച്ചു നടക്കുന്നു. പൂജയും പ്രാർത്ഥനയുമെല്ലാം ബ്രഹ്മത്തിന്റെ ഓരോ മുഖംതന്നെയാണു്.